എക്‌സ്എഐ ഉടമയായ ഇലോണ്‍ മസ്‌ക് ഗ്രോക്കിപീഡിയ എന്ന ഓണ്‍ലൈന്‍ വിജ്ഞാന പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഗ്രോക്കിപീഡിയ 0.1 എത്തിയിരിക്കുന്നത് ജനപ്രിയമായ വിക്കിപീഡിയയ്ക്ക് ബദലെന്ന അവകാശവാദവുമായി. 

കാലിഫോര്‍ണിയ: സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് എതിരാളിയായി ഇലോണ്‍ മസ്‌കിന്‍റെ എക്‌സ്എഐ ഗ്രോക്കിപീഡിയയുടെ ആദ്യ വേര്‍ഷന്‍ പുറത്തിറക്കി. ഗ്രോക്കിപീഡിയ 0.1 (Grokipedia v0.1) ലോഞ്ച് ചെയ്‌തതായി തന്‍റെ എക്‌സ് അക്കൗണ്ടിലൂടെ മസ്‌ക് തന്നെയാണ് പ്രഖ്യാപനം നടത്തിയത്. വിക്കിപീഡിയയേക്കാള്‍ പത്ത് മടങ്ങ് മികച്ചതായിരിക്കും ഗ്രോക്കിപീഡിയ എന്ന് മസ്‌ക് അവകാശപ്പെട്ടു. പൂര്‍ണമായും എഐ അധിഷ്‌ഠിതമായ വിജ്ഞാന പ്ലാറ്റ്‌ഫോമായ ഗ്രോക്കിപീഡിയ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് നേരിട്ടും ഗ്രോക്കിപീഡിയ ഡോട് കോം എന്ന വിലാസം വഴിയും ആക്‌സസ് ചെയ്യാം. മസ്‌കിന്‍റെ സ്വന്തം എഐ കമ്പനിയായ എക്‌സ്എഐ വികസിപ്പിച്ച എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കിനെ പ്രയോജനപ്പെടുത്താനുള്ള അടുത്ത നീക്കമായി ഗ്രോക്കിപീഡിയ വിലയിരുത്തപ്പെടുന്നു.

ഇലോണ്‍ മസ്‌കിന്‍റെ ഗ്രോക്കിപീഡിയ

വിക്കിപീഡിയയ്‌ക്ക് ബദലായി ഗ്രോക്കിപീഡിയ പുറത്തിറക്കുമെന്ന് ഇലോണ്‍ മസ്‌ക് 2025 സെപ്റ്റംബര്‍ മാസം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും അധികം പേര്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളിലൊന്നായ വിക്കിപീഡിയയേക്കാള്‍ മികവും കൃത്യതയും ഈ പ്ലാറ്റ്‌ഫോമിനുണ്ടാകുമെന്നും മസ്‌ക് അവകാശപ്പെട്ടിരുന്നു. യഥാര്‍ഥ വിവരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പക്ഷപാതരഹിതവും അജണ്ടകളില്ലാത്തതുമായ ഒരു ഓണ്‍ലൈന്‍ വിജ്ഞാനകോശം സ്ഥാപിക്കുക എന്നതാണ് ഗ്രോക്കിപീഡിയയുടെ പ്രധാന ലക്ഷ്യം എന്നാണ് മസ്‍കിന്‍റെ വാദം. മറ്റ് സ്ഥാപനതാത്പര്യങ്ങളൊന്നും ഗ്രോക്കിപീഡിയക്കുണ്ടാവില്ലെന്നും ഇലോണ്‍ മസ്‌ക് വാദിക്കുന്നു. എക്‌സ്എഐയുടെ ചാറ്റ്ബോട്ടായ ഗ്രോക്കിൽ നിന്നും വിക്കിപീഡിയയിൽ നിന്നുമുള്ള ഉള്ളടക്കം ഉൾപ്പെടെ വലിയ അളവിലുള്ള ഡാറ്റകള്‍ ഉപയോഗപ്പെടുത്തിയാണ് ഗ്രോക്കിപീഡിയ ഇലോണ്‍ മസ്‌കിന്‍റെ കമ്പനി വികസിപ്പിക്കുന്നത്. എന്നാല്‍ നിലവില്‍ പതിമിതമായ ഭാഷകളും ലേഖനങ്ങളും മാത്രമേ ഗ്രോക്കിപീഡിയ v0.1-ല്‍ ലഭ്യമായിട്ടുള്ളൂ.

എന്തൊക്കെയാണ് ഗ്രോക്കിപീഡിയ v0.1-ലുള്ളത്?

