ഡീപ്‌സീക്ക് ഉപഭോക്താക്കളെ തെറ്റായ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ചേക്കാം എന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഇറ്റാലിയന്‍ ഏജന്‍സി ഡീപ്‌സീക്കിനെതിരെ കഴിഞ്ഞ ജൂണില്‍ അന്വേഷണം ആരംഭിച്ചത്. 

റോം: ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്കിനെതിരെ ഇറ്റലി 2025 ജൂണ്‍ മാസത്തിലാരംഭിച്ച അന്വേഷണം അവസാനിപ്പിച്ചു. എഐ മോഡല്‍ തെറ്റായ വിവരങ്ങൾ നൽകിയേക്കാമെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാമെന്ന് ഡീപ്‌സീക്ക് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇറ്റലിയുടെ ആന്‍റി‌ട്രസ്റ്റ് അതോറിറ്റി അന്വേഷണം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കളെ തെറ്റായ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ചേക്കാം എന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ്, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇറ്റാലിയൻ നിയന്ത്രണ ഏജന്‍സി കഴിഞ്ഞ ജൂണില്‍ ഡീപ്‌സീക്കിനെതിരെ അന്വേഷണം ആരംഭിച്ചത്.

വളരെ കുറഞ്ഞ ചെലവിൽ ചാറ്റ്‍ജിപിടിയുമായി മത്സരിക്കാൻ കഴിയുന്ന ഒരു എഐ മോഡൽ വികസിപ്പിച്ചതായി 2025 ജനുവരിയില്‍ ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ ഡീപ‌്‌സീക്ക് അവകാശപ്പെടുകയായിരുന്നു. ഓപ്പണ്‍എഐയുടെ ചാറ്റ്‌ ജിപിടി ഓ1-നോട് കിടപിടിക്കുന്ന ചാറ്റ്‌ബോട്ടാണ് ഡീപ്‌സീക്ക് വികസിപ്പിച്ച 'ഡീപ്‌സീക്ക് ആ‌ർ 1' എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍ എന്നായിരുന്നു ആദ്യ വിലയിരുത്തലുകള്‍. ഇതിന് പിന്നാലെ യുഎസ് ഓഹരി വിപണിയില്‍ ചിപ്പ്, ഗ്രാഫിക്സ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ മൂല്യം ഇടിച്ചുതാഴ്‌ത്താന്‍ വരെ ഡീപ്‌സീക്കിനായി. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ്‌ജിപിടിയെ ഡീപ്‌സീക്ക് ഒരുവേള മറികടക്കുകയും ചെയ്‌തു. എന്നാല്‍ ആ ചലനം തുടര്‍ന്നും നിലനിര്‍ത്താന്‍ ഡീപ്‌സീക്ക് എന്ന ചൈനീസ് എഐ കമ്പനിക്കായില്ല.

ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡീപ്‍സീക്ക് ലോകമെമ്പാടുമുള്ള സർക്കാരുകളിൽ നിന്നും റെഗുലേറ്റർമാരിൽ നിന്നും കടുത്ത പരിശോധന നേരിട്ടിരുന്നു. ഡീപ്‍സീക്കിന്‍റെ സുരക്ഷാ നയങ്ങളെയും സ്വകാര്യതയെയും കുറിച്ചായിരുന്നു അന്താരാഷ്ട്ര ആശങ്കകൾ. ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചൈനയിലെ സെർവറുകളിലാണ് ഡീപ്‍സീക്ക് സംഭരിക്കുന്നത് എന്നതായിരുന്നു ഇതിന് കാരണം. അതിനാല്‍തന്നെ ദേശീയ സുരക്ഷയും പൗരന്മാരുടെ വിവരങ്ങളും സംരക്ഷിക്കുന്നതിന് പല രാജ്യങ്ങളും ഡീപ്‌സീക്കിനെതിരെ കർശന നടപടികൾ സ്വീകരിക്കുകയായിരുന്നു. ഡീപ്‌സീക്ക് ചാറ്റ്‌ബോട്ടുകളില്‍ നിന്നുള്ള വലിയ അളവ് സെന്‍സിറ്റീവ് വിവരങ്ങള്‍ ഓപ്പണ്‍ ഇന്‍റര്‍നെറ്റില്‍ പരസ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ആസ്ഥാനമുള്ള സൈബര്‍ സുരക്ഷാ കമ്പനിയായ വിസ്സ് പിന്നാലെ വെളിപ്പെടുത്തിയതും വലിയ ചര്‍ച്ചയായി.

