ഇലോണ്‍ മസ്‌കിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, മസ്‌കിനെതിരെ കൃത്രിമത്വ ആരോപണം
കാലിഫോര്‍ണിയ: എഐ രംഗത്തെ വമ്പന്‍ കമ്പനികളുടെ ഉടമകളായ ഇലോൺ മസ്‌കും സാം ആൾട്ട്മാനും തമ്മിലുള്ള ഏറ്റുമുട്ടൽ മൂര്‍ച്ഛിക്കുന്നു. ആപ്പിളിനെതിരെ ഇലോൺ മസ്‌ക് ഉന്നയിച്ച ആരോപണങ്ങൾക്ക് ചാറ്റ്ജിപിടി സിഇഒ സാം ആൾട്ട്മാൻ മറുപടി നൽകിയതോടെയാണ് പോര് കടക്കുന്നത്. മസ്‌കും ആള്‍ട്ട്‌മാനും ചേര്‍ന്നാണ് മുമ്പ് ഓപ്പണ്‍എഐ സ്ഥാപിച്ചത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ 2018ല്‍ ഓപ്പണ്‍എഐയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്തുപോയ മസ്‌ക് പിന്നാലെ സ്വന്തം എഐ കമ്പനിയായ എക്‌സ്എഐ സ്ഥാപിച്ചിരുന്നു.
ആപ്പിളിനെതിരെ ആഞ്ഞടിച്ച് മസ്‌ക്
അടുത്തിടെ, ആപ്പ് സ്റ്റോർ റാങ്കിംഗിൽ ഓപ്പൺഎഐയുടെ ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്ക് ആപ്പിൾ മുൻഗണന നൽകുന്നതായി എക്‌സ്എഐ ഉടമ ഇലോൺ മസ്‌ക് ആരോപിച്ചിരുന്നു. ഇതൊരു ആന്‍റിട്രസ്റ്റ് ലംഘനമാണെന്നും ആപ്പിളിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നും ഇലോൺ മസ്‌ക് തുറന്നടിച്ചു. ആപ്പിളിന്‍റെ ഈ മനോഭാവം മറ്റ് എഐ കമ്പനികൾക്ക്, പ്രത്യേകിച്ച് തന്‍റെ കമ്പനിയായ എക്സ്എഐക്ക് ഉയർന്ന സ്ഥാനം നേടുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റുകളിൽ ഇലോൺ മസ്‌ക് ആരോപിക്കുകയായിരുന്നു. ഓപ്പൺഎഐ ഒഴികെയുള്ള ഒരു എഐ കമ്പനിക്കും ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിയാത്ത വിധത്തിലാണ് ആപ്പിൾ പെരുമാറുന്നത് എന്നും ഇത് വ്യക്തമായ ആന്‍റിട്രസ്റ്റ് ലംഘനമാണെന്നും മസ്‌ക് തുറന്നടിച്ചു.
എക്‌സ്എഐ അടുത്തിടെ ഗ്രോക്കിന്‍റെ കമ്പാനിയൻ ചാറ്റ്ബോട്ടും പിന്നീട് ഗ്രോക്ക് ഇമേജിൻ ടൂളും പുറത്തിറക്കിയിരുന്നു. ഈ ടൂളുകൾ ഉപയോഗിച്ച് എഐ ഇമേജുകളും വീഡിയോകളും സൃഷ്‍ടിക്കാൻ കഴിയും. ഈ ടൂൾ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമാക്കിയതോടെ ഗ്രോക്ക് ആപ്പ്, ആപ്പ് സ്റ്റോറിൽ 29-ആം സ്ഥാനത്തെത്തി. പിന്നാലെ എക്‌സ്എഐ അവരുടെ ഏറ്റവും നൂതനമായ എഐ മോഡലായ ഗ്രോക്ക്- 4നെ ഉപഭോക്താക്കള്‍ക്ക് സൗജന്യമാക്കി. അതിനാലാണ് ഈ ആപ്പ് ആഗോള റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തെത്തിയത്.