ലളിതമായ ഡിസൈനിലാണ് ഗ്രോക്കിപീഡിയയുടെ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഗ്രോക്കിപീഡിയ വേര്‍ഷന്‍0.1 എന്ന് മാത്രമെഴുതി വളരെ ലളിതമായ ഹോം പേജ് കാണാം. സെര്‍ച്ച് ബാറും ലോഗിനും ഡാര്‍ക്ക് മോഡ്, ലൈറ്റ് മോഡ്, സിസ്റ്റം മോഡ് ഓപ്ഷനുകളും മാത്രമേ ഹോം പേജിലുള്ള ദൃശ്യമാകുന്ന മറ്റ് ഓപ്ഷനുകള്‍. 9 ലക്ഷത്തിനടുത്ത് ലേഖനങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത് എന്നും ഗ്രോക്കിപീഡിയ വ്യക്തമാക്കുന്നു. സെര്‍ച്ച് ബാറില്‍ നാം ഏതെങ്കിലും വിഷയം തിരഞ്ഞാല്‍, വിക്കിപീഡിയ മാതൃകയില്‍ തന്നെ സജഷനുകള്‍ തെളിയും.

ലോകത്ത് ഏറ്റവും പ്രചാരമുള്ള ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ നിരന്തര വിമര്‍ശകനാണ് ടെസ്‌ല, സ്പേസ് എക്‌സ്, എക്‌സ്എഐ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ സ്ഥാപകനായ ഇലോണ്‍ മസ്‌ക്. വിക്കിപീഡിയയുടെ ഫണ്ടിംഗ് സുതാര്യമല്ലെന്നും ഇടതുപക്ഷ ലിബറൽ പക്ഷപാതം അനുസരിച്ചാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും മസ്‌ക് മുമ്പ് ആരോപിച്ചിരുന്നു. വിക്കിപീഡിയയുടെ പേര് താന്‍ പറയുന്ന രീതിയിലേക്ക് മാറ്റിയാൽ വിക്കിപീഡിയയ്ക്ക് ഒരു ബില്യൺ ഡോളർ നൽകാമെന്ന് പറഞ്ഞ് 2023 ഒക്‌ടോബറില്‍ മസ്‍ക് പരിഹസിച്ചിരുന്നു. 'ഈ ഓഫർ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ'- എന്ന് 2025 ഫെബ്രുവരിയിൽ എക്‌സിലെ ഉപയോക്താക്കൾ ചോദിച്ചതിന് മറുപടിയായി മസ്‍ക് തന്‍റെ വിചിത്ര വാഗ്‌ദാനം വീണ്ടും ആവർത്തിക്കുകയും ചെയ്‌തു. വിക്കിപീഡിയയിലെ വിവരങ്ങള്‍ കൃത്യമാക്കാന്‍ വേണ്ടിയാണ് താന്‍ ഇടപെടുന്നതെന്ന് അവകാശപ്പെടുന്ന ഇലോണ്‍ മസ്‌ക്, വിക്കിപീഡിയയുടെ സൃഷ്‌ടാക്കളായ വിക്കിമീഡിയ ഫൗണ്ടേഷന്‍റെ ധനസമ്പാദന ക്യാംപയിനുകളുടെ വിമര്‍ശകനുമാണ്.

അവതരിച്ചപ്പോഴേ പുലിവാല്‍ പിടിച്ച് ഗ്രോക്കിപീഡിയ

ഇലോണ്‍ മസ്‌ക് അവതരിപ്പിച്ചതിന് പിന്നാലെ ഗ്രോക്കിപീഡിയ ഇന്‍റര്‍നെറ്റില്‍ ലഭ്യമല്ലാതായി. ഉയര്‍ന്ന ഇന്‍റര്‍നെറ്റ് ട്രാഫിക്കാണ് വെബ്‌സൈറ്റ് തകരാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം ഗ്രോക്കിപീഡിയ തിരിച്ചെത്തുകയും ചെയ്‌തു. വിക്കിപീഡിയക്ക് ബദലെന്ന് അവകാശപ്പെട്ട് ഇലോണ്‍ മസ്‌ക് അവതരിപ്പിച്ച ഗ്രോക്കിപീഡിയയിലെ പല ലേഖനങ്ങളും വിക്കിപീഡിയക്ക് സമാനമാണെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. വിക്കിപീഡിയയ്‌ക്ക് ഇടത് പക്ഷപാതിത്വമാണെന്ന് വിമര്‍ശിച്ച് മസ്‌ക് തുടങ്ങിയ ഗ്രോക്കിപീഡിയ ഇപ്പോള്‍ തന്നെ വലതുപക്ഷ സ്വഭാവം കാട്ടുന്നുണ്ട് എന്ന വിമര്‍ശനവും വന്നിട്ടുണ്ട്. 'ജെന്‍ഡര്‍' പോലുള്ള വിഷയങ്ങളില്‍ ഗ്രോക്കിപീഡിയ നല്‍കുന്ന ഉത്തരം പ്ലാറ്റ്‌ഫോമിന്‍റെയും ഇലോണ്‍ മസ്‌കിന്‍റെയും വലതുപ്രീണനം വ്യക്തമാക്കുന്നതാണ് എന്നാണ് വിമര്‍ശനം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്