ആളില്ലാ വാഹനങ്ങളും റോബോട്ടുകളും അടക്കമുള്ള സാങ്കേതികവിദ്യകളുടെ അപകട സാധ്യതകളെ കുറിച്ച് വലിയ ചര്‍ച്ച ഉയര്‍ത്തുകയാണ് മയാമിയില്‍ കൊക്കോ റോബോട്ട് അപകടത്തില്‍പ്പെട്ട സംഭവം
മയാമി: അമേരിക്കയിലെ മയാമിയില്‍ നിന്നുള്ള ഒരു വീഡിയോ വലിയ ആശ്ചര്യവും ആശങ്കയും ടെക് പ്രേമികള്‍ക്കിടയില്‍ സൃഷ്‌ടിക്കുകയാണ്. മയാമിയില്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ ഫുഡ് ഡെലിവറി റോബോട്ടിനെ ബ്രൈറ്റ്‌ലൈന്‍ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചതാണ് ഈ സംഭവം. ഈ അപകടത്തിന്‍റെതായി ഒരു ദൃക്‌സാക്ഷി പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും അമേരിക്കന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്‌തപ്പോള്‍ ഉയരുന്നത് വലിയൊരു ആശങ്കയാണ്.
എങ്ങനെയാണ് കൊക്കോ റോബോട്ട് അപകടത്തില്‍പ്പെട്ടത്?
ഇക്കഴിഞ്ഞ ജനുവരി 15നാണ് മയാമിയില്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ ഫുഡ് ഡെലിവറി റോബോട്ടിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചത്. കൊക്കോ റോബോട്ടിക്‌സ് എന്ന കമ്പനിയുടേതാണ് ഈ ആളില്ലാ ഡെലിവറി വാഹനം. തന്‍റെ നായയുമായി നടക്കാനിറങ്ങിയ പ്രദേശവാസിയായ ഗ്വില്ലര്‍മോ ഡാപ്പെലോ ഈ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ബ്രൈറ്റ്‌ലൈന്‍ ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കും മുമ്പ് ഈ റോബോട്ട് മിനിറ്റുകളോളം പാളത്തില്‍ കുടുങ്ങിയ അവസ്ഥയിലുണ്ടായിരുന്നതായി ഗ്വില്ലര്‍മോ വിശദീകരിക്കുന്നു. ഞാന്‍ നായയുമായി നടക്കാനിറങ്ങിയപ്പോള്‍ രാത്രി എട്ട് മണിയോടെ റെയില്‍വേ ട്രാക്കില്‍ ഫുഡ് കാര്‍ അകപ്പെട്ട നിലയില്‍ കാണുകയായിരുന്നു- എന്നാണ് ഫോക്‌സ് 13-നോട് ഗ്വില്ലര്‍മോ ഡാപ്പെലോയുടെ വാക്കുകള്‍. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഒരു ഊബര്‍ ഡെലിവറി ജോലിക്കാരന്‍ അക്കാര്യം കമ്പനിയെ അറിയിച്ചെങ്കിലും എന്തെങ്കിലും ഇടപെടല്‍ നടക്കും മുമ്പ് ബ്രൈറ്റ്‌ലൈന്‍ ട്രെയിന്‍ റോബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.
സുരക്ഷാ ആശങ്ക ഉയരുന്നു
ഫുഡ് ഡെലിവറി റോബോട്ട് അപകടത്തില്‍പ്പെട്ട വിവരം കൊക്കോ കമ്പനി സ്ഥിരീകരിച്ചു. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുമ്പോള്‍ റോബോട്ട് അസാധാരണമായ സാങ്കേതിക പ്രശ്‌നം നേരിട്ടു എന്നാണ് കൊക്കോയുടെ വിശദീകരണം. ’മയാമിയില്‍ ഒരു കൊക്കോ റോബോട്ട് റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കുമ്പോള്‍ ഹാര്‍ഡ്‌വെയര്‍ തകരാര്‍ സംഭവിച്ചതിനെ കുറിച്ച് ഞങ്ങള്‍ക്ക് അറിവുണ്ട്. സുരക്ഷയാണ് എപ്പോഴും ഞങ്ങളുടെ മുന്‍ഗണന. അതുകൊണ്ടാണ് ഞങ്ങളുടെ റോബോട്ടുകള്‍ മനുഷ്യന്‍മാര്‍ നടക്കുന്ന വേഗതയില്‍ സഞ്ചരിക്കുന്നത്. ഇത്തരമൊരു അപകട സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ സാഹചര്യം സൂക്ഷ്‌മമായി വിശകലനം ചെയ്‌തുവരികയാണ്' എന്നും കൊക്കോ കമ്പനി അധികൃതര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. എങ്കിലും, ആളില്ലാ വാഹനങ്ങളും റോബോട്ടുകളും അടക്കമുള്ള സാങ്കേതികവിദ്യകളുടെ അപകട സാധ്യതകളെ കുറിച്ച് വലിയ ചര്‍ച്ചയ്‌ക്ക് വഴിവെച്ചിരിക്കുകയാണ് മയാമിയില്‍ കൊക്കോ റോബോട്ട് അപകടത്തില്‍പ്പെട്ട സംഭവം. അപകട വിവരം റെയില്‍വേ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.