ഇത്രയും മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടും ഗ്രോക്കിന് ആപ്പിൾ ഒന്നാം സ്ഥാനം നൽകുന്നില്ലെന്നും ചാറ്റ്ജിപിടി സ്ഥിരമായി ഒന്നാം സ്ഥാനത്ത് തുടരുകയാണെന്നും ഇലോണ്‍ മസ്‌ക് ആരോപിക്കുന്നു. 'എക്‌സ് ലോകത്തിലെ ഒന്നാം നമ്പർ വാർത്താ ആപ്പായിട്ടും നിങ്ങളുടെ 'മസ്റ്റ് ഹാവ്' വിഭാഗത്തിൽ എക്‌സിനെയോ ഗ്രോക്കിനെയോ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ആപ്പിളിനോട് ഇലോൺ മസ്‍ക് ചോദിച്ചു. ഈ ഒഴിവാക്കൽ ഓപ്പൺ എഐയോടുള്ള മനഃപൂർവമായ പക്ഷപാതത്തെ പ്രതിനിധീകരിക്കുന്നുവെന്നും മസ്‌ക് ആരോപിച്ചു.
മസ്‌കിന് മറുപടിയുമായി ആള്‍ട്ട്‌മാന്‍
അതേസമയം, ഇലോണ്‍ മസ്‌കിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ രംഗത്തെത്തി. തന്‍റെ കമ്പനികൾക്ക് നേട്ടമുണ്ടാക്കാനും എതിരാളികൾക്ക് ദോഷം വരുത്താനും മസ്‍ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുന്നുവെന്നായിരുന്നു അൾട്ട്മാന്‍റെ തിരിച്ചടി. ഇലോൺ മസ്‌ക് തന്‍റെ എല്ലാ ട്വീറ്റുകളും ആദ്യം നിങ്ങളെ കാണിക്കുന്നതിനായി ഒരു പ്രത്യേക സംവിധാനം സൃഷ്‍ടിച്ചു എന്ന തലക്കെട്ടിലുള്ള ഒരു കുറിപ്പ് പങ്കിട്ടുകൊണ്ടായിരുന്നു ആൾട്ട്മാൻ മസ്‌കിന്‍റെ കൃത്രിമത്വ ആരോപണങ്ങൾ അദേഹത്തിനെതിരെ തന്നെ തിരിച്ചുവിട്ടത്. എക്‌സിന്‍റെ അൽഗോരിതം മസ്‌കിന്‍റെ ഉള്ളടക്കത്തിന് എങ്ങനെ മുൻഗണന നൽകുന്നുവെന്നും എതിരാളികളെ അടിച്ചമർത്താൻ സാധ്യതയുണ്ടെന്നുമുള്ള സൂചന നൽകിക്കൊണ്ടാണ് സാം അൾട്ട്മാന്‍റെ മറുപടി.
എന്തായാലും വിഷയം ഇപ്പോൾ വളരെ ചൂടേറിയതായി മാറിയിരിക്കുന്നു. ഇലോണ്‍ മസ്‌ക്- സാം ആള്‍ട്ട്‌മാന്‍ വാക്‌പോര് കോടതിയിലെത്താനും സാധ്യതയുണ്ട്. ഇരുവരും തമ്മില്‍ വർഷങ്ങളായി തുടരുന്ന വൈരാഗ്യത്തിലെ ഏറ്റവും പുതിയതാണ് ഈ സംഭവങ്ങൾ. ഇത് വ്യക്തിപരവും പരസ്യവുമായ രീതിയിൽ വളർന്നുവരികയാണ് എന്നതാണ് ശ്രദ്ധേയം. 2018-ൽ ആണ് ഓപ്പൺഎഐയുടെ ഡയറക്‌ടര്‍ ബോർഡിൽ നിന്ന് ഇലോണ്‍ മസ്‌ക് പുറത്തുപോയത്. ഇതിനുശേഷം മസ്‍കും അൾട്ട്‌മാനും കടുത്ത എതിരാളികളായി മാറി. എഐ സുരക്ഷാ പ്രോട്ടോക്കോളുകൾ മുതൽ ബിസിനസ് ധാർമ്മികത വരെയുള്ള എല്ലാ കാര്യങ്ങളിലും ഇരുവരും ഏറ്റുമുട്ടി. മസ്‌ക് ഓപ്പൺഎഐയുടെ നേരിട്ടുള്ള എതിരാളിയായി എക്സ്എഐ ആരംഭിച്ചതിനുശേഷം അവരുടെ ശത്രുത കൂടുതൽ ശക്തമായി.



