പാകിസ്ഥാനില്‍ 25 വര്‍ഷത്തോളമായി പ്രവര്‍ത്തിരുന്ന ഓഫീസാണ് ജീവനക്കാരെ ഒഴിവാക്കി മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നത് എന്ന് റിപ്പോര്‍ട്ട്
ഇസ്‌ലാമാബാദ്: അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. പാകിസ്ഥാനില്‍ 25 വര്‍ഷത്തെ മൈക്രോസോഫ്റ്റിന്‍റെ സാന്നിധ്യമാണ് ഇതോടെ അവസാനിക്കുന്നത്. പാകിസ്ഥാനിലെ പ്രവര്‍ത്തന മോഡല്‍ മാറുകയാണെന്നും റീസെല്ലര്‍മാരും തൊട്ടടുത്തുള്ള മൈക്രോസോഫ്റ്റ് ഓഫീസുകള്‍ വഴിയും തുടര്‍ന്നും സേവനങ്ങള്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചതായി ടെക്‌ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. പുതിയ മാറ്റം കൊണ്ട് ഉപഭോക്താക്കള്‍ക്കും സേവനങ്ങള്‍ക്കും തടസം നേരിടില്ലെന്നും മൈക്രോസോഫ്റ്റ് പറയുന്നു. ഇന്ത്യ പോലെ വളരുന്ന വിപണിയല്ല പാകിസ്ഥാന്‍ എന്നതാണ് മൈക്രോസോഫ്റ്റിന്‍റെ പിന്‍മാറ്റത്തിന് കാരണം എന്ന് വിലയിരുത്തലുകളുണ്ട്.
പാകിസ്ഥാനില്‍ മാത്രമല്ല, മറ്റ് ചില രാജ്യങ്ങളിലും പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്താന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നുണ്ട്. 'ഉപഭോക്താക്കള്‍ക്കാണ് കമ്പനിയുടെ ഏറ്റവും വലിയ പരിഗണന, ഉയര്‍ന്ന നിലവാരമുള്ള സേവനം അവര്‍ക്ക് പ്രതീക്ഷിക്കാമെന്നും' മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കി. പാകിസ്ഥാനില്‍ നിലവില്‍ മൈക്രോസോഫ്റ്റിന് അഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഇന്ത്യയിലെയോ മറ്റ് വളര്‍ന്നുവരുന്ന ടെക് വിപണികളിലെയോ പോലെ എഞ്ചിനീയര്‍മാരുടെ സംഘമോ ആസ്യൂര്‍, ഓഫീസ് പ്രൊഡക്‌ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമോ മൈക്രോസോഫ്റ്റിന് പാകിസ്ഥാനിലില്ല. ലോകവ്യാപകമായി മൈക്രോസോഫ്റ്റ് നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായാണ് പാകിസ്ഥാനിലെ ഓഫീസ് അടച്ചുപൂട്ടുന്നത്. ആഗോളതലത്തില്‍ നാല് ശതമാനം ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ മൈക്രോസോഫ്റ്റ് അടുത്തിടെ തീരുമാനിച്ചിരുന്നു.
9,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതായാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നത്. ലോകമെമ്പാടും 228,000 ജീവനക്കാര്‍ മൈക്രോസോഫ്റ്റിനുണ്ടെന്നാണ് 2024 ജൂണില്‍ പുറത്തുവന്ന കണക്ക്. ആറായിരത്തോളം ജീവനക്കാരെ ബാധിക്കുന്ന പിരിച്ചുവിടല്‍ കഴിഞ്ഞ മെയ് മാസം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. സെയില്‍സ് വിഭാഗത്തിലാണ് ഇത് കൂടുതലായി ബാധിക്കുകയെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ അടുത്ത കൂട്ടപ്പിരിച്ചുവിടലിന് മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നത്. കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ പിരിച്ചുവിടലുകളെല്ലാം എന്നാണ് മൈക്രോസോഫ്റ്റിന്‍റെ വാദം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ കോടികളുടെ നിക്ഷേപം കമ്പനി നടത്തുന്നതിനിടയില്‍ കൂടിയാണ് ഈ ലേഓഫുകള്‍ നടക്കുന്നത്.