സാങ്കേതിക രംഗത്ത് രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് കുതിപ്പേകിയ ഇന്ത്യന്‍ ശാസ്ത്രജ്ഞരെയും എഞ്ചിനീയര്‍മാരെയും ടെക്‌നീഷ്യന്‍മാരെയും അനുമോദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
ദില്ലി: ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും ടെക്‌നീഷ്യന്‍മാരുടെയും സംഭാവനകളെ ദേശീയ സാങ്കേതിക ദിനത്തില്‍ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നമ്മുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയ എല്ലാ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും രാജ്യം സല്യൂട്ട്‍ നല്‍കുന്നതായി അദേഹം എക്സില്‍ കുറിച്ചു. 1998ല്‍ പൊഖ്‌റാനില്‍ ആണവായുധ പരീക്ഷണം വിജയകരമായി നടത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഭാവനകളെ അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്നു, ഇന്ത്യന്‍ ചരിത്രത്തെ പുനര്‍നിര്‍വചിച്ച നിമിഷമായി പൊഖ്‌റാനിലെ ആണവ പരീക്ഷണം എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക രംഗത്ത് രാജ്യം കൈവരിച്ച അത്ഭുതാവഹമായ മുന്നേറ്റത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയും ദേശീയ സാങ്കേതിക ദിനത്തില്‍ പ്രശംസിച്ചു. സാങ്കേതിക രംഗത്തെ ഇന്ത്യയുടെ അവിസ്‌മരണീയമായ കുതിപ്പ് ഈ ദിനം ആഘോഷിക്കപ്പെടുന്നു. സയന്‍സ്, ബഹിരാകാശം, ഐടി, ആരോഗ്യം എന്നീ മേഖലകളില്‍ ഇന്ത്യ വലിയ നേട്ടങ്ങള്‍ കൈവരിച്ചുവെന്നും, സാങ്കേതിക മുന്നേറ്റം തുടര്‍ന്നും ഇന്ത്യയുടെ വളര്‍ച്ചയെ വിഭാവനം ചെയ്യുമെന്നും പാര്‍ട്ടിയുടെ എക്സ് പോസ്റ്റില്‍ പറയുന്നു.
1999 മുതലാണ് രാജ്യത്ത് നാഷണല്‍ ടെക‌്നോളജി ഡേ ആഘോഷിക്കാന്‍ തുടങ്ങിയത്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് ഇതിന് തുടക്കമിട്ടത്. ഇന്ത്യയുടെ സാങ്കേതിക പുരോഗതിക്കായി പ്രയത്നിച്ച രാജ്യത്തെ എല്ലാ സയന്‍റിസ്റ്റുകള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ടെക്‌നോളജിസ്റ്റുകള്‍ക്കും, 1998 മെയ് മാസത്തില്‍ ഇന്ത്യയുടെ പൊഖ്‌റാന്‍ ആണവ പരീക്ഷണ വിജയമുറപ്പാക്കിയ സാങ്കേതിക വിദഗ്ധര്‍ക്കും ആദരമായാണ് ദേശീയ സാങ്കേതിക ദിനം ഇന്ത്യയില്‍ ആഘോഷിക്കാന്‍ തുടങ്ങിയത്. എല്ലാ വര്‍ഷവും മെയ് 11 സാങ്കേതിക ദിനമായി ആഘോഷിച്ചുവരുന്നു.
1998 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ അഞ്ച് ആണവായുധ പരീക്ഷണങ്ങളുടെ പരമ്പരയായിരുന്നു പൊഖ്‌റാൻ-II എന്നറിയപ്പെടുന്നത്. ഓപ്പറേഷൻ ശക്തി എന്നൊരു പേര് കൂടി ഈ ആണവ പരീക്ഷണത്തിനുണ്ട്. അഞ്ച് ന്യൂക്ലിയർ ബോംബുകളെ ശക്തി-I മുതൽ ശക്തി-V വരെ നാമകരണം ചെയ്ത് മെയ് 11 മുതല്‍ 13 വരെയായിരുന്നു ഈ പരീക്ഷണങ്ങള്‍. ഇന്ത്യൻ സൈന്യത്തിന്‍റെ അധീനതയില്‍ രാജസ്ഥാനിലെ പൊഖ്‌റാറിനുള്ള പരീക്ഷണ കേന്ദ്രത്തിലാണ് ആണവ ബോംബുകൾ പരീക്ഷണാടിസ്ഥാനത്തില്‍ പൊട്ടിത്തെറിച്ചത്. 1974 മെയ് മാസത്തിൽ നടന്ന ആദ്യ പരീക്ഷണമായ സ്‌മൈലിംഗ് ബുദ്ധയ്ക്ക് ശേഷം ഇന്ത്യ നടത്തിയ രണ്ടാമത്തെ ആണവ പരീക്ഷണമായിരുന്നു ഇത്.


