മുംബൈ: ഫ്രീ റീചാർജ് ലഭിക്കാത്തതിൻ്റെ പേരിൽ റിലയൻസ് ജിയോയുടെ ഡേറ്റാ ബേസ് ചോർത്തിയതിന് കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച്ചയാണ് 35 വയസ്സുളള ഇമ്രാന്‍ ചിപ്പയെ പോലീസ് അറസ്റ്റ് ചെയ്തത്. ചാറ്റ് ആപ്ലിക്കേഷനിലൂടെ സൗജന്യ റീചാർജ് ലഭിക്കാനുള്ള ലിങ്കുകൾ എന്ന പേരിൽ മെസേജുകൾ അയക്കുകയായിരുന്നു ഇയാൾ ചെയ്തുകൊണ്ടിരുന്നത്. ഇതിൽ നൽകിയിരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ ഐഡിയും പാസ്‌വേർഡും ഇയാൾക്ക് ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 

ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്തു നൽകാനായി ജിയോ പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. ഈ ആപ്ലിക്കേഷനിൽ ഉപയോഗിക്കാൻ നൽകുന്ന ഐഡികളും പാസ് വേർഡുകളുമാണ് ഇദ്ദേഹം ആദ്യം ചോർത്തിയത്. ഒഡിഷയിലെ ഒരു റീചാർജ് കടക്കാരൻ്റെ ലോഗിൻ വിവരങ്ങളാണ് ഇയാൾക്ക് ലഭിച്ചതെന്ന് പൊലീസ് കണ്ടെത്തി.

ഈ ഐഡികളും പാസ്‌വേർഡുകളും ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്ത ഇമ്രാന് ജിയോ വരിക്കാരുടെ വ്യക്തിവിവരങ്ങൾ ലഭിച്ചിരുന്നു. കംപ്യൂട്ടർ ആപ്ലിക്കേഷനിലുള്ള തൻ്റെ കഴിവുകൾ ഉപയോഗിച്ച് ട്രൂകാളർ പോലെയുള്ള ഒരു ആപ്ലിക്കേഷന്‍ ഇയാൾ വികസിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

ഇതിനായി ആദ്യം ഇയാൾ magicapk.com എന്ന പേരിൽ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി. അന്ധേരിയിലെ എൻഷുറൻസ് ഇന്റർനാഷണൽ ഗ്രൂപ്പ് ആണ് ഇത് ഹോസ്റ്റ് ചെയ്തിരുന്നത്. ജിയോ ഉപഭോക്താക്കളുടെ വിവരങ്ങൾ ഈ വെബ്‌സൈറ്റിലൂടെ നൽകാമെന്നായിരുന്നു ഇയാൾ അവകാശപ്പെട്ടിരുന്നത്.

ജൂലൈ മുതലാണ് ഇയാൾക്ക് ഉപഭോക്തൃവിവരങ്ങൾ ലഭിച്ചുതുടങ്ങിയത്. പിന്നീട് ഇവ വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ജിയോയുടെ വിജിലൻസ് ഉദ്യോഗസ്ഥർ ഇക്കാര്യം ഉടനെ പൊലീസിൽ അറിയിക്കുകയായിരുന്നു. 

എംസിഎ പരീക്ഷ കഴിഞ്ഞ് ജോലിയ്ക്ക് വേണ്ടി നോക്കിയിരിക്കുകയായിരുന്നു ഇമ്രാൻ ചിപ്പ. ഫ്രീ റീചാർജ് ലഭിക്കാതിരുന്നതിൻ്റെ ദേഷ്യമാണ് ഇയാളെ ഇങ്ങനെയൊരു സാഹസത്തിന് പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.