പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ, 'അലക്‌സ ഫോർ ഷോപ്പിംഗ്' എന്ന പേരിൽ പുതിയ എഐ അധിഷ്ഠിത ഷോപ്പിംഗ് അസിസ്റ്റൻ്റ് അവതരിപ്പിച്ചു. ഉപയോക്താക്കളുടെ ഷോപ്പിംഗ് ശീലങ്ങൾക്കനുസരിച്ച് ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യുകയും വാങ്ങൽ പ്രക്രിയ ലളിതമാക്കുകയും ചെയ്യുന്ന ഈ ഫീച്ചർ, റൂഫസ്, അലക്‌സ പ്ലസ് എന്നിവയുടെ കഴിവുകൾ സംയോജിപ്പിക്കുന്നു. 

തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് അനുഭവത്തെ കൂടുതൽ വ്യക്തിഗതവും ക്രിയാത്മകവും ലളിതവും ആക്കുന്നതിനായി പുതിയ കൃത്രിമ ബുദ്ധി (AI) അധിഷ്‍ഠിത ഷോപ്പിംഗ് അസിസ്റ്റന്‍റ് ഫീച്ചർ അവതരിപ്പിച്ച് ജനപ്രിയ ഇ കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോൺ. അലക്‌സ ഫോർ ഷോപ്പിംഗ് (Alexa for Shopping) എന്ന പേരിലുള്ള ഈ പുതിയ എഐ ഫീച്ചർ ഉപയോക്താക്കളുടെ ഷോപ്പിംഗ് ശീലങ്ങൾ, മുൻഗണനകൾ, വാങ്ങൽ ഹിസ്റ്ററി എന്നിവ അടിസ്ഥാനമാക്കി ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യുകയും വാങ്ങൽ പ്രക്രിയ ലളിതമാക്കുകയും ചെയ്യുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇതുവരെ ലഭ്യമായിരുന്ന ആമസോണിന്‍റെ റൂഫസ് (Rufus) എന്ന എഐ ടൂളിന്‍റെയും അലക്‌സ പ്ലസി (Alexa+)ന്‍റെയും ശേഷികൾ ഒരുമിപ്പിച്ചാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉപഭോക്താവിന് കൂടുതൽ സമഗ്രവും സ്വാഭാവികവുമായ ഷോപ്പിംഗ് അനുഭവം നൽകുക എന്നതാണ് ലക്ഷ്യം. നിലവിൽ ഈ സേവനം അമേരിക്കയിലെ ഉപയോക്താക്കൾക്ക് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ആമസോൺ ഷോപ്പിംഗ് ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് തുടങ്ങിയവ വഴി ഇത് ഉപയോഗിക്കാം. ഈ സേവനം ഉപയോഗിക്കാൻ പ്രൈം അംഗത്വമോ ഇക്കോ ഡിവൈസോ നിർബന്ധമല്ല എന്നതും ശ്രദ്ധേയമാണ്.

പുതിയ അലക്‌സ ഫോർ ഷോപ്പിംഗ് ഉപയോക്താക്കൾക്ക് സ്വാഭാവിക ഭാഷയിൽ തന്നെ ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കുന്നു. ഉദാഹരണത്തിന്, “കോളേജ് വിദ്യാർഥികൾക്ക് ഏറ്റവും മികച്ച ലാപ്ടോപ്പ് ഏതാണ്?” അല്ലെങ്കിൽ “ഞാൻ അവസാനമായി AA ബാറ്ററി എപ്പോഴാണ് ഓർഡർ ചെയ്തത്?” പോലുള്ള ചോദ്യങ്ങൾക്ക് എഐ നേരിട്ട് മറുപടി നൽകും. ഇത് ഉൽപ്പന്നങ്ങളെ തമ്മിൽ താരതമ്യം ചെയ്യാനും പ്രൈസ് ഹിസ്റ്ററി പരിശോധിക്കാനും ഉൽപ്പന്ന വിഭാഗങ്ങളുടെ സമ്മറി നൽകാനും കഴിയും. കൂടാതെ, സാധാരണയായി ആവർത്തിക്കുന്ന വാങ്ങലുകൾ ഓട്ടോമാറ്റിക് ആയി കാർട്ടിൽ ചേർക്കാനും വില കുറയുമ്പോൾ അറിയിപ്പുകൾ നൽകാനും ഈ ഫീച്ചർ സഹായിക്കും.

അമസോൺ ഷോപ്പ് ഡയറക്റ്റ് ഫീച്ചർ വഴി മറ്റ് റീട്ടെയിലർമാരിൽ നിന്നുള്ള ഉൽപ്പന്നങ്ങളും കണ്ടെത്താൻ സഹായിക്കുന്നു. ബൈ ഫോർ മി എന്ന ഫീച്ചർ ഉപയോക്താവിന്‍റ് പേയ്മെന്‍റ്, ഡെലിവറി വിവരങ്ങൾ ഉപയോഗിച്ച് സ്വയം വാങ്ങൽ പൂർത്തിയാക്കാനും കഴിയും. കൂടാതെ, ഉപയോക്താവിന്‍റെ ഷോപ്പിംഗ് പെരുമാറ്റം മനസിലാക്കി കൂടുതൽ വ്യക്തിഗത ശുപാർശകൾ നൽകാനും, മാസാന്ത്യ ഗ്രോസറി ഓർമ്മിപ്പിക്കൽ, ഡീൽ ട്രാക്കിംഗ്, പുതിയ പുസ്തകങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ എന്നിവ നൽകാനും ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നു.

ആമസോണിന്‍റെ ഈ പുതിയ നീക്കം ഓൺലൈൻ ഷോപ്പിംഗിനെ ഒരു സാധാരണ തിരച്ചിലിൽ നിന്ന് ഒരു ഇന്‍റലിജന്‍റായ സഹായ സംവിധാനത്തിലേക്ക് മാറ്റുന്ന വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News