വോഡാഫോൺ ഐഡിയ (വി) തങ്ങളുടെ 5ജി സേവനം ഹൈദരാബാദിൽ അവതരിപ്പിച്ചു. നഗരത്തിലെ ഉയർന്ന ഡാറ്റാ ആവശ്യകതയും ഐടി ഹബ്ബ് എന്ന നിലയിലുള്ള പ്രാധാന്യവും കണക്കിലെടുത്താണ് ഈ നീക്കം. ഇതോടെ ഉപഭോക്താക്കൾക്ക് വേഗതയേറിയ ബ്രോഡ്‌ബാൻഡ് സേവനവും മികച്ച കണക്റ്റിവിറ്റിയും ലഭിക്കും.
ഹൈദരാബാദ്: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒരാളായ വോഡോഫോണ്‍ ഐഡിയ (വി) 5ജി സേവനം മറ്റൊരു നഗരത്തില്‍ക്കൂടി വ്യാപിപ്പിച്ചു. ഹൈദരാബാദിലാണ് ഏറ്റവും ഒടുവിലായി വി 5ജി എത്തിയത്. തിരുപ്പതിയിലും വിശാഖപട്ടണത്തും 5ജി അവതരിപ്പിച്ചതിന് ശേഷമാണ് സേവനം ഹൈദരാബാദിലേക്ക് കൂടി നീട്ടിയത്. ഐടി നഗരമാണ് എന്നതാണ് ഹൈദരാബാദിലേക്ക് കൂടി വേഗത്തില്‍ 5ജി സേവനം വ്യാപിപ്പിക്കാന്‍ വിയെ പ്രേരിപ്പിച്ച ഘടകം.

ഹൈദരാബാദ് നഗരത്തിന്‍റെ വലിയ ഡാറ്റാ ആവശ്യകതയും ഉപയോഗവും പരിഗണിച്ചാണ് 5ജി സേവനം പ്രധാനപ്പെട്ട ഇടങ്ങളില്‍ നടപ്പിലാക്കുന്നതെന്ന് വി അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. 'ആഗോള ടെക് ഭീമന്മാരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഹബ്ബായതിനാല്‍ ഹൈദരാബാദിൽ വി 5ജി ആരംഭിക്കുന്നത് ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ, ഉയർന്ന ഡാറ്റാ ഉപഭോഗ രീതികള്‍ ഹൈദരാബാദില്‍ അടുത്ത തലമുറ കണക്റ്റിവിറ്റി ആവശ്യകതയുണ്ടാക്കുന്നു. ഘട്ടം ഘട്ടമായി ഞങ്ങളുടെ 5ജി സേവനം വികസിപ്പിക്കുന്നതിനും, ഉപയോക്താക്കളുടെ വളരുന്ന ആവശ്യകതകൾക്കനുസരിച്ച് മെച്ചപ്പെടുത്തിയ നെറ്റ്‌വർക്ക് അനുഭവങ്ങൾ നൽകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും വി അറിയിച്ചു.
ഹൈദരബാദിലെ ഐടി കോറിഡോറുകളിലും ജനവാസ മേഖലകളിലും ഇത് ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 5ജി സേവനം എത്തിയതോടെ വോഡാഫോൺ ഐഡിയ ഉപഭോക്താക്കള്‍ക്ക് വേഗതയാര്‍ന്ന ബ്രോഡ്‌ബാന്‍ഡ് സേവനവും കുറഞ്ഞ ലാറ്റന്‍സിയും ഇടവേളകളില്ലാത്ത കണക്റ്റിവിറ്റിയും ലഭിക്കും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവയ്‌ക്ക് പിന്നിലാണ് 5ജി സേവനത്തില്‍ വോഡാഫോണ്‍ ഐഡിയയുടെ സ്ഥാനം. അതേസമയം, പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്‍റെ 5ജി സേവനം രാജ്യവ്യാപകമായി ലഭ്യമാകുന്നതിനായി ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.



