ദില്ലി: ഇന്ത്യയുടെ മുഴുവന്‍ ഉള്ളുലച്ചതായിരുന്നു ആ കരച്ചില്‍. ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എ.എസ്.ഐ. അബ്ദുള്‍ റഷീദിന്റെ മകള്‍ സോറ അച്ഛന്റെ മൃതദേഹത്തിന് മുമ്പില്‍ നിന്ന് പൊട്ടിക്കരയുന്ന ചിത്രംകണ്ട് കണ്ണീര്‍ പൊടിയാത്തവരാരായി ആരുമുണ്ടാവില്ല. എന്നാല്‍ അവള്‍ക്കുവേണ്ടി പൊഴിച്ച ഒരു തുള്ളി കണ്ണീരനപ്പുറം അവളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന വലിയ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. സോറയുടെ പഠനച്ചെലവ് മുഴുവന്‍ താന്‍ ഏറ്റെടുക്കുന്നുവെന്ന് ഗംഭീര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
'സൊഹ്റ... ഒരു താരാട്ട് പാടി നിന്നെ ഉറക്കാന്‍ എനിക്കാവില്ല. പക്ഷേ, നിന്നെ നിന്റെ സ്വപ്‌നങ്ങളിലേയ്ക്ക് ഞാനുണര്‍ത്തും. ജീവിതകാലം മുഴുവന്‍ നിന്റെ പഠനച്ചെലവ് ഞാന്‍ വഹിക്കും. സൊഹ്റ... നിന്റെ കദനഭാരം താങ്ങാന്‍ ഭൂമിക്ക് ശേഷിയില്ല. അതുകൊണ്ട് ആ കണ്ണുനീര്‍ തുള്ളികള്‍ മണ്ണില്‍ വീഴരുത്. രക്തസാക്ഷിത്വം വഹിച്ച നിന്റെ അച്ഛന്‍ എ.എസ്.ഐ. അബ്ദുള്‍ റഷീദിന് എന്റെ അഭിവാദ്യങ്ങള്‍'-കരയുന്ന സൊഹ്റയുടെ ചിത്രത്തിനൊപ്പമിട്ട ട്വീറ്റില്‍ ഗംഭീര്‍ കുറിച്ചു.
നേരത്തെ ചത്തീസ്ഗഢില്‍ മാവോവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സി.ആര്‍.പി.എഫ് ഭടന്മാരുടെ മക്കളുടെ പഠനച്ചെലവും ഗംഭീര്‍ ഏറ്റെടുത്തിരുന്നു. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ വഴിയാണ് ഗംഭീര്‍ ഇവരുടെ പഠനച്ചെലവിന് മേല്‍നോട്ടം വഹിക്കുന്നത്.
