വാട്‌സ്ആപ്പില്‍ നിന്ന് മറ്റ് മെസേജിംഗ് ആപ്പുകളിലേക്ക് മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന ഫീച്ചറാണ് മെറ്റ തയ്യാറാക്കുന്നത്. വാട്‌സ്ആപ്പ് ക്രോസ്-പ്ലാറ്റ്‌ഫോം മെസേജിംഗ് സവിശേഷത ആദ്യം ലഭ്യമാവുക യൂറോപ്പില്‍.
കാലിഫോര്‍ണിയ: വാട്‌സ്ആപ്പിന് ബദലെന്ന നിലയില്‍ അടുത്തിടെ വളരെ പെട്ടെന്ന് ജനപ്രീതി നേടിയ ഇന്ത്യൻ ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പായ അറാട്ടൈ ഇപ്പോൾ റാങ്കിംഗിൽ ഏറെ പിന്നിലേക്ക് പോയിരിക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലെ മികച്ച 100 ട്രെൻഡിംഗ് ആപ്പുകളുടെ പട്ടികയിൽ നിന്ന് അറട്ടൈ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തായി. ഇതിനിടെ അറട്ടൈയ്ക്ക് ഇരുട്ടടിയുമായി മറ്റൊരു വാർത്തകൂടി എത്തിയിരിക്കുന്നു. അറട്ടൈയുടെ സഹസ്ഥാപകനായ ശ്രീധർ വെമ്പുവിന്‍റെ ഇന്‍ററോപ്പറബിളിറ്റി എന്ന ഫീച്ചർ സങ്കല്‍പം അറട്ടൈയ്ക്ക് മുമ്പേ വാട്‌സ്ആപ്പ് നടപ്പിലാക്കാൻ പോകുന്നു എന്നതാണ് ആ വാർത്ത. ഈ സവിശേഷത ഓരോ വാട്‌സ്ആപ്പ് ഉപയോക്താവിന്‍റെയും ചാറ്റിംഗ് അനുഭവം പുതുക്കിപ്പണിയും.
എന്താണ് ഇന്‍ററോപ്പറബിലിറ്റി ഫീച്ചർ?
ഇന്‍ററോപ്പറബിലിറ്റി എന്നത് വ്യത്യസ്‌ത പ്ലാറ്റ്‌ഫോമുകൾക്കിടയിൽ കണക്റ്റുചെയ്യാനോ ആശയവിനിമയം നടത്താനോ (ക്രോസ്-പ്ലാറ്റ്‌ഫോം മെസേജിംഗ്) ഉള്ള കഴിവിനെ സൂചിപ്പിക്കുന്നു. ഒരു ആപ്പിൽ നിന്ന് മറ്റൊന്നിലേക്ക് പണം അയയ്ക്കാൻ യുപിഐ നിങ്ങളെ അനുവദിക്കുന്നതുപോലെ, ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പുകളും ഇപ്പോൾ ഈ സവിശേഷത അവതരിപ്പിക്കുകയാണ്. അതായത് ഭാവിയിൽ, ആപ്പുകൾ മാറാതെ തന്നെ നിങ്ങൾക്ക് വാട്‌സ്ആപ്പില്‍ നിന്ന് ടെലിഗ്രാമിലേക്കോ സിഗ്നലിലേക്കോ അറട്ടൈയിലേക്കോ ഒക്കെ നേരിട്ട് സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും.
ക്രോസ്-ആപ്പ് ചാറ്റിംഗ് വാട്‌സ്ആപ്പ് പരീക്ഷണം ആരംഭിച്ചു
അറട്ടൈ സഹസ്ഥാപകനായ ശ്രീധർ വെമ്പു, തന്‍റെ ടീം ഇന്ററോപ്പറബിലിറ്റിയുടെ സാധ്യത പരിശോധിക്കുകയാണെന്ന വിവരം അടുത്തിടെ എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചിരുന്നു എന്നതാണ് ശ്രദ്ധേയം. ഈ ഫീച്ചർ മെസേജിംഗിഗ് ആപ്പുകൾക്കിടയിലുള്ള കുത്തക തകർക്കുമെന്നും ഉപയോക്താക്കൾക്ക് കൂടുതൽ ചോയ്‌സ് നൽകുമെന്നും അദേഹം പറഞ്ഞിരുന്നു. അതേസമയം, അറട്ടൈയില്‍ എത്തും മുമ്പേ വാട്‌സ്ആപ്പ് ഈ ഫീച്ചർ പരീക്ഷിച്ചു തുടങ്ങി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ഈ പുതിയ സവിശേഷത ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്ന് വാട്‍സ്‌ആപ്പ് ട്രാക്കറായ വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. അതായത് ഉടൻതന്നെ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായേക്കാം.
മെറ്റയ്ക്ക് മേൽ യൂറോപ്യൻ യൂണിയൻ സമ്മർദ്ദം
യൂറോപ്യൻ യൂണിയന്‍റെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്‌ട് (DMA) കാരണം മെറ്റ ക്രോസ്-പ്ലാറ്റ്‌ഫോം മെസേജിംഗ് ഫീച്ചര്‍ അവതരിപ്പിക്കാൻ നിർബന്ധിതരാകുകയാണെന്നാണ് റിപ്പോർട്ടുകൾ. ഏതെങ്കിലും ഒരു ആപ്ലിക്കേഷന്‍റെ ആധിപത്യം തടയുന്നതിന് വലിയ ടെക് കമ്പനികൾ അവരുടെ പ്ലാറ്റ്‌ഫോമുകൾ തുറന്ന ആശയവിനിമയത്തിനായി ആക്‌സസ് ചെയ്യാൻ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍റെ നിയമം ആവശ്യപ്പെടുന്നു. ഈ നിയമം അനുസരിച്ചാണ് വാട്‍സ്ആപ്പില്‍ മെറ്റ ഈ ഫീച്ചർ പരീക്ഷിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വാട്‌സ്ആപ്പിന്‍റെ പുതിയ ക്രോസ്-പ്ലാറ്റ്‌ഫോം ചാറ്റിംഗ് ഫീച്ചർ നിലവിൽ യൂറോപ്യൻ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. മറ്റ് രാജ്യങ്ങളിൽ ഇത് എപ്പോൾ ലഭ്യമാകുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല.



