Asianet News MalayalamAsianet News Malayalam

രാജ്യത്ത് സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കാനൊരുങ്ങി കേന്ദ്രം

ക്രിപ്റ്റോകറൻസി ബിൽ ഉടൻ ക്യാബിനറ്റിൽ അവതരിപ്പിച്ചേക്കും. വിഷയം പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാർശക്ക് പിന്നാലെയാണ് നീക്കം. 

india to ban cryptocurrency
Author
Delhi, First Published Feb 11, 2021, 4:31 PM IST

ദില്ലി: രാജ്യത്ത് ബിറ്റ് കോയിന്‍ അടക്കമുള്ള എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളും നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഔദ്യോഗികമായി ക്രിപ്റ്റോ കറന്‍സി ആരംഭിക്കാനും സർക്കാർ പുറത്തിറക്കുന്ന ക്രിപ്റ്റോ കറൻസിക്ക് മാത്രം അംഗീകാരം നൽകാനുമാണ് കേന്ദ്ര നീക്കം. റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ് ഇന്ത്യ ക്രിപ്റ്റോകറന്‍സിക്ക് രൂപം നല്‍കുക. 

രാജ്യത്തെ സ്വകാര്യ ക്രിപ്റ്റോ കറന്‍സികളുടെ ഇടപാടുകളെ കുറിച്ച് ഉന്നതതല സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാര്‍ നടപടിക്കൊരുങ്ങുന്നത്. ബിറ്റ്കോയിൻ എഥീറിയം, ഡോഷ്കോയിന്‍ തുടങ്ങിയസ്വകാര്യ ക്രിപ്റ്റോ കറന്‍സികളിലുമുള്ള ഇടപാട് നടത്താന്‍ ഇതോടെ വ്യക്തികള്‍ക്ക് അനുമതിയുണ്ടാകില്ല. ഉടന്‍ ക്രിപ്റ്റോ കറന്‍സി ബില്‍ ക്യാബിനെറ്റില്‍ അവതരിപ്പിക്കും. ഇപ്പോള്‍ തയ്യാറാക്കുന്ന കരട് ബില്ലില്‍ ഇടപാട് നടത്തുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികള്‍ക്ക് ശുപാര്‍ശ ഉണ്ടെന്നാണ് സൂചന. 

സ്വകാര്യ ക്രിപ്റ്റോ കറന്‍സി നിരോധിക്കുന്നതില്‍ കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ പാര്‍ലമെന്‍റില്‍ പ്രതികരണവും നടത്തിയിരുന്നു. ഇതോടെയാണ് നടപടി വൈകാതെ ഉണ്ടാകുമെന്ന സൂചന ശക്തമായത്. സ്വകാര്യ ഇടപാട് നിരോധിക്കുന്നതിനൊപ്പം ഔദ്യോഗികമായി സർക്കാര്‍ വിർച്വല്‍ കറന്‍സി പുറത്തിറക്കാനുള്ള നീക്കവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചൈന,സിങ്കപ്പൂര്‍ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നിലവില്‍ ഔദ്യോഗിക ക്രിപ്റ്റോ കറന്‍സി ഉണ്ട്. നേരത്തെയും ക്രിപ്റ്റോ കറന്‍സിക്കെതിരെ സർക്കാര്‍ നടപടിയെടുത്തെങ്കിലും സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇടപാടിന് അനുമതി ലഭിക്കുകയായിരുന്നു. നിലവില്‍ 70 ലക്ഷം ഇന്ത്യക്കാരുടെ കൈയ്യിലായി നൂറ് കോടിക്ക് മുകളില്‍ മൂല്യമുള്ള ക്രിപ്റ്റോ കറന്‍സിയുണ്ടെന്നാണ് അനുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ 700 ശതമാനത്തിന്‍റെ വർധനയുണ്ടായെന്നാണ് കണക്ക്. 

ഇന്ത്യ ഔദ്യോഗിക ക്രിപ്റ്റോ കറന്‍സി ഇറക്കിയേക്കും; സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കും?..

Follow Us:
Download App:
  • android
  • ios