ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി ചൈനയിലെ ജീവനക്കാരെ വീഡിയോ കോളിലൂടെ അറിയിച്ച് യുഎസ് ടെക് കമ്പനി സാസ്, ചൈനയില്‍ രണ്ടര പതിറ്റാണ്ടുകാലമായുള്ള പ്രവര്‍ത്തനമാണ് SAS കമ്പനി ഇതോടെ അവസാനിപ്പിച്ചത്.

ബെയ്‌ജിങ്: അമേരിക്കന്‍ ടെക് ഭീമനായ സാസ് (SAS) ചൈനയില്‍ നേരിട്ടുള്ള നിക്ഷേപങ്ങള്‍ അവസാനിപ്പിച്ചു. സാസ് ചൈനയിലെ ഓഫീസുകള്‍ അടച്ചുപൂട്ടിയതോടെ 400 ജീവനക്കാര്‍ക്ക് ജോലി നഷ്‌ടമായി. തൊഴില്‍ നഷ്‌ടമായവരില്‍ പലരും അക്കാര്യം അറിഞ്ഞത് വീഡിയോ കോള്‍ മുഖാന്തിരമായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ വാര്‍ത്ത. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ വിപണികളിലൊന്നായ ചൈനയില്‍ സാസിന്‍റെ നീണ്ട രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിനാണ് ഇതോടെ വിരാമമായത്. 1999-ലാണ് സാസ് ചൈനയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ചൈനയില്‍ നിന്ന് പിന്‍വാങ്ങുകയോ സാന്നിധ്യം കുറയ്‌ക്കുകയോ ചെയ്യുന്ന യുഎസ് ടെക് കമ്പനികളുടെ ഇപ്പോഴത്തെ നയത്തുടര്‍ച്ചയാണ് സാസിന്‍റെ പിരിച്ചുവിടലിലും ദൃശ്യമാകുന്നത്.

വീഡിയോ കോളിലൂടെ ജീവനക്കാരെ പിരിച്ചുവിട്ട് സാസ്

അമേരിക്ക-യുഎസ് നയതന്ത്ര പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്ന ആഭ്യന്തര മത്സരവുമാണ് ചൈനയില്‍ നിന്ന് പിന്‍വാങ്ങാന്‍ യുഎസ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ സാസിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിരിച്ചുവിടലിന് മുന്നോടിയായി ജീവനക്കാര്‍ക്ക് സാസ് കമ്പനി അധികൃതരില്‍ നിന്ന് അടിയന്തര വീഡിയോ കോള്‍ ക്ഷണം ലഭിച്ചു. ഈ ഓണ്‍ലൈന്‍ യോഗത്തിലാണ് പിരിച്ചുവിടല്‍ തീരുമാനം കമ്പനി ഓദ്യോഗികമായി പ്രഖ്യാപിച്ചത്. കമ്പനിയുടെ ആഭ്യന്തര പുനഃക്രമീകരണത്തിന്‍റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് സാസ് അധികൃതര്‍ പിരിച്ചുവിടല്‍ കാരണമായി ചൂണ്ടിക്കാണിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തു. പിരിച്ചുവിടല്‍ രേഖകളില്‍ നവംബര്‍ 14-ഓടെ ഒപ്പിടണമെന്നാണ് ചൈനയിലെ ജീവനക്കാര്‍ക്ക് സാസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജോലി പോകുന്ന ജീവനക്കാര്‍ക്ക് നഷ്‌ടപരിഹാരം സാസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2025-ന്‍റെ അവസാനം വരെയുള്ള ശമ്പളവും വര്‍ഷാവസാന ബോണസും മറ്റ് അധിക നഷ്‌ടപരിഹാരവും ഇതില്‍ ഉള്‍പ്പെടുന്നു.

ചൈനയില്‍ ഇനി സാസിന്‍റെ സേവനം തേര്‍ഡ്-പാര്‍ട്ടികള്‍ വഴി

ചൈനയില്‍ ഇനി നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തില്ലെന്ന് സാസ് അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ തേഡ്-പാര്‍ട്ടി പങ്കാളികളിലൂടെ ചൈനയില്‍ തുടര്‍ന്നു സാസിന്‍റെ സേവനങ്ങള്‍ ലഭ്യമായിരിക്കും. രാജ്യാന്തര തലത്തില്‍ കമ്പനിയുടെ സാന്നിധ്യം പുനഃസംഘടിപ്പിക്കുന്നതിന്‍റെയും ദീര്‍ഘകാല ഭാവി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെയും ഭാഗമാണ് ചൈനയിലെ പിരിച്ചുവിടലെന്ന് സാസ് വക്താവ് പറഞ്ഞു. പിരിച്ചുവിടല്‍ വാര്‍ത്ത വന്നതിന് പിന്നാലെ സാസിന്‍റെ ചൈനീസ് വെബ്‌സൈറ്റും ജോബ് ലിസ്റ്റിംഗും അപ്രത്യക്ഷ്യമായി. സാസിന്‍റെ ഓഫീസുകള്‍ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കാര്യമായ ജീവനക്കാരെ അവിടെ കാണാനായില്ല എന്നും വാര്‍ത്തകളില്‍ പറയുന്നു. ചൈനയില്‍ ബെയ്‌ജിങ്, ഷാങ്ഹായ്, ഗ്വാങ്ജോ തുടങ്ങിയ നഗരങ്ങളില്‍ സാസിന് ഓഫീസുകളുണ്ടായിരുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്