ഇലോണ്‍ മസ്‌കിന്‍റെ എക്‌സ്എഐ നിര്‍മ്മിക്കുന്ന ഗ്രോക്കിപീഡിയ വിജ്ഞാന പ്ലാറ്റ്‌ഫോമിന്‍റെ പ്രാരംഭ ലോഞ്ച് വൈകുമെന്ന് ഇലോണ്‍ മസ്‌കിന്‍റെ പുതിയ പ്രഖ്യാപനം. വിക്കിപീഡിയയുടെ നിരന്തര വിമര്‍ശകനാണ് മസ്‌ക്.
കാലിഫോര്‍ണിയ: സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് എതിരാളിയായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ച ഗ്രോക്കിപീഡിയയുടെ പ്രാരംഭ ലോഞ്ച് വൈകും. എഐ അധിഷ്‌ഠിതമായിട്ടുള്ള വിജ്ഞാന പ്ലാറ്റ്‌ഫോമാണ് മസ്‌ക് വിഭാവനം ചെയ്യുന്ന ഗ്രോക്കിപീഡിയ. ഗ്രോക്കിപീഡിയയുടെ പതിപ്പ് 0.1 പ്രാരംഭ ബീറ്റ രണ്ടാഴ്‌ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്നായിരുന്നു മുമ്പ് മസ്‌കിന്‍റെ പ്രസ്‌താവന. എന്നാൽ ഇപ്പോൾ ഗ്രോക്കിപീഡിയ v0.1 ലോഞ്ച് നീട്ടിവയ്ക്കുന്നതായി മസ്‍ക് പറഞ്ഞു. പക്ഷപാതപരവും രാഷ്ട്രീയവുമായ ആഖ്യാനങ്ങൾ അഭിസംബോധന ചെയ്യുന്നതിന് ഈ കാലതാമസം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ഗ്രോക്കിപീഡിയയുടെ ലോഞ്ച് നീട്ടിയത്.
എന്താണ് ഗ്രോക്കിപീഡിയ?
തന്‍റെ കമ്പനിയായ എക്‌സ്‌എഐ വിക്കിപീഡിയക്ക് സമാനമായ ഗ്രോക്കിപീഡിയ എന്ന ഒരു പ്ലാറ്റ്‌ഫോം നിർമ്മിക്കുകയാണെന്നും എന്നാല്‍ കൂടുതൽ മികച്ചതും കൃത്യവുമായ വിവരങ്ങൾ അത് നൽകുമെന്നും ഇലോണ്‍ മസ്‌ക് നേരത്തെ അവകാശപ്പെട്ടിരുന്നു. സത്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതും, പക്ഷപാതമോ മറഞ്ഞിരിക്കുന്ന അജണ്ടകളോ ഇല്ലാത്തതുമായ ഒരു വിജ്ഞാന അടിത്തറ സ്ഥാപിക്കുക എന്നതാണ് ഗ്രോക്കിപീഡിയയുടെ പ്രധാന ലക്ഷ്യം എന്നാണ് മസ്‍ക് അവകാശപ്പെടുന്നത്. സ്ഥാപനപരമായ സ്വാധീനമോ പാരമ്പര്യ മാധ്യമങ്ങളോ രൂപപ്പെടുത്തിയ ആഖ്യാനങ്ങൾക്ക് പകരം കൃത്യവും സുതാര്യവുമായ വിവരങ്ങള്‍ നൽകുകയാണ് ഗ്രോക്കിപീഡിയയുടെ ലക്ഷ്യമെന്ന് എക്‌സ്എഐ പറയുന്നു. എക്‌സ്എഐയുടെ ചാറ്റ്ബോട്ടായ ഗ്രോക്കിൽ നിന്നും വിക്കിപീഡിയയിൽ നിന്നുമുള്ള ഉള്ളടക്കം ഉൾപ്പെടെ വലിയ അളവിലുള്ള ഡാറ്റകള്‍ ഉപയോഗപ്പെടുത്തിയാണ് ഗ്രോക്കിപീഡിയ തയ്യാറാക്കുന്നത്.
മസ്‌കിന് കണ്ണെടുത്താല്‍ കണ്ടുകൂടാത്ത വിക്കിപീഡിയ
വിക്കിപീഡിയയുടെ ഫണ്ടിംഗ് സുതാര്യമല്ലെന്നും ഇടതുപക്ഷ ലിബറൽ പക്ഷപാതം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ച് ഇലോണ്‍ മസ്‌ക് മുമ്പ് വിക്കിപീഡിയയെയും അതിന്‍റെ മാതൃ സംഘടനയായ വിക്കിമീഡിയയെയും വിമർശിച്ചിരുന്നു. വിക്കിപീഡിയയെ വിമര്‍ശിച്ച് മസ്‌ക് വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. വിക്കിപീഡിയയുടെ പേര് താന്‍ പറയുന്നതുപോലെ മാറ്റിയാൽ വിക്കിപീഡിയയ്ക്ക് ഒരു ബില്യൺ ഡോളർ നൽകാമെന്ന് പറഞ്ഞ് 2023 ഒക്‌ടോബറില്‍ മസ്‍ക് പരിഹസിച്ചിരുന്നു. ഈ ഓഫർ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന് 2025 ഫെബ്രുവരിയിൽ എക്‌സിലെ ഉപയോക്താക്കൾ ചോദിച്ചതിന് മറുപടിയായി മസ്‍ക് തന്‍റെ വിചിത്ര വാഗ്‌ദാനം വീണ്ടും ആവർത്തിക്കുകയും ചെയ്‌തു. വിക്കിപീഡിയയിലെ വിവരങ്ങള്‍ കൃത്യമാക്കാന്‍ വേണ്ടിയാണ് താന്‍ ഇടപെടുന്നതെന്ന് അവകാശപ്പെടുന്ന ഇലോണ്‍ മസ്‌ക്, വിക്കിമീഡിയ ഫൗണ്ടേഷന്‍റെ ധനസമ്പാദന ക്യാംപയിനുകളെ നിരന്തരം ചോദ്യം ചെയ്യുകയാണ്.



