ഒരു ആഴ്‌ചത്തേക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നത് നിർത്തിയ ഉപയോക്താക്കളിൽ വിഷാദം, ഉത്കണ്ഠ, ഏകാന്തത തുടങ്ങിയ പ്രശ്‍നങ്ങൾ കുറഞ്ഞതായി മെറ്റയുടെ ആന്തരിക രേഖകൾ വെളിപ്പെടുത്തി

കാലിഫോര്‍ണിയ: ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിന് ഹാനികരമാകുന്നതായി തെളിയിക്കുന്ന ആന്തരിക ഗവേഷണ റിപ്പോര്‍ട്ട് ഇവയുടെ മാതൃ കമ്പനിയായ മെറ്റ മറച്ചുവെച്ചതായി ആരോപണം. പ്രമുഖ സോഷ്യൽ മീഡിയ കമ്പനികൾ ഉപയോക്താക്കളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും എന്നാല്‍ പ്ലാറ്റ്‌ഫോമുകള്‍ അക്കാര്യം മറച്ചുവെക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചുള്ള ഒരു കേസിന്‍റെ ഭാഗമായാണ് ഈ വെളിപ്പെടുത്തല്‍. മെറ്റയ്ക്കും മറ്റ് സോഷ്യൽ മീഡിയ കമ്പനികൾക്കുമെതിരെ യുഎസ് സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ ഫയൽ ചെയ്‌ത ക്ലാസ്-ആക്ഷൻ കേസിലെ ഫയലിംഗുകളിൽ നിന്നാണ് ഈ വിവരം പുറത്തുവന്നത്.

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഡിആക്റ്റിവേറ്റ് ചെയ്യുന്ന ഉപയോക്താക്കളുടെ മാനസികാരോഗ്യത്തില്‍ ഉണ്ടാകുന്ന മാറ്റം വിലയിരുത്തുന്നതിനായി സർവേ സ്ഥാപനമായ നീൽസണുമായി ചേർന്ന് 2020-ൽ പ്രോജക്‌ട് മെർക്കുറി (Project Mercury) എന്ന കോഡ് നാമത്തിൽ മെറ്റ ഗവേഷണം നടത്തുകയായിരുന്നു. എന്നാല്‍ ഗവേഷണ ഫലം തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെ മെറ്റ ഈ പഠനം അവസാനിപ്പിക്കുകയായിരുന്നു. 

കണ്ടെത്തലുകളും മെറ്റയുടെ പ്രതികരണവും

ഒരു ആഴ്‌ചത്തേക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നത് നിർത്തിയ ഉപയോക്താക്കളിൽ വിഷാദം, ഉത്കണ്ഠ, ഏകാന്തത തുടങ്ങിയ പ്രശ്‍നങ്ങൾ കുറഞ്ഞതായി മെറ്റയുടെ ആന്തരിക രേഖകൾ വെളിപ്പെടുത്തി. പക്ഷേ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുന്നതിനോ കൂടുതൽ ഗവേഷണം നടത്തുന്നതിനോ പകരം മെറ്റ പഠനം തന്നെ നിർത്തിവച്ചു. അതേസമയം, ചില ജീവനക്കാർ സ്വകാര്യമായി മെറ്റയുടെ ആഗോള പൊതുനയ മേധാവിയായിരുന്ന നിക്ക് ക്ലെഗിനോട് പ്രോജക്റ്റ് മെർക്കുറിയിൽ നിന്നുള്ള നിഗമനങ്ങൾ സാധുവാണെന്ന് വ്യക്തമാക്കി. നെഗറ്റീവ് കണ്ടെത്തലുകൾ വെളിപ്പെടുത്താതിരിക്കുന്നത്, പുകയില വ്യവസായത്തില്‍ ഗവേഷണം നടത്തുകയും സിഗരറ്റുകൾ ദോഷകരമാണെന്ന് അറിയുകയും എന്നാൽ ആ വിവരങ്ങൾ മറച്ചുവയ്ക്കുകയും ചെയ്യുന്നതിന് തുല്യമാകുമെന്ന് മറ്റൊരു ജീവനക്കാരൻ ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, മെറ്റ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ കമ്പനികൾ ഇത്തരം നിരവധി ആരോപണങ്ങൾ നേരിടുന്നുണ്ട്. 13 വയസിന് താഴെയുള്ള കുട്ടികളെ അവരുടെ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ പരോക്ഷമായി പ്രോത്സാഹിപ്പിക്കുക, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം തടയുന്നതിൽ പരാജയപ്പെടുക, സ്‌കൂൾ സമയങ്ങളിൽ കൗമാരക്കാർക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം വർധിപ്പിക്കാൻ ശ്രമിക്കുക തുടങ്ങിയവയാണ് മെറ്റയ്ക്കും അതിന്‍റെ എതിരാളികൾക്കുമെതിരായ മറ്റ് ആരോപണങ്ങൾ. ഈ പ്ലാറ്റ്‌ഫോമുകൾ അവരുടെ ഉൽപ്പന്നങ്ങളുടെ സുരക്ഷയ്‌ക്കുള്ള പൊതു അംഗീകാരത്തിനായി കുട്ടികളെ കേന്ദ്രീകരിച്ചുള്ള സംഘടനകൾക്ക് പണം നൽകാൻ ശ്രമിച്ചതായും പരാതികൾ ഉയരുന്നുണ്ട്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്