3300 ജിബി ഹൈ-സ്‌പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, സുരക്ഷിതമായ ബ്രൗസിംഗ് എന്നിവ ബിഎസ്എന്‍എല്‍ സ്‌പാര്‍ക്ക് പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കും. ബിഎസ്എന്‍എല്‍ മൊബൈല്‍ സിം വരിക്കാര്‍ക്കും സന്തോഷ വാര്‍ത്തയുണ്ട്.
ദില്ലി: ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കായി പുത്തന്‍ പ്ലാന്‍ പരിചയപ്പെടുത്തി പൊതുമേഖല ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്). 50 എംബിപിഎസ് വേഗമുള്ള പ്രതിമാസ ബിഎസ്എന്‍എല്‍ സ്‌പാര്‍ക്ക് പ്ലാനിനാണ് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. 3300 ജിബി ഹൈ-സ്‌പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, സുരക്ഷിതമായ ബ്രൗസിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 399 രൂപയാണ് ഈ പ്ലാനിന് ബിഎസ്എന്‍എല്‍ മാസംതോറും ഈടാക്കുന്നത്.
ബിഎസ്എന്‍എല്‍ സ്‌പാര്‍ക്ക് പ്ലാന്‍
സ്‌പാര്‍ക്ക് പ്ലാനില്‍ ബിഎസ്എന്‍എല്‍ പ്രതിമാസം 3300 ജിബി ഡാറ്റയാണ് ബ്രോഡ്‌ബാന്‍ഡ് വരിക്കാര്‍ക്ക് നല്‍കുന്നത്. ഈ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് 50 എംബിപിഎസ് വേഗം ലഭിക്കും. 12 മാസക്കാലത്തേക്കായിരിക്കും ഈ അവതരണ ഓഫര്‍ ലഭിക്കുക. അതിന് ശേഷം ഇതേ പ്ലാനിന് മാസം 449 രൂപ മുടക്കേണ്ടിവരും. 2026 ജനുവരി 13 മുതല്‍ ബിഎസ്എന്‍എല്‍ സ്‌പാര്‍ക് പ്ലാന്‍ ലഭ്യമായിത്തുടങ്ങി. മാസത്തില്‍ 3300 ജിബി ഉയര്‍ന്ന വേഗമുള്ള ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റിന് പുറമെ പരിധിയില്ലാത്ത വോയിസ് കോളും സുരക്ഷിതമായ ബ്രൗസിംഗും 399 രൂപ പ്ലാനില്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് ആസ്വദിക്കാം. ബിഎസ്എന്‍എല്‍ സ്‌പാര്‍ക്ക് പ്ലാന്‍ ലഭിക്കാന്‍ ഉപയോക്താക്കള്‍ 1800 4444 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് 'HI' എന്ന് ടൈപ്പ് ചെയ്‌ത് മെസേജ് അയച്ചാല്‍ മതി. ഇതോടെ ബിഎസ്എന്‍എല്‍ സ്‌പാര്‍ക്ക് പ്ലാന്‍ ആക്റ്റിവാകും.
മൊബൈല്‍ വരിക്കാര്‍ക്ക് ബിഎസ്എന്‍എല്‍ വക അധിക ഡാറ്റ
ഈ ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് പ്ലാനിന് പുറമെ മൊബൈല്‍ റീചാര്‍ജ് പ്ലാനുകളില്‍ അധിക ഡാറ്റയും ബിഎസ്എന്‍എല്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. ക്രിസ്‌മസ് കാലത്ത് ബിഎസ്എന്‍എല്‍ ആരംഭിച്ച ഈ ഓഫര്‍ പിന്നീട് കമ്പനി 2026 ജനുവരി 31 വരെ തുടരുകയായിരുന്നു. ഇതുപ്രകാരം 0.5 ജിബി അധിക ഡാറ്റയാണ് ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. അധിക ഡാറ്റ ലഭിക്കാന്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ വരിക്കാര്‍ പ്രത്യേക തുക നല്‍കേണ്ടതില്ല. 225 രൂപ, 347 രൂപ, 485 രൂപ, 2399 രൂപ പ്ലാനുകളിലാണ് ബിഎസ്എന്‍എല്‍ 0.5 ജിബി അധിക ഡാറ്റ നല്‍കുന്നത്. ഇതോടെ 225 രൂപ പ്ലാനില്‍ ദിവസവും 3 ജിബി ഡാറ്റയും 347, 485, 2399 രൂപ പ്ലാനുകളില്‍ 2.5 ജിബി വീതം ഡാറ്റയും ലഭിക്കും.



