പുത്തന്‍ ആധാര്‍ ആപ്പ് വഴി, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ഇപ്പോള്‍ വളരെ എളുപ്പം അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. ആധാര്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേഷനെ കുറിച്ച് അറിയേണ്ടതെല്ലാം. 

ദില്ലി: ആധാർ സേവനങ്ങൾ പൊതുജനങ്ങള്‍ക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ ആധാർ ആപ്പുമായി യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഇനി നിങ്ങളുടെ ആധാർ കാർഡിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള മൊബൈൽ നമ്പർ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അപ്ഡേറ്റ് ചെയ്യാൻ കഴിയും. ഇന്ന് പുറത്തിറങ്ങുന്ന പുത്തന്‍ ആധാർ ആപ്പിന്‍റെ പൂർണ്ണ പതിപ്പിൽ ആളുകൾക്ക് ഈ സൗകര്യം ലഭിക്കും. ഇതുവരെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ ആളുകള്‍ക്ക് ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടിവന്നിരുന്നു. എന്നാല്‍ പുതിയ സൗകര്യം ഉപയോഗിച്ച്, ഈ അപ്‌ഡേഷന്‍ വീട്ടിൽ ഇരുന്നുകൊണ്ട് എപ്പോൾ വേണമെങ്കിലും നിങ്ങള്‍ക്ക് ചെയ്യാൻ കഴിയും. ഇതാ ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ ആധാര്‍ ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച് അറിയേണ്ടതെല്ലാം.

ആധാര്‍ ആപ്പ് വഴി മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെ

1. നിങ്ങളുടെ ഫോണിൽ പുതിയ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യുക

2. പുതിയ ആധാർ ആപ്പിൽ സൈൻ ഇൻ ചെയ്യുക.

3. സ്ക്രീനിന്‍റെ താഴെയുള്ള പോപ്പ്-അപ്പ് മുകളിലേക്ക് സ്വൈപ്പ് ചെയ്യുക.

4. 'സേവനങ്ങൾ' വിഭാഗത്തിന് കീഴിൽ, 'മൈ ആധാർ അപ്‌ഡേറ്റ്' തിരഞ്ഞെടുക്കുക.

5. മൊബൈൽ നമ്പർ അപ്‌ഡേറ്റ് ടാപ്പ് ചെയ്ത് തുടരുക അമർത്തുക

6. പുതിയ മൊബൈൽ നമ്പർ നൽകുക.

7 സെൻഡ് ഓടിപി ടാപ്പ് ചെയ്യുക

8 നിങ്ങളുടെ പുതിയ ഫോൺ നമ്പറിലേക്ക് ലഭിച്ച ഒടിപി നൽകുക

9. വെരിഫൈ ടാപ്പ് ചെയ്യുക

10. ഇപ്പോൾ, നിങ്ങളെ ഫേസ് വെരിഫിക്കേഷൻ സ്‌ക്രീനിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടും

11. ഫേസ് വെരിഫിക്കേഷൻ സ്‌ക്രീനിൽ എത്തിയാൽ ഫേസ് ഒതന്‍റിക്കേഷൻ അമർത്തുക. തുടരുക ടാപ്പ് ചെയ്യുക.

12. നിങ്ങളുടെ മുഖം വൃത്തത്തിനുള്ളിൽ വയ്ക്കുക, ഫോൺ നിശ്ചലമായി വയ്ക്കുക, സ്ഥിരീകരണത്തിനായി വൃത്തം പച്ചയായി മാറുന്നത് കാത്തിരിക്കുക

13. ഇത് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് പേയ്‌മെന്‍റ് പേജിൽ എത്താം.

14. നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയ പൂർത്തിയാക്കാൻ പേയ്‌മെന്‍റ് പൂർത്തിയാക്കുക.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്