മുംബൈ നഗരത്തില്‍ രണ്ടാമത്തെ ആപ്പിള്‍ സ്റ്റോറാണ് വരാനൊരുങ്ങുന്നത്. ബാന്ദ്ര കുര്‍ല കോംപ്ലക്സില്‍ ഇതിനകം ഒരു ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുംബൈ: ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ കമ്പനിയുടെ നാലാമത്തെ സ്റ്റോര്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങി. മുംബൈയിലെ ബോരിവാലിയിലാണ് ആപ്പിള്‍ രാജ്യത്തെ നാലാമത്തെയും നഗരത്തിലെ രണ്ടാമത്തെയും ആപ്പിള്‍ സ്റ്റോര്‍ തുറക്കുന്നത്. ഒബ്‌റോയ്‌ റിയാലിറ്റീസ് സ്കൈ സിറ്റി മാളില്‍ ആപ്പിള്‍ 12,616 സ്‌ക്വയര്‍ഫീറ്റ് സ്ഥലം പാട്ടത്തിന് സ്വന്തമാക്കി. രാജ്യത്ത് ഐഫോണുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതും ആപ്പിള്‍ ഇന്ത്യയെ അവരുടെ പ്രധാനപ്പെട്ട നിര്‍മ്മാണ- വിതരണ പങ്കാളികളിലൊന്നായി കാണുന്നതുമാണ് പുതിയ ആപ്പിള്‍ സ്റ്റോര്‍ ആരംഭിക്കാന്‍ കാരണം.

മുംബൈ നഗരത്തില്‍ ഒബ്‌റോയ്‌യുടെ റിയാലിറ്റീസ് സ്കൈ സിറ്റി മാളിന്‍റെ താഴത്തെ നിലയിലാണ് പുതിയ ആപ്പിള്‍ സ്റ്റോര്‍ വരുന്നത്. ഇവിടെ ഒരു കോടിയിലേറെ രൂപ ഡിപ്പോസിറ്റ് നല്‍കി 12,616 സ്‌ക്വയര്‍ഫീറ്റ് സ്ഥലമാണ് ആപ്പിള്‍ പാട്ടത്തിനെടുത്തത്. 2025 മെയ് മാസം 8 മുതല്‍ 130 മാസത്തേക്ക് (ഏകദേശം 11 വര്‍ഷം) ഇന്‍ക്ലൈന്‍ റിയാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡും ആപ്പിളും തമ്മില്‍ കരാറായതായാണ് ലീസ് എഗ്രിമെന്‍റ് വിവരങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 10 മാസത്തെ റെന്‍റ്-ഫ്രീ കാലയളവും ഉള്‍പ്പെടുന്നതാണ് ഇരു കമ്പനികളും തമ്മിലുള്ള ധാരണ. തുടക്കത്തില്‍ മാസംതോറും 17.35 ലക്ഷം രൂപയാണ് 12,616 സ്‌ക്വയര്‍‌ഫീറ്റ് ഇടത്തിന് ആപ്പിള്‍ നല്‍ക്കേണ്ട വാടക. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും വാടകത്തുകയില്‍ 15 ശതമാനം വര്‍ധനവുണ്ടാകും. 150 സ്‌ക്വയര്‍ മീറ്റര്‍ സ്റ്റോറേജ് സൗകര്യവും അഞ്ച് പാര്‍ക്കിംഗ് സ്ലോട്ട് റിസര്‍വേഷനും പാട്ടക്കരാറിന്‍റെ ഭാഗമായി ആപ്പിള്‍ കമ്പനിക്ക് ലഭിക്കും.

ആപ്പിളും റിയാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ഒപ്പിട്ട വാടക കരാര്‍ പ്രകാരം വരുമാനത്തിന്‍റെ വിഹിതം പങ്കുവെയ്ക്കണം എന്ന നിബന്ധനയുമുണ്ട്. ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ രണ്ട് ശതമാനം തുക ആദ്യ 42 മാസക്കാലം ആപ്പിള്‍ അധികൃതര്‍ മാളിന് നല്‍കണം. ഈ കാലയളവിന് ശേഷം ഈ തുക 2.5 ശതമാനമായി ഉയരും.

മുംബൈ നഗരത്തില്‍ രണ്ടാമത്തെ ആപ്പിള്‍ സ്റ്റോറാണ് വരാനൊരുങ്ങുന്നത്. ബാന്ദ്ര കുര്‍ല കോംപ്ലക്സില്‍ ഇതിനകം ഒരു ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2023 ഏപ്രില്‍ മാസത്തിലാണ് ഇത് ആരംഭിച്ചത്. ദില്ലിയിലെ സാകേതിലുള്ള സെലക്ട് സിറ്റി‌വോക്ക് മാളിലാണ് മറ്റൊരു ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. ബെംഗളൂരുവിലെ ഫീനിക്സ് മാളില്‍ ആപ്പിള്‍ സ്റ്റോറിനായി 10 വര്‍ഷത്തേക്ക് 7,998 സ്‌ക്വയര്‍ഫീറ്റ് സ്ഥലം ആപ്പിള്‍ സ്വന്തമാക്കിയിരുന്നു. 17.44 ലക്ഷം രൂപയാണ് ഇതിന് സ്ഥല വാടകയെങ്കില്‍, ഡിപ്പോസിസ്റ്റ് 1.05 കോടി രൂപയാണ്. ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് ആവശ്യക്കാരേറുന്നതാണ് പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ തുടങ്ങാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായി രാജ്യത്തെ അഞ്ച് പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി 2024ല്‍ ആപ്പിള്‍ മാറിയിരുന്നു. 2024ന്‍റെ നാലാംപാദം 10 ശതമാനം വിപണി വിഹിതം ഇന്ത്യയില്‍ ആപ്പിളിന് ലഭിച്ചു.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്