ഡീപ്‍സീക്കിനെതിരെ നടപടി സ്വീകരിച്ച ചില പ്രധാന രാജ്യങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

ഇന്ത്യ, ഓസ്‌ട്രേലിയ

2025 ഫെബ്രുവരി ആദ്യം തന്നെ ഇന്ത്യയുടെ ധനകാര്യ മന്ത്രാലയം തങ്ങളുടെ ജീവനക്കാരോട് ഔദ്യോഗിക ജോലികൾക്കായി ഡീപ്‌സീക്ക്, ചാറ്റ്‌ജിപിടി പോലുള്ള എഐ ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു. സർക്കാർ രേഖകളുടെ രഹസ്യസ്വഭാവം ചോരാൻ സാധ്യതയുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സുരക്ഷാ അപകടസാധ്യതകൾ കാരണം ഓസ്‌ട്രേലിയ ഫെബ്രുവരിയിൽ എല്ലാ സർക്കാർ ഉപകരണങ്ങളിൽ നിന്നും ഡീപ്‌സീക്ക് നിരോധിച്ചിരുന്നു.

അമേരിക്ക, തായ്‌വാന്‍

യുഎസിൽ, ഡീപ്‍സീക്കിനെതിരെ കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ട്രംപ് ഭരണകൂടം പരിഗണിക്കുന്നുണ്ട്. അതിൽ യുഎസ് സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതും അമേരിക്കൻ പൗരന്മാർക്കുള്ള സേവനങ്ങൾ തടയുന്നതും ഉൾപ്പെടുന്നു. ചൈനീസ് സൈന്യത്തെ പിന്തുണയ്ക്കുന്ന കമ്പനികളുടെ പട്ടികയിൽ ഡീപ്‍സീക്കിനെ ഉൾപ്പെടുത്തണമെന്ന് യുഎസ് ഭരണകൂടം പ്രതിരോധ വകുപ്പിനോട് ആവശ്യപ്പെട്ടു. സെൻസർഷിപ്പും ചൈനയിലേക്കുള്ള ഡാറ്റ ചോർച്ചയും ഭയന്ന് തായ്‌വാൻ ഫെബ്രുവരിയിൽ സർക്കാർ വകുപ്പുകൾ ഇത് ഉപയോഗിക്കുന്നത് നിരോധിച്ചു.

യൂറോപ്യൻ രാജ്യങ്ങൾ (ജർമ്മനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്‌സ്, ചെക്ക് റിപ്പബ്ലിക്)

ഡാറ്റാ സുരക്ഷാ ആശങ്കകൾ കാരണം ആപ്പിളിനോടും ഗൂഗിളിനോടും ഡീപ്‍സീക്കിനെ അവരുടെ സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യാൻ ജർമ്മനി ആവശ്യപ്പെട്ടു. ഫ്രാൻസിലെയും നെതർലാൻഡ്‌സിലെയും സ്വകാര്യതാ നിരീക്ഷണ ഏജൻസികൾ സ്റ്റാർട്ടപ്പിന്റെ ഡാറ്റ ശേഖരണ രീതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വ്യക്തിഗത ഡാറ്റ ഉപയോഗിക്കുന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളുടെ അഭാവം മൂലം ഇറ്റലി 2025 ജനുവരിയിൽ ആപ്പ് നിരോധിച്ചു. ചെക്ക് റിപ്പബ്ലിക്ക് ജൂലൈയിൽ പൊതുഭരണത്തിൽ സ്റ്റാർട്ടപ്പിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു.

ദക്ഷിണ കൊറിയ, റഷ്യ

നിയമ ലംഘനങ്ങൾ കാരണം ദക്ഷിണ കൊറിയ ഡീപ്‍സീക്ക് ആപ്പിന്റെ പുതിയ ഡൗൺലോഡുകൾ താൽക്കാലികമായി തടഞ്ഞു. എന്നാൽ പിന്നീട് അത് പുനഃസ്ഥാപിച്ചു. അതേസമയം ഡീപ്‍സീക്കിനോടും ചൈനീസ് എഐ സാങ്കേതികവിദ്യയോടും റഷ്യ സഹകരണപരമായ നിലപാടാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്