Asianet News MalayalamAsianet News Malayalam

'എല്ലാ രാത്രിയിലും വാട്‌സ്‌ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നു'; സക്കർബർഗിന് എതിരെ ആരോപണവുമായി മസ്ക്

മുൻപും സക്കർബർഗിനെകുറിച്ച് മസ്ക് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്

Elon Musk claims Meta owned WhatsApp misuses user data every night
Author
First Published May 26, 2024, 9:27 AM IST

ന്യൂയോര്‍ക്ക്: സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പ് വിവരങ്ങള്‍ (ഡേറ്റ) കടത്തുന്നുവെന്ന ആരോപണവുമായി ശതകോടീശ്വനും എക്‌സ് ഉടമയുമായ എലോൺ മസ്ക്. മെറ്റയുടെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ ഡേറ്റ വിശകലനം ചെയ്ത് പരസ്യത്തിനായും ഉപഭോക്താക്കളെ ഉൽപന്നങ്ങളിലേക്ക് ആകർഷിക്കാനും ഉപയോഗിക്കുകയാണെന്നു മസ്ക് ആരോപിച്ചു. എക്‌സ് ഉപയോക്താവിന്റെ പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ രാത്രികളിലും ഉപയോക്താക്കളുടെ വിവരങ്ങള്‍ വാട്‌സ്‌ആപ്പ് കടത്തുന്നുണ്ട്. പലരും ഇതിനെ സുരക്ഷിതമായ ഒന്നായി തെറ്റിധരിച്ചിരിക്കുകയാണ് എന്നും എലോൺ മസ്ക് പറഞ്ഞു. മസ്‌കിന്‍റെ ആരോപണത്തോട് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗോ കമ്പനി അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.  മുൻപും സക്കർബർഗിനെകുറിച്ച് മസ്ക് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതേസമയം വാട്‌സ്‌ആപ്പ് ഡേറ്റ കൈമാറ്റം ചെയ്യുന്നു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് കംപ്യൂട്ടര്‍ പ്രോഗ്രാമറും വീഡിയോ ഗെയിം ഡെവലപ്പറുമായ ജോണ്‍ കാര്‍മാക്ക് ചോദിക്കുന്നുണ്ട്. മെറ്റ, ഡേറ്റയും യൂസേജ് പാറ്റേണും ശേഖരിക്കുന്നുണ്ടാവാം. എന്നാല്‍ മെസേജുകൾ സുരക്ഷിതമാണെന്നാണ് തന്റെ അഭിപ്രായമെന്നും കാര്‍മാക്ക് എക്സിൽ കുറിച്ചു.

നേരത്തെ എഐയെ കുറിച്ച് മസ്ക് പറഞ്ഞത് ചർച്ചയായിരുന്നു. നമുക്കൊന്നും ഇനി ജോലിയുണ്ടാവില്ലെന്നും ജോലിയെന്നത് ഒരു ഹോബിയായി മാറുമെന്നുമാണ് ടെസ്‌ല സിഇഒ എലോൺ മസ്ക് പറഞ്ഞത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ ജോലികളും ഇല്ലാതാക്കുമെന്നുമുള്ള മുന്നറിയിപ്പ് മസ്ക് നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് പാരീസിൽ നടന്ന വിവാടെക് 2024 എന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മസ്ക്. ജോലിയെടുക്കുക എന്നത് തന്നെ ഓപ്ഷണലായി മാറുമെന്നും വേണമെങ്കിൽ ജോലി ചെയ്യാമെന്ന അവസ്ഥയെത്തുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടുകളും നിങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന സമയം വരുമെന്നും ടെസ‌്‌ല തലവൻ കൂട്ടിച്ചേർത്തു. 

ഇങ്ങനെയൊരു സാഹചര്യം വരുമ്പോൾ എല്ലാവർക്കും ഉയർന്ന ശമ്പളം നല്കേണ്ടി വരും. ജോലി ചെയ്യുന്നവർക്ക് അടിസ്ഥാന വേതനം മാത്രം ലഭിച്ചാൽ മതിയാകില്ല. ആശങ്കപ്പെടേണ്ടതില്ലെന്നും ലോകത്ത് സാധനങ്ങളുടേയും സേവനങ്ങളുടേയും ക്ഷാമമുണ്ടാവില്ലെന്നും മസ്ക് പറഞ്ഞു. കമ്പ്യൂട്ടറുകളും റോബോട്ടുകളും മനുഷ്യനേക്കാളും മികച്ച രീതിയിൽ അവരുടെ ജോലി ചെയ്താൽ മനുഷ്യർക്ക് പിന്നെ പ്രാധാന്യമുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നതായി മസ്ക് പറഞ്ഞു.

Read more: ആകാശച്ചുഴിയിൽപ്പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലെ ദൃശ്യമോ? നടുക്കുന്ന വീഡിയോയുടെ വസ്‌തുത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios