വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്ക് ഒരു സൂചന പോലും നല്‍കാതെയുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രയേലി സ്പൈവെയർ എന്ന് ആരോപണം

കാലിഫോര്‍ണിയ: ഹാക്കർമാർ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ആക്രമിച്ചതായി വാട്‌സ്ആപ്പ് ഉടമയായ മെറ്റ സ്ഥിരീകരിച്ചു. സീറോ-ക്ലിക്ക് എന്ന സാങ്കേതിക വിദ്യയാണ് ഈ ഹാക്കിംഗിന് ഉപയോഗിച്ചിരിക്കുന്നത് എന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും വാട്‌സ്ആപ്പ് ഉപഭോക്താക്കളാണ് സൈബർ ആക്രമണത്തിന് ഇരയായതെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്രയേൽ ആസ്ഥാനമായുള്ള പാരഗൺ സൊല്യൂഷൻസ് എന്ന സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നുള്ള സ്പൈവെയർ സൈബർ ആക്രമണത്തിന് ഉപയോഗിച്ചതായി മെറ്റ ആരോപിച്ചു. വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്കെതിരായ സൈബർ ആക്രമണത്തിന്‍റെ ഏറ്റവും പുതിയതും വളരെ പ്രസക്തവുമായ വിശദാംശങ്ങൾ ഇപ്പോൾ പരിമിതമാണെങ്കിലും ഈ ഹാക്കിംഗ് മാധ്യമപ്രവർത്തകരും സിവിൽ സമൂഹത്തിലെ അംഗങ്ങളും ഉൾപ്പെടെ നിരവധി ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു എന്ന് മെറ്റ സ്ഥിരീകരിച്ചു.

90-ഓളം പേർ ഈ സൈബർ ആക്രമണത്തിന് ഇരയായതായി മെറ്റ പറഞ്ഞു. സൈബർ ആക്രമണകാരികൾ 90-ഓളം ആളുകളിലേക്ക് എത്തിയെന്നും അവരെ ഇരകളാക്കുകയും അവരുടെ ഡാറ്റ കവർന്നതായും സ്ഥിരീകരിച്ചു. ഈ 90 പേരും മാധ്യമപ്രവർത്തകരും നിരവധി വലിയ വ്യക്തിത്വങ്ങളുമാണെന്ന് പറയപ്പെടുന്നു. എങ്കിലും അവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ രണ്ട് ഡസനിലധികം രാജ്യങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത ആളുകളെയാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് മെറ്റാ സ്ഥിരീകരിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരും നിരവധി സിവിൽ സൊസൈറ്റി അംഗങ്ങളും ഇതിൽ ഇരകളായിരുന്നു. സൈബര്‍ ആക്രമണത്തിന് വിധേയരായവരില്‍ 20-ഓളം വ്യത്യസ്‍ത രാജ്യങ്ങളിൽ ഈ ആളുകൾ ഉണ്ടെന്ന് കമ്പനി പറയുന്നു.

പാരഗൺ സൊല്യൂഷന്‍റെ ഗ്രാഫൈറ്റ് യഥാർത്ഥത്തിൽ സീറോ-ക്ലിക്ക് സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. ഇതിനർത്ഥം, ഒരു ക്ലിക്ക് പോലും കൂടാതെ ഇതിന് ഉപകരണം ആക്‌സസ് ചെയ്യാമെന്നും ഡാറ്റ ലംഘിക്കാനുള്ള കഴിവ് ഉണ്ടെന്നുമാണ്. ഈ മോഷണം മൊബൈൽ ഉടമ അറിയില്ല. പാരഗണിന് ഇത് സംബന്ധിച്ച് മെറ്റ കത്ത് നൽകിയിട്ടുണ്ടെന്നും നിയമപരമായ കൂടുതൽ വഴികൾ അന്വേഷിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, പാരഗൺ ഇതുവരെ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല.

എന്നാൽ വാട്‌സ്ആപ്പിനെയും അതിന്‍റെ ഉപയോക്താക്കളെയും ലക്ഷ്യമിടുന്ന ആദ്യത്തെ ഇസ്രായേലി സ്പൈവെയർ നിർമ്മാതാവല്ല പാരഗൺ. 2019-ൽ 1,400 വാട്സ്ആപ്പ് ഉപയോക്താക്കൾക്കെതിരെ പെഗാസസ് സ്‌പൈവെയർ വിന്യസിച്ചുവെന്ന ആരോപണത്തെത്തുടർന്ന് എൻഎസ്ഒ ഗ്രൂപ്പുമായി വാട്‌സ്ആപ്പ് നിലവിൽ ദീർഘകാലമായി തർക്കത്തിലാണ്.

അതേസമയം ജിമെയിലും സൈബര്‍ ആക്രമണ ജാഗ്രതാ നിര്‍ദേശം ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. എല്ലാ ഉപയോക്താക്കളോടും ജാഗ്രത പാലിക്കാൻ ജിമെയിൽ ആവശ്യപ്പെട്ടു. അടുത്തിടെ, നിരവധി പ്ലാറ്റ്‌ഫോമുകളിലെ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്തുവന്നിരുന്നു. എന്നാൽ ജിമെയിലിന്‍റെ ഉപയോക്തൃ അടിത്തറ വളരെ വലുതാണ്. ജിമെയിലിൽ തന്ത്രപ്രധാനമായ നിരവധി വിശദാംശങ്ങൾ ഉണ്ട്. ഇവ മോഷ്‍ടിക്കപ്പെട്ടാൽ ഹാക്കർമാർക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ശൂന്യമാക്കാൻ പോലും കഴിയും.

Read more: 'വ്യൂ വൺസ്' ഫീച്ചറിന് വലിയ അപ്‌ഡേറ്റ് നൽകി വാട്‌സ്ആപ്പ്; സംഭവം തകര്‍ക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം