ബിക്കിനി ട്രെൻഡ് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അറിയപ്പെട്ട ഈ ട്രെൻഡ് വലിയ സുരക്ഷാ വീഴ്ചയാണ് മുന്നോട്ട് വച്ചിട്ടുള്ളത്.
വിവാദങ്ങൾ ടെസ്ല ഉടമ ഇലോൺ മസ്കിന് ഒരു പുത്തരിയല്ല. എന്നാൽ ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ഗ്രോക്ക് നിലവിലുണ്ടാക്കിയ വിവാദം അത്ര നിസാരമല്ലെന്നാണ് ആഗോള തലത്തിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും ചിത്രങ്ങൾ വലിയ രീതിയിൽ ദുരുപയോഗം ചെയ്യുകയാണ് നിലവിൽ ഗ്രോക്ക് ചെയ്തിട്ടുള്ളത്.ഇതിന് സഹായിച്ചതോ ഗ്രോക്കിന്റെ സ്പൈസി മോഡെന്ന ഫീച്ചറായിരുന്നു.എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങൾ ഉപയോക്താക്കളുടെ അറിവോ അനുമതിയോ കൂടാതെ അർദ്ധ നഗ്നമാക്കാൻ സഹായിച്ചതാണ് ഗ്രോക്ക് ഒടുവിൽ ചെയ്തത്. ഇതോടെ ട്വിറ്ററിൽ കുട്ടികളുടേയും സ്ത്രീകളുടേയും നഗ്നചിത്രങ്ങൾ കൊണ്ടുനിറയുന്ന സ്ഥിതിയും വന്നു. സാധാരണ വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളുടേയും കുട്ടികളുടേയും ചിത്രങ്ങളാണ് ഇത്തരത്തിൽ വലിയ രീതിയിൽ ഗ്രോക്ക് അർദ്ധ നഗ്നമാക്കി മാറ്റിയത്. ബിക്കിനി ട്രെൻഡ് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അറിയപ്പെട്ട ഈ ട്രെൻഡ് വലിയ സുരക്ഷാ വീഴ്ചയാണ് മുന്നോട്ട് വച്ചിട്ടുള്ളത്. സാധാരണ ചിത്രങ്ങൾ നൽകിയാൽ നിമിഷങ്ങൾക്കുള്ളിൽ ഗ്രോക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സഹായത്തോടെ സെക്കന്റുകൾക്കുള്ളിൽ അവ അർദ്ധ നഗ്ന ചിത്രങ്ങളാക്കും.
ഗ്രോക്കിന്റെ തമാശയെന്ന പ്രതികരണത്തിൽ ചുവട് തെറ്റി ഇലോൺ മസ്ക്
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങൾ പോലും ഇത്തരത്തിൽ ലൈംഗികമായി ചിത്രീകരിക്കാൻ ഗ്രോക്ക് അനുവദിക്കുന്നുവെന്നതാണ് നിലവിൽ നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും മസ്കിനെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നതിന് പിന്നിലുള്ള കാരണം. ഇതിന് പിന്നാലെ പതിവ് ശൈലിയിൽ ഗ്രോക്കിന്റെ ഈ ഫീച്ചറിനെ തമാശയെന്ന രീതിയിൽ മസ്ക് നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ വിമർശനം പല തലങ്ങളിൽ നിന്നും ശക്തമായി. ഇന്ത്യയിലടക്കം നിരവധി ചിത്രങ്ങളാണ് ഇത്തരത്തിൽ ട്വിറ്ററിൽ നിറഞ്ഞത്. വിവാദമായതിന് പിന്നാലെ കേന്ദ്ര ഐടി മന്ത്രാലയം ശ്ലീലമായ കണ്ടന്റുകൾ ഉടൻ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും മസ്കിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവാദങ്ങൾ ഏറെ പക്ഷേ ഗ്രോക്ക് മസ്കിന് തലവേദനയാവുന്ന ആദ്യത്തെ സംഭവം
ഇത് ആദ്യമായല്ല ഇലോൺ മസ്കിന്റെ ഗ്രോക്ക് വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. നേരത്തെ ചില ചോദ്യങ്ങൾക്ക് മറുപടിയായി ഗ്രോക്ക് ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഏറ്റവും അധികം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഗ്രോക്കിന്റെ ഉടമയായ ഇലോൺ മസ്ക് തന്നെയാണ് എന്നാണ് ഗ്രോക്ക് വിശദമാക്കിയത്. തദ്ദേശീയമായ ഭാഷയിൽ വരെ അസഭ്യ പ്രയോഗങ്ങൾ ഗ്രോക്ക് സർവ്വസാധാരണമായി നടത്തിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു പേന പോലെയാണെന്നും അത് ഉപയോഗിക്കുന്നവരാണ് ഉത്തരവാദികളെന്നുമുള്ള മസ്കിന്റെ ന്യായീകരണം ഇത്തവണ ചെലവാകില്ലെന്ന സൂചനയാണ് അന്തർദേശീയ തലങ്ങളിൽ ഉയരുന്നത്. ഇതിന്റെ അടയാളമെന്ന രീതിയിലാണ് ഗ്രോക്കിന്റെ സുരക്ഷാ നടപടികളിൽ മക്സ് ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. പിന്നാലെ സംഭവിച്ച പാകപ്പിഴയ്ക്ക് ഗ്രോക്ക് തന്നെ മാപ്പ് അപേക്ഷയുമായി എത്തി.
ഇനി ഇത്തരം പ്രോംപ്റ്റുകൾ തടയാനുള്ള സംവിധാനങ്ങൾ അടിയന്തരമായി പരിഷ്കരിക്കുകയാണെന്നും ഗ്രോക്ക് വിശദമാക്കി.ഗ്രോക്ക് ഉപയോഗിച്ച് നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മസ്കും വിശദമാക്കി.ഇതിന് പിന്നാലെ നഗ്നത, ലൈംഗിക അതിക്രമം, പ്രായപൂർത്തിയാകാത്തവരുടെ ചിത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിക്കുന്നത് തടയാൻ ഗ്രോക്കിന്റെ അൽഗോരിതത്തിൽ മാറ്റം വരുത്താനും മസ്ക് തയ്യാറായി. ഇതിന് പിന്നാലെ ഇത്തരം ചിത്രങ്ങളുണ്ടാക്കിയ അക്കൌണ്ടുകൾ സ്ഥിരമായി മരവിപ്പിക്കാൻ പ്രത്യേക വിഭാഗത്തെയും എക്സിൽ നിയോഗിച്ചിട്ടുണ്ട്.


