ആപ്പിള്‍ ഇന്ത്യയിലെ സേവനങ്ങള്‍ വിപുലീകരിക്കുന്നു. ഇന്ത്യയിലെ അഞ്ചാമത്തെ ആപ്പിള്‍ റീടെയ്‌ല്‍ വില്‍പന കേന്ദ്രം നോയിഡയിലെ ഡിഎല്‍എഫ് മാളില്‍ നാളെ ഉദ്ഘാടനം ചെയ്യും.
നോയിഡ: ഇന്ത്യയില്‍ ആപ്പിളിന്‍റെ അഞ്ചാം സ്റ്റോര്‍ നാളെ നോയിഡയില്‍ ഉദ്ഘാടനം ചെയ്യും. നോയിഡയിലെ ഡിഎല്‍എഫ് മാളിലാണ് ആപ്പിള്‍ സ്റ്റോര്‍ തുറക്കുന്നത്. നോയിഡയില്‍ ആപ്പിളിന്‍റെ ആദ്യ റീടെയ്‌ല്‍ സ്റ്റോര്‍ കൂടിയാണിത്. പുതിയ ആപ്പിള്‍ സ്റ്റോറില്‍ കമ്പനിയുടെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമായിരിക്കും. ഉപഭോക്താക്കളെ സഹായിക്കാനായി 80 പേരുടെ സംഘമാണ് നോയിഡ ആപ്പിള്‍ സ്റ്റോറിലുണ്ടാവുക എന്നാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്.
ഇന്ത്യയിലെ അഞ്ചാം ആപ്പിള്‍ സ്റ്റോര്‍
നോയിഡയിലെ ആപ്പിള്‍ സ്റ്റോറില്‍ കമ്പനിയുടെ ഐഫോണുകളും മാക്‌ബുക്കുകളും ആപ്പിള്‍ വാച്ചുകളും അടക്കമുള്ള എല്ലാത്തരം ഉത്പന്നങ്ങളും ലഭ്യമായിരിക്കും. ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാരുടെ വിദഗ്‌ധ നിര്‍ദ്ദേശങ്ങളോടെ ഏറ്റവും പുതിയ ഐഫോണ്‍ 17 ലൈനപ്പ് അടക്കമുള്ള സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ നിന്ന് വാങ്ങാം. ടുഡേ അറ്റ് ആപ്പിള്‍ എന്ന പരിപാടിയിലൂടെ വിദഗ്‌ദ നിര്‍ദ്ദേശങ്ങളും വ്യക്തിഗത പിന്തുണയും സ്റ്റോറിലെത്തുന്നവര്‍ക്ക് ലഭിക്കും. നോയിഡയില്‍ പുതിയ ‘ആപ്പിള്‍ റീടെയ്‌ല്‍ സ്റ്റോര്‍’ ആരംഭിക്കുന്നതിന്‍റെ ആകാംക്ഷയിലാണെന്ന് ആപ്പിള്‍ റീടെയ്‌ല്‍ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റ വ്യക്തമാക്കി. ഉപഭോക്താക്കളെ സഹായിക്കാന്‍ ജീവനക്കാരെല്ലാം സജ്ജമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
നോയിഡയിലെ ഡിഎല്‍എഫ് മാളിലുള്ള ആപ്പിള്‍ സ്റ്റോറില്‍ 80 പേരുടെ സംഘത്തെയാണ് സേവനങ്ങള്‍ നല്‍കാന്‍ ആപ്പിള്‍ തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഐഫോണ്‍ സീരീസ്, ആപ്പിള്‍ വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് സീരീസ് 11, എം5 ചിപ്പിലുള്ള പുതിയ ഐപാഡ് പ്രോ, 14-ഇഞ്ച് മാക്‌ബുക്ക് പ്രോ എന്നിവ ഇവിടെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടാം. വ്യക്തിഗത ഉപഭോക്തൃ പിന്തുണ, ആപ്പിള്‍ ട്രേഡ്-ഇന്‍, സാമ്പത്തിക സൗകര്യങ്ങള്‍ എന്നിവ ഇവിടെയെത്തുന്ന ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ചോദിച്ചറിയാം.
ഇന്ത്യയിലെ മറ്റ് ആപ്പിള്‍ സ്റ്റോറുകള്‍ ഇവ
2023 ഏപ്രിലില്‍ മുംബൈ ബികെസി, ദില്ലി സാകേത് ആപ്പിള്‍ സ്റ്റോറുകള്‍ വഴിയാണ് ഇന്ത്യയിലെ റീടെയ്‌ല്‍ രംഗത്ത് ആപ്പിള്‍ സാന്നിധ്യമറിയിച്ചത്. ആദ്യ വര്‍ഷം തന്നെ ഈ രണ്ട് സ്റ്റോറുകളും ചേര്‍ന്ന് 800 കോടി രൂപയ്‌ക്കടുത്ത് വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ഹെബ്ബാളിലുള്ള ഫീനിക്‌സ് മാളിലും പൂനെയിലെ കൊറെഗാവ് പാർക്കിലുമാണ് മറ്റ് ആപ്പിള്‍ സ്റ്റോറുകളുള്ളത്. നോയിഡയിലെ സെക്‌ടര്‍ 18-ലുള്ള ഡിഎല്‍എഫ് മാളിലാണ് രാജ്യത്തെ അഞ്ചാം ആപ്പിള്‍ റീടെയ്‌ല്‍ സ്റ്റോര്‍ ഇപ്പോള്‍ തുറക്കുന്നത്.



