കൂടുതൽ ദൂരപരിധിയുള്ള അസ്ത്രയില്‍ അത്യാധുനിക മാർഗ്ഗനിർദ്ദേശ, നാവിഗേഷൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്
ദില്ലി: പ്രതിരോധരംഗത്തെ ആയുധക്കരുത്തിൽ ഓരോ ദിവസവും സ്വയംപര്യപ്തത ആർജിക്കുകയാണ് ഇന്ത്യ. ഭാവിയിലെ ഏറ്റവും കരുത്തുറ്റ മിസൈൽ ആകാൻ ഇന്ത്യ 'അസ്ത്ര'യെ ഒരുക്കുന്നതാണ് ഇതില്‍ ഒടുവിലത്തേത്. ഇന്ത്യയുടെ തദ്ദേശീയ മിസൈലായ അസ്ത്ര മാർക്ക് 1 വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ഡിഫൻസ് റിസർച്ച് ആന്‍ഡ് ഡവലപ്പ്മെന്‍റ് ഓർഗനൈസേഷൻ. ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ് അസ്ത്ര പരീക്ഷിച്ചത്. തദ്ദേശീയ റേഡിയോ ഫ്രീക്വൻസി (RF) സീക്കർ ഘടിപ്പിച്ച ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലായ (BVRAAM) അസ്ത്രയുടെ പരീക്ഷണം ഒഡിഷയിലെ ചാന്ദിപുർ തീരത്ത് വച്ചുനടന്നു. സുഖോയ്–30 എംകെ–1ന് സമാനമായ പ്ലാറ്റ്ഫോമിൽ നിന്നായിരുന്നു അസ്ത്രയുടെ വിക്ഷേപണം.
'അസ്ത്ര'യുടെ പ്രത്യേകതകൾ
നിലവിൽ അർമേനിയ ഉപയോഗിക്കുന്ന റഷ്യൻ നിർമ്മിത ആർ-77 മിസൈലുകളെക്കാൾ (80 കി.മീ ദൂരപരിധി) പ്രഹരശേഷി കൂടിയതാണ് 110 കിലോമീറ്റർ ദൂരപരിധിയുള്ള അസ്ത്ര മാർക്ക് 1. കൂടുതൽ ദൂരപരിധിയുള്ള അസ്ത്രയില്‍ അത്യാധുനിക മാർഗ്ഗനിർദ്ദേശ, നാവിഗേഷൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ദൃശ്യപരിധിക്കപ്പുറമുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാനുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. അതിവേഗ ആളില്ലാ വ്യോമ ലക്ഷ്യങ്ങൾക്കെതിരെ പ്രയോഗിക്കാവുന്ന ഇന്ത്യയുടെ തദ്ദേശീയ മിസൈൽ കൂടിയാണ് അസ്ത്ര. യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ബിയോണ്ട് വിഷ്വൽ റേഞ്ച് (BVR) ക്ലാസ് എയർ-ടു-എയർ മിസൈൽ സംവിധാനം. ഉയർന്ന കുതന്ത്രങ്ങളുള്ള സൂപ്പർസോണിക് വിമാനങ്ങളെ എതിർക്കാനും നശിപ്പിക്കാനും ഈ മിസൈൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. എല്ലാ കാലാവസ്ഥയിലും, പകലും രാത്രിയും ഈ മിസൈൽ ഉപയോഗിക്കാൻ കഴിയും. നിർദ്ദിഷ്ട ആവശ്യകതകൾ നിറവേറ്റുന്നതിനായി ഒന്നിലധികം വകഭേദങ്ങളിൽ മിസൈൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഡിആര്‍ഡിഒ. രാജ്യത്തിന്‍റെ വ്യോമ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഈ മിസൈൽ ഇതിനകം ഇന്ത്യൻ വ്യോമസേനയിൽ (IAF) ഉൾപ്പെടുത്തിക്കഴിഞ്ഞു.
ഈ നേട്ടത്തിന് പിന്നിൽ എയറോനോട്ടിക്കൽ ഡെവലപ്‌മെന്‍റ് ഏജൻസി (ADA), ഡിആര്‍ഡിഒ (DRDO), ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL), സെന്‍റർ ഫോർ മിലിട്ടറി എയർവർത്തിനെസ് ആൻഡ് സർട്ടിഫിക്കേഷൻ (CEMILAC), ഡയറക്ടറേറ്റ് ജനറൽ ഓഫ് എയറോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് (DG-AQA), ഇന്ത്യൻ വ്യോമസേന, ടെസ്റ്റ് റേഞ്ച് ടീം എന്നിങ്ങനെ നിരവധി വിഭാഗങ്ങളുടെ ഏകോപിത പരിശ്രമമാണ്. 'അപ്ഡേറ്റ് ആൻഡ് റെസ്പോൺസ്' എന്ന ഇന്ത്യയുടെ പ്രതിരോധ വാക്യത്തിന് പിന്നിലെ ഉദാഹരണമായി തന്നെ ഇതിനെ കണക്കാക്കാം. ദീർഘദൂര മിസൈൽ സംവിധാനത്തിൽ ഇന്ത്യയുടെ സ്വയം പര്യായപതയുടെ ഉദാഹരണമായി അസ്ത്രയെ കരുതാം.
കരുത്ത് കൂട്ടി ഇന്ത്യ
ഈ ആഴ്ചയിൽ തന്നെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ ഒരു പുതിയതും ശക്തവുമായ ഹോവിറ്റ്‌സർ വികസിപ്പിച്ചെടുത്തതും പ്രതിരോധ രംഗത്തെ ഇന്ത്യയുടെ വളർച്ചയുടെ ഉദാഹരണം തന്നെയാണ്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കാനും, ശത്രു താവളങ്ങളെ വേഗത്തിലും കൃത്യതയിലും ആക്രമിക്കാനും കഴിയുന്ന പൂർണ്ണമായും തദ്ദേശീയമായ ഒരു സംവിധാനം വികസിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

