'സുരക്ഷിതമെന്ന് കരുതിയിരുന്ന പല ജോലികളും അപ്രത്യക്ഷമാകും, പല ഓഫീസുകളും അടച്ചുപൂട്ടും'

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) വരും ഭാവിയില്‍ തന്നെ മധ്യവര്‍ഗ ജീവിതം തകര്‍ക്കുമെന്ന് ഗൂഗിള്‍ എക്സ് മുന്‍ ചീഫ് ബിസിനസ് ഓഫീസറായ മോ ഗൗഡത്ത്. 2027-ന്‍റെ ആരംഭം മുതല്‍ എഐ കേന്ദ്രീകൃതമായ ഓട്ടോമേഷന്‍ വിവിധ മേഖലകളില്‍ വലിയ ചലനം സൃഷ്‌ടിക്കുമെന്നും സുരക്ഷിതമെന്ന് നാളിതുവരെ കരുതിയിരുന്ന പല ജോലികളും ഓഫീസുകളും അപ്രത്യക്ഷമാകുമെന്നും അദേഹം ഒരു പോഡ്‌കാസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി.

വരുംകാലത്ത് ഒരു ജോലിയും സുരക്ഷിതമല്ലെന്നാണ് ഗൂഗിള്‍ എക്സ് മുന്‍ ചീഫ് ബിസിനസ് ഓഫീസറായ മോ ഗൗഡത്ത് പറയുന്നത്. എഐ വിപ്ലവും എക്കാലത്തെയും വലിയ തൊഴില്‍ നഷ്‌ടത്തിന് വഴിവെക്കും. പോഡ്‌കാസ്റ്റര്‍ പോലും റീപ്ലേസ് ചെയ്യപ്പെടാന്‍ പോവുകയാണ് എന്നാണ്, തന്‍റെ സ്വന്തം എഐ അധിഷ്‌ഠിത റിലേഷന്‍ഷിപ്പ് സ്റ്റാര്‍ട്ടപ്പായ Emma.love-നെ ചൂണ്ടിക്കാണിച്ചുകൊണ്ട് മോ ഗൗഡത്തിന്‍റെ പ്രവചനം. 350 ഡവലപ്പര്‍മാരെ കൊണ്ട് ചെയ്യിപ്പിക്കേണ്ട ജോലിയാണ് വെറും മൂന്ന് പേര്‍ എമ്മാലൗവില്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി. ജോലികളില്‍ മാത്രമല്ല എഐയുടെ പ്രതിഫലനം സമൂഹത്തിലുമുണ്ടാകും. എഐ വികാസം തുടരുന്നതോടെ മിഡില്‍ ക്ലാസ് (മധ്യവര്‍ഗം) സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമാകും എന്ന അതിശയകരമായ പ്രവചനവും മോ ഗൗഡത്ത് നടത്തുന്നു.

2040-ഓടെ ലോകം മറ്റൊരു യുഗത്തിലേക്ക് പ്രവേശിക്കുമെന്നുള്ള മോ ഗൗഡത്തിന്‍റെ നിരീക്ഷണം ശ്രദ്ധേയമാണ്. ആളുകള്‍ ജോലിയില്‍ നിന്ന് മോചിതരായി സര്‍ഗാത്മകയിലും കമ്മ്യൂണിറ്റിയിലും സ്നേഹത്തിലും വ്യാപൃതരാവുന്ന കാലമുണ്ടാകും എന്നാണ് മോയുടെ വാക്കുകള്‍. എഐ ധാര്‍മ്മികവും ആഗോളതലത്തില്‍ അടിസ്ഥാന വരുമാനം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയില്‍ വികസിപ്പിക്കാന്‍ സര്‍ക്കാരുകളും കോര്‍പ്പറേഷനുകളും തയ്യാറാകണമെന്നും അദേഹം ഓര്‍മ്മിപ്പിക്കുന്നു. എഐ രംഗം ഭാവിയില്‍ എങ്ങനെയാകണമെന്ന് നമുക്ക് ഇപ്പോള്‍ തീരുമാനിക്കാനാകുമെന്നും മോ ഗൗഡത്ത് വ്യക്തമാക്കി. 2018 വരെ ഗൂഗിള്‍ എക്‌സിന്‍റെ ചീഫ് ബിസിനസ് ഓഫീസറായിരുന്നു മോ ഗൗഡത്ത് നിരവധി പുസ്‌തകങ്ങളുടെ രചയിതാവ് കൂടിയാണ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News