ഗൂഗിൾ മാപ്‌സ് ഇന്ത്യയിൽ പുതിയ എയർ ക്വാളിറ്റി ഇൻഡക്‌സ് ഫീച്ചർ അവതരിപ്പിച്ചു. ഈ ഫീച്ചർ തത്സമയ മലിനീകരണ വിവരങ്ങൾ നൽകുന്നു. യാത്രകൾ പ്ലാൻ ചെയ്യാനും പുറത്തിറങ്ങുന്നത് സുരക്ഷിതമാണോ എന്ന് തീരുമാനിക്കാനും ഉപയോക്താക്കളെ സഹായിക്കുന്നു.
അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്‌സ്. എയർ ക്വാളിറ്റി ഇൻഡക്‌സ് ഫീച്ചർ ആണ് ഗൂഗിൾ മാപ്‍സ് ചേർത്തിരിക്കുന്നത്. ഇത് ആളുകൾക്ക് അവരുടെ ഔട്ട്ഡോർ യാത്ര സംബന്ധിച്ചും മറ്റും മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന തത്സമയ മലിനീകരണ വിവരങ്ങൾ നൽകുന്നു. അതായത് നിങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്യുകയാണെങ്കിലോ നടക്കാനോ വ്യായാമം ചെയ്യാനോ പകൽ സമയം ചെലവഴിക്കാനോ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, ഇപ്പോൾ ഗൂഗിൾ മാപ്‍സിൽ ഏത് സ്ഥലത്തിന്റെയും വായുവിന്റെ ഗുണനിലവാരം (എയർ ക്വാളിറ്റി ഇൻഡക്സ്) പരിശോധിക്കാം. നിങ്ങൾ സന്ദർശിക്കുന്ന പ്രദേശത്തെ വായു ശുദ്ധമാണോ മലിനമാണോ എന്ന് ഈ സവിശേഷത നിങ്ങളെ അറിയിക്കുന്നു.
വായുവിന്‍റെ ഗുണനിലവാരം പരിശോധിക്കണം, എന്തുകൊണ്ട്?
ശൈത്യകാലത്ത് പല നഗരങ്ങളിലും മലിനീകരണ തോത് ഉയരും. അത്തരമൊരു സാഹചര്യത്തിൽ, മുൻകൂട്ടി വിവരങ്ങൾ ഇല്ലാതെ പുറത്തിറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരമാകും. ഈ പ്രശ്‍നം പരിഹരിക്കുന്നതിനാണ് ഗൂഗിൾ എക്യുഐ ഫീച്ചർ അവതരിപ്പിച്ചത്. ഇപ്പോൾ, നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏത് സ്ഥലത്തിന്റെയും തത്സമയ വായുവിന്റെ ഗുണനിലവാരം നിങ്ങൾക്ക് കാണാൻ കഴിയും. പുറത്ത് പോകുന്നത് സുരക്ഷിതമാണോ എന്ന് മുൻകൂട്ടി തീരുമാനിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
ലളിതമായ കളർ-കോഡിംഗ് സംവിധാനത്തിലൂടെ വായുവിന്റെ ഗുണനിലവാര അളവുകൾ കാണിക്കുന്ന ഈ സവിശേഷത ഗൂഗിൾ മാപ്‌സിന്റെ മൊബൈൽ ആപ്പിലും ഡെസ്‌ക്‌ടോപ്പ് പതിപ്പിലും ലഭ്യമാണ്. നല്ല വായുവിന്റെ ഗുണനിലവാരം സൂചിപ്പിക്കുന്ന പച്ച മുതൽ, കടുത്ത മലിനീകരണത്തെ സൂചിപ്പിക്കുന്ന കടും ചുവപ്പ് വരെ വിവിധ മുന്നറിയിപ്പ് ലെവലുകൾ ഈ സ്കെയിൽ രേഖപ്പെടുത്തും. പുറത്ത് വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ, മാസ്‌ക് ധരിക്കണോ എന്നൊക്കെ വേഗത്തിൽ പരിശോധിക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു.
ഗൂഗിൾ മാപ്പിൽ വായുവിന്റെ ഗുണനിലവാരം എങ്ങനെ പരിശോധിക്കാം?
ഗൂഗിൾ മാപ്പിൽ വായുവിന്റെ ഗുണനിലവാരം പരിശോധിക്കാൻ, ആദ്യം ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുക. തുടർന്ന് സെർച്ചിംഗ് ബാറിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന നഗരത്തിന്റെയോ സ്ഥലത്തിന്റെയോ പേര് ടൈപ്പ് ചെയ്യുക. നിങ്ങളുടെ നിലവിലെ ലൊക്കേഷനിൽ സൂം ഇൻ ചെയ്യാനും കഴിയും. മാപ്പ് തുറക്കുമ്പോൾ, സ്ക്രീനിന്റെ വലതുവശത്തുള്ള ലെയേഴ്സ് ഐക്കണിൽ ടാപ്പ് ചെയ്യുക. വ്യത്യസ്‍ത പ്രദേശങ്ങൾക്കായുള്ള എക്യുഐ ഡാറ്റ ഇപ്പോൾ മാപ്പിൽ ദൃശ്യമാകും. ഏതെങ്കിലും പ്രദേശം അല്ലെങ്കിൽ പിൻ നമ്പർ ടാപ്പ് ചെയ്യുക. പ്രദേശത്തിന്റെ എക്യു സ്കോർ, മലിനീകരണ തരം തുടങ്ങിയവ നിങ്ങൾക്ക് ഇവിടെ കാണാം.
എക്യുഐ കളർ സ്കെയിൽ എന്താണ് അർത്ഥമാക്കുന്നത്?
ഗൂഗിൾ മാപ്‌സിൽ എക്യുഐ പൂജ്യത്തിനും 500 നും ഇടയിൽ പ്രദർശിപ്പിക്കുന്നു. 0-50 എന്നത് നല്ല വായു നിലവാരം, 51-100 തൃപ്‍തികരം, 101-200 മിതമായത്, 201-300 മോശം, 301-400 വളരെ മോശം, 401-500 ഗുരുതരം എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നത്. എക്യുഐ ഡാറ്റ ഓരോ മണിക്കൂറിലും അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. ഈ സവിശേഷത ലോകമെമ്പാടും പ്രവർത്തിക്കുന്നു, ഏത് നഗരത്തിലെയും വായു നിലവാരം പരിശോധിക്കാനും ആവശ്യമെങ്കിൽ മാസ്‍ക് ധരിക്കണോ അതോ വീടിനുള്ളിൽ തന്നെ തുടരണോ എന്ന് തീരുമാനിക്കാനും ഇത് നിങ്ങളെ അനുവദിക്കുന്നു.
