Asianet News MalayalamAsianet News Malayalam

ഹോം സ്ക്രീന്‍ തകര്‍ക്കും, കണ്‍ട്രോള്‍ സെന്‍റര്‍ കസ്റ്റമൈസേഷനും; ഫോട്ടോ ആപ്പിലും വന്‍ അപ്‌ഡേറ്റുമായി ഐഒഎസ് 18

ഹോം സ്ക്രീന്‍ ലേഔട്ട് പരിഷ്‌കാരം അടക്കം എടുത്തുപറയേണ്ട മാറ്റങ്ങള്‍ ഐഒഎസ് 18ല്‍

iOS 18 rolls out Customizable Home Screen and Redesigned Control Center Photo App biggest ever update
Author
First Published Sep 16, 2024, 12:33 PM IST | Last Updated Sep 16, 2024, 12:38 PM IST

ആപ്പിള്‍ കമ്പനി അവരുടെ ഏറ്റവും കരുത്തുറ്റ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന വിശേഷണമുള്ള ഐഒഎസ് 18 പുറത്തിറക്കിയിരിക്കുകയാണ്. ആപ്പിള്‍ ഇന്‍റലിജന്‍സ് അടക്കം വരാനിരിക്കുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിലവില്‍ വന്നിരിക്കുന്ന ഫീച്ചറുകളും മാറ്റങ്ങളും എന്തൊക്കെയാണ് എന്ന് നോക്കാം. ഹോം സ്ക്രീന്‍ ലേഔട്ട് പരിഷ്‌കാരം അടക്കം എടുത്തുപറയേണ്ട മാറ്റങ്ങള്‍ ഐഒഎസ് 18 സോഫ്റ്റ്‌വെയറിലുണ്ട്. 

ഹോം സ്ക്രീന്‍ ലേഔട്ട് കസ്റ്റമൈസേഷന്‍

ഹോം സ്ക്രീനില്‍ എവിടെ വേണെങ്കിലും സൗകര്യപൂര്‍വവും അനായാസവുമായി ആപ്പ് ഐക്കണുകള്‍ ക്രമീകരിക്കാവുന്ന നിലയില്‍ ഹോം സ്ക്രീന്‍ കസ്റ്റമൈസേഷന്‍ ഐഒഎസ് 18 ഒഎസില്‍ വന്നു. ആപ്പ് ഐക്കണുകളുടെ വലിപ്പവും നിറവും മാറ്റാന്‍ സാധിക്കും. ആവശ്യമെങ്കില്‍ ആപ്പുകളുടെ പേര് ഒഴിവാക്കി ഐക്കണുകള്‍ മാത്രം ഹോം സ്ക്രീനില്‍ സെറ്റ് ചെയ്യുകയുമാകാം. 

കണ്‍ട്രോള്‍ സെന്‍ററിലെ മാറ്റം

ഐഫോണുകളില്‍ എയര്‍പ്ലെയിന്‍ മോഡ്, ഡു-നോട്ട്-ഡിസ്റ്റര്‍ബ്, ഫ്ലാഷ്‌ലൈറ്റ്, വോളിയം, സ്ക്രീന്‍ ബ്രൈറ്റ്‌നസ്, മറ്റ് ആപ്പുകള്‍... തുടങ്ങിയവയിലേക്ക് ഇന്‍സ്റ്റന്‍റ് ആക്സസ് നല്‍കുന്ന സംവിധാനമാണ് കണ്‍ട്രോള്‍ സെന്‍റര്‍. ഐഫോണുകളിലെ കണ്‍ട്രോള്‍ സെന്‍ററിലും പ്രകടമായ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവിടെയും കസ്റ്റമൈസേഷനും മെച്ചപ്പെട്ട ഓര്‍ഗനൈസേഷനും ആപ്പിള്‍ വരുത്തി. തേഡ്-പാര്‍ട്ടി ആപ്പുകളുടെ ഉള്‍പ്പടെ കണ്‍ട്രോളുകളുടെ വലിപ്പം ക്രമീകരിക്കാന്‍ കഴിയും. കണ്‍ട്രോള്‍ ഗാലറിയില്‍ നിന്ന് കൂടുതല്‍ കണ്‍ട്രോളുകള്‍ കൂട്ടിച്ചേര്‍ക്കാനും ഐഒഎസ് 18 ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ സാധിക്കും.  

ഫോട്ടോ ആപ്പ് എന്‍ഹാന്‍സ്‌മെന്‍റ്

ഫോട്ടോ ആപ്പില്‍ ആപ്പിള്‍ ചരിത്രത്തിലെ ഏറ്റവും വലിയ റീ-ഡിസൈനാണ് വരുത്തിയിരിക്കുന്നത്. ഫോട്ടോ ആപ്പ് ലളിതമാക്കിയതിനൊപ്പം പുതിയ ഇന്‍റര്‍ഫേസ് അവതരിപ്പിച്ചു. ചിത്രങ്ങളിലെ അനാവാശ്യ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ പുതിയ ക്ലീന്‍ അപ് ടൂള്‍ എത്തി. ചിത്രങ്ങളുടെ മെമ്മറികള്‍ പുത്തന്‍ രീതിയിലാണ് ഇനി പ്രത്യക്ഷപ്പെടുക. 

സഫാരി, മാപ്പ്സ് അപ്‌ഡേറ്റ്, മറ്റ് മാറ്റങ്ങള്‍

വായന അനായാസമാക്കുന്ന തരത്തില്‍ ആപ്പിളിന്‍റെ വെബ് ബ്രൗസറായ സഫാരിയില്‍ വരുത്തിയിരിക്കുന്ന മാറ്റമാണ് ശ്രദ്ധേയമായ മറ്റൊരു അപ്‌ഡേറ്റ്. അനാവശ്യമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാനുള്ള വഴിയുമുണ്ട്. ടോപോഗ്രാഫിക് വ്യൂവോടെയാണ് മാപ്പ്‌സ് എത്തിയിരിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട നാവിഗേഷനായി ഓഫ്‌ലൈന്‍ സപ്പോര്‍ട്ടുമുണ്ട്. മെസേജ് ഷെഡ്യൂള്‍ ചെയ്യാനുള്ള സംവിധാനം, ലോക്ക് സ്‌ക്രീന്‍ കസ്റ്റമൈസേഷന്‍, ഫോക്കസ് മോഡ് എന്‍ഹാന്‍സ്‌മെന്‍റ്, ഇമേജ് പ്ലേ ഗ്രൗണ്ട്, ഗെയിമിംഗ് ആന്‍ഡ് ഓഡിയോ എന്‍ഹാന്‍സ്‌മെന്‍റ് തുടങ്ങി മറ്റനേകം അപ്‌ഡേറ്റുകളും ഐഒഎസ് 18 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ കാണാം. 

Read more: എത്തി ആപ്പിളിന്‍റെ ഐഒഎസ് 18; ഏതൊക്കെ ഐഫോണുകളില്‍ ലഭിക്കും, എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios