എയർടെൽ 5ജി ഉപയോക്താക്കൾക്കിടയിൽ അൺലിമിറ്റഡ് ഡാറ്റ ഹോട്ട്‌സ്‌പോട്ട് വഴി പങ്കിടുന്നതിൽ ആശയക്കുഴപ്പം. ഹോട്ട്‌സ്‌പോട്ട് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും എയർടെൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത് നയപരമായ മാറ്റമാണോ സാങ്കേതിക തകരാറാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലാതെ ഉപയോക്താക്കൾ ആശങ്കയിലാണ്.

രാജ്യത്തെ എയർടെൽ 5ജി ഉപയോക്താക്കൾക്കിടയിൽ പുതിയ ആശയക്കുഴപ്പം സൃഷ്‍ടിച്ച് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ. മൊബൈൽ ഹോട്ട്‌സ്‌പോട്ട് വഴി മറ്റ് ഉപകരണങ്ങളിലേക്ക് ഇന്റർനെറ്റ് പങ്കിടുമ്പോൾ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്നില്ലെന്നാണ് നിരവധി ഉപയോക്താക്കൾ പരാതിപ്പെടുന്നത്. ഇതോടെ, ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ച് അൺലിമിറ്റഡ് 5ജി ഡാറ്റ പങ്കിടുന്നതിന് എയർടെൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിലുള്ള ചർച്ചകളും സാമൂഹിക മാധ്യമങ്ങളിൽ സജീവമായി.

സ്‌ക്രീൻഷോട്ടുകൾ

ചില ടെക് വെബ്‌സൈറ്റുകൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, എയർടെല്ലിന്റെ നിബന്ധനകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഹോട്ട്‌സ്‌പോട്ട് വഴി പങ്കിടാൻ അനുവദിക്കില്ലെന്നും, ഈ ഓഫർ വ്യക്തിഗതവും വാണിജ്യേതരവുമായ ഉപയോഗത്തിന് മാത്രമാണെന്നും വ്യക്തമാക്കിയതായി പറയുന്ന സ്‌ക്രീൻഷോട്ടുകളാണ് പ്രചരിക്കുന്നത്. എന്നാൽ, ഈ വിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇത്തരമൊരു നിബന്ധന നിലവിൽ എയർടെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്ന് ഓൺലൈൻ ടെക്ക് മാധ്യമമായ ഗാഡ്‍ജറ്റ്സ്360 പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രസിദ്ധീകരിച്ച സമയത്തും കമ്പനിയുടെ 'ടേംസ് ആൻഡ് കണ്ടീഷൻസ്' പേജിൽ ഹോട്ട്‌സ്‌പോട്ട് ഉപയോഗത്തിന് വിലക്കുണ്ടെന്ന തരത്തിലുള്ള യാതൊരു പരാമർശവും ഉണ്ടായിരുന്നില്ല. ഇതോടെ, ചില ഉപയോക്താക്കൾ നേരിടുന്ന പ്രശ്നം ഔദ്യോഗിക നയമാറ്റത്തിന്റെ ഭാഗമാണോ, സാങ്കേതിക തകരാറാണോ, അതോ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന മാറ്റമാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എയർടെൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ നിലവിലുള്ള 5ജി ഉപയോക്താക്കളെ നോൺ-സ്റ്റാൻഡ്‌അലോൺ (NSA), സ്റ്റാൻഡ്‌അലോൺ (SA) സംവിധാനങ്ങൾ സംയോജിപ്പിച്ച ഡ്യുവൽ-മോഡ് 5ജി നെറ്റ്‌വർക്കിലേക്ക് മാറ്റിത്തുടങ്ങിയതായി എയർടെൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ 5ജി അഡ്വാൻസ്ഡ് സാങ്കേതികവിദ്യയുടെ വ്യാപനത്തിന് മുന്നോടിയായാണ് ഈ നീക്കമെന്നും കമ്പനി അറിയിച്ചിരുന്നു.

ഇതിനിടെ, എയർടെൽ തങ്ങളുടെ പോസ്റ്റ്‌പെയിഡ് പ്ലാൻ പട്ടികയിലും മാറ്റം വരുത്തിയിട്ടുണ്ട്. 549 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ കമ്പനി പിൻവലിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിൽ 449 രൂപയുടെ പ്ലാനാണ് എൻട്രി ലെവൽ പോസ്റ്റ്‌പെയ്ഡ് പ്ലാനായി ലഭിക്കുന്നത്. അതിന് മുകളിലുള്ള 699 രൂപയുടെ ഫാമിലി പ്ലാനും മറ്റ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും പഴയപടി തുടരുകയാണ്.