ഇന്‍സ്റ്റഗ്രാമില്‍ വാച്ച് ഹിസ്റ്ററി എത്തി, എങ്ങനെ ആക്‌സസ് ചെയ്യാമെന്ന് വിശദമായി അറിയാം. മുമ്പ് ഇന്‍സ്റ്റയില്‍ കണ്ട റീലുകള്‍ തപ്പിയെടുക്കുക വലിയ പ്രയാസമായിരുന്ന സ്ഥാനത്താണ് പുതിയ ഓപ്ഷന്‍റെ വരവ്. 

ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ കണ്ട റീല്‍സ് വീണ്ടും കാണാം. തപ്പിയെടുക്കല്‍ വലിയ പാടാണെന്ന് ഇനി പറയേണ്ട. ഇന്‍സ്റ്റഗ്രാം റീല്‍സുകള്‍ക്ക് 'വാച്ച് ഹിസ്റ്ററി' അവതരിപ്പിച്ചിരിക്കുകയാണ്. എങ്ങനെയാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് റീല്‍സ് വാച്ച് ഹിസ്റ്ററി കണ്ടെത്തുക, അഥവാ മുമ്പ് കണ്ട റീല്‍സ് വീണ്ടും കാണാനാവുക എന്ന് നോക്കാം. നിങ്ങള്‍ മുമ്പ് കണ്ട റീലുകള്‍ അനായാസം ഫില്‍ട്ടര്‍ ചെയ്‌ത് കണ്ടെത്താനുള്ള സൗകര്യവുമുണ്ട്. അനാവശ്യമായ റീലുകള്‍ വാച്ച് ഹിസ്റ്ററിയില്‍ നിന്ന് ഒഴിവാക്കാനും വഴിയുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ വാച്ച് ഹിസ്റ്ററി എത്തി

വാച്ച് ഹിസ്റ്ററി എന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം നാം കാണുന്ന വാച്ച് ഹിസ്റ്ററിക്ക് സമാനമായ ഓപ്ഷനാണിത്. മുമ്പ് കണ്ട റീല്‍സുകള്‍ “Watch History” എന്ന ഓപ്ഷന്‍ വഴി കണ്ടെത്താം. കണ്ടുകഴിഞ്ഞ ഒരു റീല്‍ തപ്പി കണ്ടുപിടിക്കുക മുമ്പ് വളരെ സങ്കീര്‍ണമായിരുന്നു. ആളുകളുടെയോ അക്കൗണ്ടുകളുടേയോ പ്രൊഫൈല്‍ നെയിം അറിയാമെങ്കിലല്ലാതെ റീല്‍സുകള്‍ തപ്പിയെടുക്കുക വലിയ പ്രയാസമായിരുന്നു. ഇതിനൊരു പരിഹാരമാണ് പുതിയ വാച്ച് ഹിസ്റ്ററി ഓപ്ഷന്‍ നല്‍കുന്നതെന്ന് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മൊസ്സേരി പറയുന്നു. ഏറ്റവും പുതിയത് (Newest to oldest), തീയതി (Dates), ഓതര്‍ നെയിമുകള്‍ (Authors) എന്ന ഫില്‍ട്ടറുകള്‍ ഉപയോഗിച്ച്, നാം മുമ്പ് കണ്ട റീല്‍സുകള്‍ അനായാസം തപ്പിയെടുക്കാന്‍ പുത്തന്‍ ഫീച്ചര്‍ വഴിയാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

എങ്ങനെയാണ് ഇന്‍സ്റ്റഗ്രാമില്‍ വാച്ച് ഹിസ്റ്ററി ആക്‌സസ് ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യം പ്രൊഫൈല്‍ പേജില്‍ പ്രവേശിച്ച് വലത് വശത്ത് ഏറ്റവും മുകളിലായി കാണുന്ന മെനു ഐക്കണ്‍ (മൂന്ന് വരകള്‍) ക്ലിക്ക് ചെയ്യുക. ഇതില്‍ നിന്ന് യുവര്‍ ആക്റ്റിവിറ്റി (Your activity) എന്ന ഓപ്ഷന്‍ ടാപ് ചെയ്യുക. യുവര്‍ ആക്റ്റിവിറ്റി ഓപ്പണ്‍ ചെയ്യുമ്പോള്‍ തുറന്നുവരുന്ന ടാബ് താഴേക്ക് സ്‌ക്രോള്‍ ചെയ്‌താല്‍, 'ഹൗ യു യൂസ് ഇന്‍സ്റ്റഗ്രാം' എന്ന ഓപ്ഷന് കീഴിലായി വാച്ച് ഹിസ്റ്ററി ഓപ്ഷന്‍ കാണാം. ഇത് സെലക്‌ട് ചെയ്‌ത ശേഷം നമുക്കാവശ്യമുള്ള ഫീല്‍ട്ടര്‍ തിരഞ്ഞെടുത്ത് റീല്‍സ് കണ്ടെത്താം. നേരത്തെ സൂചിപ്പിച്ചതുപോലെ ഏറ്റവും പുതിയത്, തീയതി, ഓതര്‍ നെയിമുകള്‍ എന്നിങ്ങനെയുള്ള ഫീല്‍ട്ടറുകളാണ് സെര്‍ച്ച് ചെയ്യാനായി ഇവിടെയുള്ളത്. നാം അവസാന 30 ദിവസങ്ങള്‍ക്കിടയില്‍ കണ്ട റീല്‍സുകളാണ് ഇത്തരത്തില്‍ വാച്ച് ഹിസ്റ്ററിയില്‍ പ്രത്യക്ഷപ്പെടുക.

അനാവശ്യ റീലുകള്‍ ഒഴിവാക്കാനും അവസരം 

നിങ്ങള്‍ക്ക് വേണമെങ്കില്‍ സെലക്‌ട് ചെയ്‌ത് അനാവശ്യമായ റീലുകള്‍ വാച്ച് ഹിസ്റ്ററിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യാം. ഇതിനായി സ്ക്രീനിന്‍റെ വലതുഭാഗത്ത് ഏറ്റവും മുകളിലായി കാണുന്ന Select എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. ഐഒഎസിലും ആന്‍ഡ്രോയ്‌ഡിലും വാച്ച് ഹിസ്റ്ററി ഫീച്ചര്‍ എത്തിയെങ്കിലും ഇന്‍സ്റ്റഗ്രാമിന്‍റെ വെബ് പതിപ്പിലേക്ക് വരുന്നതേയുള്ളൂ.