ഡീപ്‌സീക്കിന്‍റെ വരവ് എഐ രംഗത്ത് കൂടുതല്‍ ഗവേഷണത്തിന് പ്രചോദനമാകുന്നതായും മെറ്റ സിഇ‍ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: ചൈനയുടെ ഡീപ്‌‌സീക്ക് എഐ കൊടുങ്കാറ്റില്‍ അമേരിക്കന്‍ ടെക് കമ്പനികള്‍ വിറച്ചെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് കോടികള്‍ നിക്ഷേപിക്കുന്നത് തുടരുമെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഡീപ്‌സീക്കിന്‍റെ സാന്നിധ്യം പല യുഎസ് ടെക് ഭീമന്‍മാര്‍ക്കും ഭാവിയില്‍ തിരിച്ചടിയാവും എന്ന വിലയിരുത്തലുകള്‍ക്കിടെയാണ് സക്കര്‍ബര്‍ഗിന്‍റെ ഈ വാക്കുകള്‍. അതേസമയം ഡീപ്‌സീക്കിന്‍റെ വരവ് എഐ രംഗത്ത് കൂടുതല്‍ ഗവേഷണത്തിന് പ്രചോദനമാകുന്നതായി സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. 

സക്കര്‍ബര്‍ഗ് എഐയില്‍ പിന്നോട്ടില്ല 

എഐ രംഗത്ത് ഓപ്പണ്‍ എഐയും ഗൂഗിളും മെറ്റയും കളംവാഴുമ്പോഴാണ് ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്ക്, ആ‌ർ1 ലാര്‍ജ് ലാംഗ്വേജ മോഡലുമായി രംഗത്തെത്തി ട്രെന്‍ഡിംഗായത്. പ്രകടന നിലവാരത്തില്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയോട് കിടപിടിക്കുന്നതാണ് ഡീപ്‌സീക്ക് ആ‌ർ1 എന്ന് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നു. ഡീപ്‌സീക്ക് ആ‌ർ1ന്‍റെ ആഗമനത്തോടെ അമേരിക്കന്‍ വിപണിയില്‍ ചിപ്പ്, ഗ്രാഫിക്സ് പ്രൊസസര്‍ നിര്‍മാണ ഭീമനായ എൻവിഡിയയുടെ ഓഹരി മൂല്യം 20 ശതമാനത്തോളമാണ് ഇടിഞ്ഞത്. എങ്കിലും എഐ രംഗത്ത് പണമിറക്കുന്നത് തുടരും എന്നാണ് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് പറയുന്നത്. 2025ല്‍ 60 ബില്യണ്‍ ഡോളറിലധികം എഐക്കായി ഇറക്കാന്‍ മെറ്റ ലക്ഷ്യമിടുന്നു. എഐയ്ക്ക് കരുത്തേകാന്‍ ഡാറ്റാ സെന്‍ററുകള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് മെറ്റ ഇതില്‍ കൂടുതല്‍ തുകയും മുടക്കുന്നത്. 

Read more: ഡീപ്‌സീക്കിന് ചൈനയില്‍ നിന്നുതന്നെ എതിരാളി; ആലിബാബ എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കി

ഡീപ്‌സീക്ക് എഐ രംഗത്തെ പുത്തന്‍ മത്സരാര്‍ഥികളാണെന്ന് മാര്‍ക് സക്കര്‍ബര്‍ഗ് സമ്മതിക്കുന്നു. എന്നാല്‍ ഡീപ്‌സീക്കിന്‍റെ വരവ് ജിപിയുകളുടെ ((Graphics Processing Unit) ഡിമാന്‍റ് കുറയ്ക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് സക്കര്‍ബര്‍ഗിന്‍റെ പക്ഷം. എഐ രംഗത്ത് ഡാറ്റാ പ്രൊസസിംഗിന് കരുത്തുറ്റ ജിപിയുകള്‍ വേണം. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും ത്രഡ്‌സിലുമായി കോടിക്കണക്കിന് യൂസര്‍മാരുള്ള മെറ്റയ്ക്ക് വലിയ ഡാറ്റാ സെന്‍ററുകള്‍ ആവശ്യമാണ്. അതിനാല്‍ ഈ മേഖലയില്‍ പണം മുടക്കേണ്ടത് അനിവാര്യമാണെന്നാണ് സക്കര്‍ബര്‍ബിന്‍റെ നിലപാട്. 

എൻവിഡിയയുടെ ഓഹരി ഇടിഞ്ഞതും ചിപ്പും തമ്മിലുള്ള ബന്ധം

ഡീപ്‌സീക്ക് പുറമേ പറയുന്ന കണക്കനുസരിച്ച് വികസന ചിലവ് ആറ് മില്യൺ ഡോളറിന് അടുത്താണ്. ഓപ്പൺ എഐയും ഗൂഗിളുമെല്ലാം കൂടുതൽ പുതിയ എച്ച് 100 ചിപ്പുകൾ എൻവിഡിയയുടെ കയ്യിൽ നിന്ന് വാങ്ങിക്കൂട്ടുമ്പോഴാണ് ചൈനയിൽ നിന്നൊരു മോഡൽ വന്ന് അതിനേക്കാൾ പഴയ ചിപ്പുകൾ വച്ച് ചാറ്റ് ജിപിടിയുടെ അത്രയും തന്നെ മികച്ച മോഡൽ ലഭ്യമാക്കുന്നത്. എൻവിഡിയയുടെ തന്നെ പഴയ ചിപ്പുകൾ വച്ച് ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ പുതിയ ചിപ്പുകൾക്ക് ഡിമാൻഡ് കുറയുമെന്ന കണക്കുകൂട്ടലിലാണ് അമേരിക്കൻ ഷെയർ മാ‌ർക്കറ്റിലെ നിക്ഷേപകർ സ്റ്റോക്കുകൾ വിൽക്കാൻ തുടങ്ങിയതും എൻവിഡിയയുടെ ഓഹരി മൂല്യം ഇടിഞ്ഞതും. 

അടുത്ത എഐ മോഡല്‍ വികസിപ്പിക്കുന്നതും മെറ്റയുടെ മനസിലുണ്ട്. ലാമ 4 ചാറ്റ് ജിപിടിയോട് കിടപിടിക്കുന്നതായിരിക്കും എന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് അവകാശപ്പെടുന്നു. ഈ ലാര്‍ജ് ലാംഗ്വേജ് മോഡലിന്‍റെ ട്രെയിനിംഗ് പുരോഗമിക്കുകയാണ്. 

Read more: ഓപ്പൺ എഐയെയും ഗൂഗിളിനെയും തറപറ്റിച്ചുവെന്ന് അടക്കംപറച്ചില്‍; അത്ര കിടിലോല്‍ക്കിടിലമോ ഡീപ്‌സീക്ക്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം