തന്‍റെ ഓഫീസുകളില്‍ നിന്ന് ഐഫോണുകള്‍ നിരോധിക്കും എന്നുവരെ മുമ്പ് പറഞ്ഞിട്ടുള്ളയാളാണ് ഇലോണ്‍ മസ്ക്
കാലിഫോര്‍ണിയ: അമേരിക്കൻ ടെക്‌നോളജി ഭീമനായ ആപ്പിൾ അടുത്തിടെ ഡിവൈസുകളില്‍ ഫ്ലൂയിഡ് ലിക്വിഡ് ഗ്ലാസ് സാങ്കേതികവിദ്യയുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ അവതരിപ്പിച്ചിരുന്നു. ആപ്പിളിന്‍റെ പുത്തന്‍ ഐഒഎസ് 26 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുതിയ ലിക്വിഡ് ഗ്ലാസ് ഡിസൈനിന് ഒപ്പം മെച്ചപ്പെടുത്തിയ ആപ്പിൾ ഇന്‍റലിജൻസ്, പ്രധാന സിസ്റ്റം അപ്‌ഗ്രേഡുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇപ്പോഴിതാ അമേരിക്കൻ ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് എന്നിവയുടെ സിഇഒയുമായ ഇലോൺ മസ്‌ക് ഈ നവീന ഡിസൈന്‍ രീതി ഏറ്റെടുത്തിരിക്കുകയാണ്.
ഐഒഎസ് 26 ഒഎസിലെ ലിക്വിഡ് ഗ്ലാസ് ഡിസൈനിനെ കുറിച്ച് വളരെ പോസിറ്റീവായാണ് ഇലോണ്‍ മസ്‍കിന്‍റെ പ്രതികരണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ആപ്പിൾ സിഇഒ ടിം കുക്കിന്‍റെ ഒരു പോസ്റ്റിന് മറുപടിയായി മസ്‌ക് ആപ്പിളിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ പുതിയ രൂപകൽപ്പനയെ 'കൂൾ' എന്ന് വിളിച്ചു. പുതിയ യൂസർ ഇന്‍റർഫേസിനൊപ്പം, ടാബ് ബാറുകളുടെയും സൈഡ്‌ബാറുകളുടെയും രൂപകൽപ്പനയിലും ആപ്പിൾ മാറ്റം വരുത്തിയിട്ടുണ്ട്. ആപ്പിൾ ഡിവൈസുകളിലെ ക്യാമറ, ഫോട്ടോകൾ, സഫാരി, ഫേസ്‌ടൈം, ആപ്പിൾ ന്യൂസ് എന്നിവയുൾപ്പെടെയുള്ള നേറ്റീവ് ആപ്പുകൾക്ക് ഇത് ബാധകമാകും.
നേരത്തെ, ആപ്പിളിന്‍റെ പല നീക്കങ്ങളെയും നിശിതമായി വിമർശിച്ചിട്ടുള്ളയാളാണ് ഇലോണ്‍ മസ്ക്. സുരക്ഷാ അപകടസാധ്യതകൾ കാരണം തന്‍റെ കമ്പനികളിൽ ആപ്പിൾ ഡിവൈസുകൾ പൂർണ്ണമായും നിരോധിക്കുമെന്ന് ഒരുവർഷം മുമ്പ് മസ്‍ക് ഭീഷണി മുഴക്കിയിരുന്നു. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിയെ iOS 18-ൽ സംയോജിപ്പിക്കാനുള്ള ആപ്പിളിന്‍റെ നീക്കത്തെത്തുടർന്നായിരുന്നു മസ്‍കിന്‍റെ ഈ ഭീഷണി. ഈ സംയോജനത്തെ അസ്വീകാര്യമായ സുരക്ഷാ ലംഘനം എന്നായിരുന്നു അദേഹം വിശേഷിപ്പിച്ചത്. തന്‍റെ വിവിധ കോർപ്പറേറ്റ് ക്യാംപസുകളിൽ ആപ്പിൾ ഉപകരണങ്ങൾ നിരോധിക്കുമെന്നും അന്ന് മസ്‍ക് പ്രഖ്യാപിച്ചിരുന്നു. ടെസ്‌ല, സ്‌പേസ് എക്‌സ്, സ്റ്റാർലിങ്ക് ഓഫീസുകളിൽ നിന്ന് ആപ്പിൾ ഡിവൈസുകൾ നിരോധിക്കുമെന്നും സന്ദർശകർ അവരുടെ ഐഫോണുകൾ വാതിൽക്കൽ പരിശോധിക്കേണ്ടി വരുമെന്നുമായിരുന്നു മസ്‍കിന്‍റെ ഭീഷണി.
എന്നാൽ അർദ്ധസുതാര്യമായ യുഐ ഘടകങ്ങളും ഡൈനാമിക് മോഷൻ ഇഫക്റ്റുകളും ഉൾക്കൊള്ളുന്ന ഐഒഎസ് 26 ഡിസൈൻ ഇലോണ്‍ മസ്‌കിനെ ആകർഷിച്ചതായി തോന്നുന്നു. ഇത് അദേത്തിന്‍റെ മുൻ വിമർശനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതേസമയം iOS 26-ൽ എന്താണ് തനിക്ക് ഇഷ്‍ടപ്പെട്ടതെന്ന് മസ്‌ക് വിശദീകരിച്ചിട്ടില്ല.