ഡീപ്‌സീക്ക് ചൈനയുടെ സൈനിക, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതായി അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥന്‍

വാഷിംഗ്‌ടണ്‍: ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഡീപ്‌സീക്ക് ചൈനയുടെ സൈനിക, രഹസ്യാന്വേഷണ വിഭാഗങ്ങളെ സഹായിക്കുന്നതായി അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡീപ്‌സീക്ക് ചൈനീസ് സര്‍ക്കാരിന് കൈമാറുന്നതായാണ് ആരോപണം. ഡീപ്‌സീക്കിന്‍റെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആശങ്കയിലാഴ്‌ത്തുന്ന കാര്യമാണിത്. യുഎസില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രണങ്ങള്‍ മറികടക്കാന്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഷെല്‍ കമ്പനികള്‍ വഴി അത്യാധുനിക സെമികണ്ടക്‌ടറുകള്‍ ഡീപ്‌സീക്ക് സ്വന്തമാക്കുന്നതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് അമേരിക്കന്‍ കുത്തകളെ 2025 ജനുവരിയില്‍ വിറപ്പിച്ച ചൈനീസ് സ്റ്റാര്‍ട്ടപ്പാണ് ഡീപ്‌സീക്ക്. 2023ലാണ് ഡീപ്‌സീക്ക് സ്ഥാപിച്ചത്. ചൈനീസ് ഹെഡ്‌ജ് ഫണ്ടായ ഹൈ ഫ്ലയർ ആണ് കമ്പനിയുടെ ബുദ്ധികേന്ദ്രം. ലിയാംഗ് വെൻഫെങ്കാണ് സിഇഒ. ഇവരുടെ ആദ്യ ലാർജ് ലാംഗ്വേജ് മോഡൽ പുറത്തിറങ്ങിയത് 2023 നവംബറിലായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഡീപ്‌സീക്ക് അവതരിപ്പിച്ച 'ഡീപ്‌സീക്ക് ആ‌ർ1' എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍ ഓപ്പണ്‍എഐയുടെ ചാറ്റ്‌ജിപിടി ഓ1-നോട് പോലും കിടപിടിക്കുന്ന ചാറ്റ്‌ബോട്ടായിരുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ ഡീപ്‌സീക്ക് വികസിപ്പിച്ചതെന്ന് അവകാശപ്പെടുന്ന ഡീപ്‌സീക്ക് ആര്‍1 ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ്‌ജിപിടിയെ പിന്നിലാക്കുകയും ചെയ്തു. മാത്രമല്ല, യുഎസ് ചിപ്പ്, ഗ്രാഫിക്സ് പ്രൊസസര്‍ നിര്‍മാണ ഭീമനായ എൻവിഡിയയുടെ ഓഹരിമൂല്യം പോലും ഇടിച്ചുതാഴ്ത്താൻ ഡീപ്‌സീക്കിനായി.

ഡീപ്‌സീക്കിന്‍റെ ആര്‍1 മോഡല്‍ വലിയ തരംഗമായതിന് പിന്നാലെ കമ്പനിക്കെതിരെ ചോര്‍ത്തല്‍/കോപ്പിയടി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചാറ്റ്‌ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയുടെ അതേ സാങ്കേതികവിദ്യ തന്നെയാണ് ഡീപ്സീക്ക് ഉപയോഗിക്കുന്നത് എന്നായിരുന്നു ആരോപണം. ഡാറ്റാ ലീക്ക് ആരോപണം ബലപ്പെടുത്തുന്ന രീതിയിലുള്ളതാണ് യുഎസ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഇപ്പോള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത. ചൈനീസ് സൈന്യത്തിനും രഹസ്യാന്വേഷണ വിഭാഗത്തിനും വിവരങ്ങള്‍ ഡീപ്‌സീക്ക് നല്‍കിയിട്ടുണ്ട്, അതിപ്പോഴും തുടരുന്നതായാണ് വിവരം എന്നാണ് യുഎസ് ഉന്നതന്‍റെ വാക്കുകളായി റോയിട്ടേഴ്‌സ് പുറത്തുവിട്ടത്. ഉപഭോക്താക്കളുടെ വിവരങ്ങളും കണക്കുകളും ഡീപ്‌സീക്ക് ബെയ്‌ജിങിന് നല്‍കുന്നതായി ഇതില്‍ വിശദീകരിക്കുന്നു.

മറ്റൊരു ആരോപണം കൂടി ഡീപ്‌സീക്കിനെതിരെ ഉയര്‍ന്നിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഷെല്‍ കമ്പനികള്‍ വഴി സെമികണ്ടക്‌ടറുകള്‍ നിയമവിരുദ്ധമായി ഡീപ്‌സീക്ക് സ്വന്തമാക്കുന്നതായാണ് ഇത്. ചൈനീസ് കമ്പനികള്‍ക്ക് നല്‍കരുത് എന്ന് എന്‍വിഡിയയോട് അമേരിക്ക നിര്‍ദേശിച്ചിട്ടുള്ള അത്യാധുനിക H100 ചിപ്പുകള്‍ ഡീപ്‌സീക്ക് ഉപയോഗിച്ചുവരുന്നതായി നേരത്തെ സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഡീപ്‌സീക്കിന്‍റെ പക്കല്‍ എത്ര H100 ചിപ്പുകൾ ഉണ്ടെന്ന് റോയിട്ടേഴ്‌സിന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. എന്നാല്‍ എൻവിഡിയയുടെ എച്ച്800 ചിപ്പുകളിലാണ് എഐ മോഡലിനെ പരിശീലിപ്പിച്ചതെന്നാണ് ഡീപ്‌സീക്കിന്‍റെ അവകാശവാദം. മാത്രമല്ല, കുറഞ്ഞ മുതല്‍മുടക്കില്‍ തയ്യാറാക്കിയത് എന്ന് ഡീപ്‌സീക്ക് അവകാശപ്പെടുന്ന ആ‌ർ1 എല്‍എല്‍എമ്മിന് യഥാര്‍ഥ ചിലവ് അതിലുമേറെയാണ് എന്ന വിലയിരുത്തലുകളുമുണ്ട്.

Asianet News Live | Iran Israel Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News