വാട്‌സ്ആപ്പ്, മെസഞ്ചർ തുടങ്ങിയ ആപ്പുകൾ വഴിയുള്ള വീഡിയോ കോൾ തട്ടിപ്പുകളെക്കുറിച്ച് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. അപരിചിതരുടെ കോളുകൾ അറ്റൻഡ് ചെയ്യുമ്പോൾ അശ്ലീല വീഡിയോ കാണിച്ച്, നിങ്ങളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്ത് പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പ് രീതി. ഇത്തരം കെണിയിൽപ്പെട്ടാൽ ഉടൻ പോലീസിൽ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലെ പുത്തന്‍ ഫീച്ചറായ ഇന്‍സ്റ്റന്‍റ്‌സില്‍ അബദ്ധം പിണഞ്ഞവരുണ്ടാകും. അതിനേക്കാള്‍ വലിയ ഒരു അബദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. വാട്‌സ്ആപ്പും മെസഞ്ചറും പോലുള്ള ആപ്പുകള്‍ വഴി വരുന്ന വീഡിയോ കോള്‍ തട്ടിപ്പുകളെ കുറിച്ചാണ് ഈ ജാഗ്രതാ നിര്‍ദ്ദേശം. വീഡിയോ കോൾ അറ്റൻഡ് ചെയ്‌താൽ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. ഈ സൈബര്‍ തട്ടിപ്പില്‍ പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
പ്ലീസ് നോട്ട് 👇🏻
സമൂഹ മാധ്യമങ്ങളിലെ പുതിയ ഫീച്ചറുകൾ കൃത്യമായ ധാരണ ഇല്ലാതെ ഉപയോഗിച്ച് അബദ്ധം പറ്റിയവരുണ്ടാകാം. അതിനേക്കാളേറെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ഇനി പറയുന്നത്. വാട്‌സ്‌ആപ്പ്, മെസഞ്ചർ തുടങ്ങിയവയിലൂടെയുള്ള വീഡിയോ കോൾ തട്ടിപ്പ്. നിങ്ങൾക്ക് വരുന്ന വീഡിയോ കോൾ അറ്റൻഡ് ചെയ്‌താൽ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും തുടർന്ന് പണം ആവശ്യപ്പെടുക. അതോടൊപ്പം, വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇടുമെന്നും ഭീഷണിപ്പെടുത്തും. മാനഹാനി ഭയന്ന് പണം അയച്ചു നൽകിയാലും ഭീഷണി തുടരും. സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ വിവരങ്ങൾ നേരത്തെ തന്നെ കൈവശപ്പെടുത്തിയിട്ടാകും ഇവർ കെണിയൊരുക്കുന്നത്. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്‌തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി-ആക്‌ടിവേറ്റ് ചെയ്‌തത് കൊണ്ടോ ഫലം ഇല്ലെന്നർഥം. അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർക്കുക. അഥവാ ഇത്തരം കെണിയിൽ അകപ്പെട്ടുപോയാൽ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.



