നേരത്തെയുണ്ടായിരുന്ന 189 രൂപ പ്രീപെയ്‌ഡ് ട്രൂലി അണ്‍ലിമിറ്റഡ് പ്ലാന്‍ ഭാരതി എയര്‍ടെല്‍ നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട്. 199 രൂപയുടെ പ്ലാനായിരിക്കും ഇനി മുതല്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് ലഭ്യമായ കുറഞ്ഞ നിരക്കിലുള്ള ട്രൂലി അണ്‍ലിമിറ്റഡ് പ്ലാന്‍.
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍ എന്‍ട്രി-ലെവല്‍ ട്രൂലി അണ്‍ലിമിറ്റഡ് (Airtel Truly Unlimited) പ്ലാനില്‍ മാറ്റം വരുത്തി. നേരത്തെയുണ്ടായിരുന്ന 189 രൂപ പ്രീപെയ്‌ഡ് പ്ലാന്‍ എയര്‍ടെല്‍ നിര്‍ത്തലാക്കിയതായാണ് ടെലികോം ടോക്കിന്‍റെ റിപ്പോര്‍ട്ട്. ഇതോടെ 199 രൂപയുടെ പ്ലാനാണ് ഇനി മുതല്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് ലഭ്യമായ ഏറ്റവും നിരക്ക് കുറഞ്ഞ ട്രൂലി അണ്‍ലിമിറ്റഡ് പ്ലാന്‍.
എയര്‍ടെല്‍ 189 രൂപ ട്രൂലി അണ്‍ലിമിറ്റഡ് പ്ലാന്‍ നിര്‍ത്തലാക്കി
എയര്‍ടെല്ലിന്‍റെ ട്രൂലി അണ്‍ലിമിറ്റഡ് പ്ലാന്‍ ഇപ്പോള്‍ ആരംഭിക്കുന്നത് 199 രൂപ പാക്കിലാണ്. ഈ 199 രൂപ റീചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 100 വീതം എസ്എംഎസ്, 28 ദിവസത്തെ വാലിഡിറ്റിയില്‍ ആകെ 2ജിബി ഡാറ്റ എന്നിവയാണ് പ്രധാനമായും ഭാരതി എയര്‍ടെല്‍ നല്‍കുന്നത്. 2ജിബി ഡാറ്റ പരിധി കഴിഞ്ഞാല്‍ അധിക ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് 50p/MB എന്ന നിരക്കില്‍ തുക ഈടാക്കും. എയര്‍ടെല്‍ ഹലോട്യൂണ്‍സ് (ഇഷ്‌ടപ്പെട്ട ട്യൂണ്‍ ഓരോ 30 ദിവസത്തിലും സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം). പെര്‍പ്ലെക്‌സിറ്റി പ്രോ എഐ സബ്‌സ്‌ക്രിപ്ഷന്‍ (12 മാസത്തേക്ക് 17,000 രൂപ വിലയുള്ളത്) എന്നിവയും 199 രൂപയ്‌ക്ക് റീചാര്‍ജ് ചെയ്യുന്ന ഭാരതി എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. 199 രൂപ പ്ലാനിന് ശേഷം വരുന്ന അടുത്ത എയര്‍ടെല്‍ പ്രീപെയ്‌ഡ് പ്ലാനിന്‍റെ വില 219 രൂപയാണ്. 299, 349, 355, 379, 429 എന്നിങ്ങനെ നീളുന്നു എയര്‍ടെല്ലിന്‍റെ പിന്നീടുള്ള ട്രൂലി അണ്‍ലിമിറ്റഡ് പ്ലാനുകള്‍. 3999 രൂപ വരെയുള്ള ട്രൂലി അണ്‍ലിമിറ്റഡ് പ്ലാന്‍ എയര്‍ടെല്ലിനുണ്ട്.
ഇനി ആശ്രയം 199 രൂപയുടെ ട്രൂലി അണ്‍ലിമിറ്റഡ് പ്ലാന്‍
എയര്‍ടെല്‍ വരിക്കാര്‍ക്ക് അടുത്തിടെ വരെ 189 രൂപയുടെ ട്രൂലി അണ്‍ലിമിറ്റഡ് റീചാര്‍ജ് പ്ലാന്‍ ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ എയര്‍ടെല്‍ താങ്ക്സ് ആപ്പില്‍ ഈ പാക്ക് കാണാനില്ല. ഇതോടെയാണ് 199 രൂപയുടെ പ്ലാന്‍ ട്രൂലി അണ്‍ലിമിറ്റഡ് വിഭാഗത്തില്‍ എന്‍ട്രി-ലെവല്‍ പ്ലാനായി മാറിയത്. കുറഞ്ഞ ഡാറ്റ ആവശ്യമുള്ളവരും, പ്രധാനമായും വോയിസ് കോളുകള്‍ക്കായി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവരുമായ ആളുകളെ ലക്ഷ്യമിട്ടുള്ളതാണ് പഴയ 189 രൂപ റീചാര്‍ജ് പ്ലാനും ഇപ്പോഴത്തെ 199 രൂപ പ്ലാനും.



