2026 മാർച്ച് നാലിന് ആപ്പിൾ സംഘടിപ്പിക്കുന്ന ആഗോള ലോഞ്ച് ഇവന്റിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. ബജറ്റ്-ഫ്രണ്ട്ലി ഐഫോൺ 17ഇ, താങ്ങാനാവുന്ന വിലയിലുള്ള പുതിയ മാക്ബുക്ക് ലാപ്ടോപ്പുകൾ എന്നിവയാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്.
കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ മാര്‍ച്ച് നാലിന് പ്രത്യേക ലോഞ്ച് ഇവന്‍റ് സംഘടിപ്പിക്കും. ഇതൊരു ആഗോള ഇവന്‍റാണെങ്കിലും ഹോളി ദിനത്തിലാണ് ആപ്പിളിന്‍റെ ലോഞ്ച് വരുന്നത് എന്നതിനാല്‍ ഇന്ത്യക്കാരെ ആവേശത്തിലാക്കുന്നതാണ് ഈ വാര്‍ത്ത. ആപ്പിളിന്‍റെ അടുത്ത ബജറ്റ് ഫ്രണ്ട്‌ലി ഐഫോണായ ഐഫോണ്‍ 17ഇ, താങ്ങാനാവുന്ന വിലയില്‍ പുത്തന്‍ മാക്‌ബുക്ക് ലൈനപ്പ് എന്നിവയാണ് 2026 മാര്‍ച്ച് നാലിലെ ആപ്പിള്‍ ലോഞ്ചില്‍ പ്രതീക്ഷിക്കുന്നത്.
ഐഫോണ്‍ 17ഇ കാത്ത് ആരാധകര്‍
ഈ ആഴ്‌ച പുറത്തിറങ്ങിയേക്കും എന്നായിരുന്നു അഭ്യൂഹങ്ങളെങ്കിലും മാര്‍ച്ച് നാലിലെ ആപ്പിള്‍ ലോഞ്ച് ഇവന്‍റിലാവും ഐഫോണ്‍ 17ഇ അവതരിപ്പിക്കുക എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. മാര്‍ച്ച് നാലിന് പുറത്തിറക്കുന്ന ഡിവൈസുകള്‍ എന്തൊക്കെയാണെന്ന് ആപ്പിള്‍ പട്ടിക പുറത്തുവിട്ടിട്ടില്ല. ആപ്പിളിന്‍റെ അടുത്ത ബജറ്റ്-ഫ്രണ്ട്‌ലി ഐഫോണ്‍ എന്ന വിശേഷണവുമായാണ് ഐഫോണ്‍ 17ഇ വിപണിയിലെത്തുക. ഡൈനാമിക് ഐലന്‍ഡ് സ്റ്റൈലിലുള്ള 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, മാഗ്‌സേഫ് ചാര്‍ജിംഗ് പിന്തുണ, 15 വാട്‌സ് വരെ ചാര്‍ജിംഗ് പിന്തുണ, എ19 ചിപ്പ്, 8 ജിബി റാം പിന്തുണ, 48എംപി സിംഗിൾ വൈഡ്- ആംഗിൾ റിയര്‍ ക്യാമറ, 18എംപി ഫ്രണ്ട് ക്യാമറ, C1X മോഡം എന്നിവയാണ് ഐഫോണ്‍ 17ഇയ്‌ക്ക് പറയപ്പെടുന്ന പ്രധാന സവിശേഷതകള്‍.
മുന്‍ഗാമിയായ ഐഫോണ്‍ 16ഇയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 17ഇ ഫോണിന്‍റെ വിലയില്‍ വലിയ മാറ്റമൊന്നും ഉണ്ടാകില്ല എന്നാണ് പ്രതീക്ഷ. ആഗോള വിപണിയിൽ 599 യുഎസ് ഡോളറിലും ഇന്ത്യയിൽ ഏകദേശം 59,900 രൂപ മുതലും ഐഫോണ്‍ 17ഇയുടെ വില ആരംഭിക്കാനാണ് സാധ്യത.
പുത്തന്‍ മാക്‌ബുക്ക് നിരയും ആപ്പിള്‍ അവതരിപ്പിച്ചേക്കും
മാര്‍ച്ച് നാലിലെ ലോഞ്ച് ഇവന്‍റില്‍ ആപ്പിള്‍ പുത്തന്‍ മാക്‌ബുക്ക് ലാപ്‌ടോപ്പുകളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 14-ഇഞ്ച്, 16-ഇഞ്ച് ഡിസ്‌പ്ലെ വലിപ്പം വരുന്ന ലാപ്‌ടോപ്പുകളാണ് വരാനിട. എം5 പ്രോ, എം5 മാക്‌സ് ചിപ്പുകളിലുള്ള മാക്‌ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു. പുത്തന്‍ അഫോര്‍ഡബിള്‍ മാക്‌ബുക്കുകള്‍ വിവിധ നിറങ്ങളില്‍ ലഭ്യമാകും എന്നും കരുതപ്പെടുന്നു.



