ഐഫോണുകള്‍ക്കായുള്ള ചിപ്പുകള്‍ നിര്‍മ്മിക്കാന്‍ ആപ്പിള്‍ ഇന്‍റലുമായി ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. എഐ ആവശ്യകതകള്‍ വര്‍ധിച്ചതോടെ നിലവിലെ പ്രധാന ചിപ്പ് നിര്‍മ്മാണ പങ്കാളിയായ ടിഎസ്എംസിക്ക് ആവശ്യത്തിന് ചിപ്പുകള്‍ നല്‍കാന്‍ കഴിയാത്തതാണ് ഇതിന് കാരണം. .

കാലിഫോര്‍ണിയ: ഐഫോണുകള്‍ക്കായുള്ള ചിപ്പുകള്‍ നിര്‍മ്മിക്കാന്‍ ആപ്പിള്‍ കമ്പനി ഇന്‍റലിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. ടിഎസ്എംസി ആണ് ആപ്പിളിന്‍റെ പ്രധാന ചിപ്പ് നിര്‍മ്മാണ പങ്കാളിയെങ്കിലും എഐ ആവശ്യകതകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ആവശ്യമുള്ളയത്ര ചിപ്പുകള്‍ നല്‍കാന്‍ ടിഎസ്എംസിക്ക് കഴിയാതെ വരുന്നതാണ് ഇന്‍റലിനെ ദൗത്യമേല്‍പിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആപ്പിളും ഇന്‍റലുമായി കരാര്‍ ഉടന്‍?

ഐഫോണുകളില്‍ ഇന്‍റലിന്‍റെ ചിപ്പുകള്‍ വരുന്ന കാലം ചിലപ്പോള്‍ വിദൂരമായേക്കില്ല. ഇന്‍റലിന്‍റെ ചിപ്പുകള്‍ ഐഫോണുകളില്‍ ഉപയോഗിക്കാന്‍ ആപ്പിള്‍ ഇന്‍റലുമായി സജീവ ചര്‍ച്ചകളിലാണ്. ഈ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. മാക്‌ബുക്കുകളിലെ ചിപ്പുകള്‍ക്കായി ഇന്‍റലുമായി മുമ്പ് സഹകരിച്ച ചരിത്രമുണ്ട് ആപ്പിളിന്. അതിനാല്‍തന്നെ ആപ്പിളുമായി കമ്പനിക്ക് അടുത്ത ബിസിനസ് ബന്ധമാണുള്ളത്. മാക്‌ബുക്ക് എയറിനുള്ള എം1 ചിപ്പുകളുടെ അവതരണത്തോടെ ഇന്‍റലുമായുള്ള സഹകരണം 2020-ല്‍ ആപ്പിള്‍ അവസാനിപ്പിക്കുകയായിരുന്നു.

ടിഎസ്എംസിയാണ് നിലവില്‍ ആപ്പിളിനായി സിലിക്കോണ്‍ ചിപ്പുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന പ്രധാന കമ്പനി. എഐ തരംഗത്തെ തുടര്‍ന്ന് ആവശ്യത്തിന് ചിപ്പുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള വലിയ വെല്ലുവിളി ടിഎസ്എംസി ഇപ്പോള്‍തന്നെ നേരിടുന്നുണ്ട്. ഈ സപ്ലൈചെയിനില്‍ പ്രശ്‌നമൊന്നും ഉണ്ടാവാതിരിക്കുക ലക്ഷ്യമിട്ടാണ് ആപ്പിള്‍ ഇന്‍റലുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ ആപ്പിളില്‍ നിന്ന് ഭീമമായ ഓര്‍ഡര്‍ ഇന്‍റലിന് ലഭിക്കും. മാത്രമല്ല, ഐഫോണുകളുടെ ഡിമാന്‍ഡ് രാജ്യാന്തരതലത്തില്‍ വര്‍ധിക്കുന്നതിനാല്‍ ആപ്പിളുമായി ഒരു കരാറിന് ഇന്‍റലിനും താത്പര്യമുണ്ട്. ഇന്‍റല്‍ ഉടന്‍ ഐഫോണ്‍ ചിപ്പുകള്‍ നിര്‍മ്മിച്ച് തുടങ്ങും എന്ന് വാള്‍സ്‌ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരിച്ചുവരവിന് ഇന്‍റല്‍

ഒരുകാലത്ത് ചിപ്പ് നിര്‍മ്മാണരംഗത്തെ അധികായര്‍ ആയിരുന്നെങ്കിലും പിന്നീട് എതിരാളികള്‍ക്ക് മുന്നില്‍ തളരുകയായിരുന്നു ഇന്‍റല്‍. ആപ്പിളുമായി പുത്തന്‍ കരാറിലെത്തുന്നതോടെ ഇന്‍റലിന് ചിപ്പ് നിര്‍മ്മാണ രംഗത്തെ മേല്‍ക്കോയ്‌മ തിരിച്ചുപിടിക്കാനും കഴിയും. നിലവില്‍ സെമികണ്ടക്‌ടര്‍ രംഗത്തെ ഏറ്റവും വലിയ കമ്പനി തായ്‌വാന്‍ ആസ്ഥാനമായുള്ള ടിഎസ്എംസിയാണ്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News