നിർമ്മിത ബുദ്ധി ലോകമെങ്ങും വിപ്ലവം സൃഷ്ടിക്കുമ്പോഴും, ഈ സാങ്കേതിക വിദ്യയോട് അമേരിക്കൻ പൊതുസമൂഹത്തിനിടയിൽ കടുത്ത ആശങ്ക വർദ്ധിക്കുന്നതായി റിപ്പോർട്ട്. സ്റ്റാൻഫോർഡ് സർവകലാശാല പുറത്തുവിട്ട ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലാണ്…

നിർമ്മിത ബുദ്ധി ലോകമെങ്ങും വിപ്ലവം സൃഷ്ടിക്കുമ്പോഴും, സാങ്കേതിക വിദ്യ സാധാരണക്കാർക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് പഠനങ്ങൾ. സ്റ്റാൻഫോർഡ് സർവകലാശാല പുറത്തുവിട്ട ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലാണ് എഐയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളുള്ളത്. അമേരിക്കയിലെ സാധാരണ ജനങ്ങൾക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ. എഐ വിദഗ്ധർ ഈ സാങ്കേതികവിദ്യയെ വലിയ പ്രതീക്ഷയോടെ കാണുമ്പോൾ, സാധാരണക്കാർക്കിടയിൽ ഇത് വലിയ തോതിലുള്ള അവിശ്വാസവും പേടിയും സൃഷ്ടിക്കുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സാങ്കേതിക വിദ്യയുമായി ഏറ്റവും അടുത്ത ബന്ധമുള്ള യുവതലമുറ തന്നെയാണ് എഐയ്ക്കെതിരെ ഏറ്റവും ശക്തമായി രംഗത്തുള്ളത്. ഗാലപ്പ് നടത്തിയ സർവ്വേ പ്രകാരം, ഒരു വലിയ ശതമാനം യുവാക്കളും ദിവസേന എഐ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനോടുള്ള അവരുടെ സമീപനം കൂടുതൽ നിഷേധാത്മകമായി മാറുകയാണ്. എഐയോടുള്ള വിമുഖത കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായി ഉയർന്നു. തൊഴിൽ നഷ്ടം, സർഗ്ഗാത്മകത നശിക്കൽ, തൊഴിലിടങ്ങളിലെ വിവേചനം എന്നിവയാണ് ഇവരെ കൂടുതൽ പ്രകോപിതരാക്കുന്നത്. യുവതലമുറ തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുന്നവരായതിനാൽ എഐ മൂലമുണ്ടാകുന്ന തൊഴിൽ മാറ്റങ്ങൾ തങ്ങളെ നേരിട്ട് ബാധിക്കുമെന്ന ബോധ്യമാണ് ഇതിന് പിന്നിൽ.

എഐയുടെ സ്വാധീനത്തെക്കുറിച്ച് വിദഗ്ധരും സാധാരണക്കാരും ചിന്തിക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എഐ ആരോഗ്യമേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് 84 ശതമാനം വിദഗ്ധർ വിശ്വസിക്കുമ്പോൾ 44 ശതമാനം അമേരിക്കക്കാർ മാത്രമേ അത് അംഗീകരിക്കുന്നുള്ളൂ. തൊഴിലിടങ്ങളിൽ എഐ ഗുണകരമാകുമെന്ന് 73 ശതമാനം വിദഗ്ധർ അഭിപ്രായപ്പെടുമ്പോൾ കേവലം 23 ശതമാനം പൊതുജനങ്ങൾ മാത്രമാണ് ഈ പ്രതീക്ഷ പങ്കുവെക്കുന്നത്. എഐ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് 69 ശതമാനം വിദഗ്ധർ കരുതുമ്പോൾ വെറും 21 ശതമാനം ആളുകൾ മാത്രമാണ് അതിനോട് യോജിക്കുന്നത്.

അടുത്ത 20 വർഷത്തിനുള്ളിൽ എഐ കാരണം വലിയ തോതിലുള്ള തൊഴിൽ നഷ്ടമുണ്ടാകുമെന്ന് 64 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നു. സൈദ്ധാന്തികമായ ഭയങ്ങളെക്കാൾ ഉപരിയായി ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചാണ് ജനങ്ങൾ വേവലാതിപ്പെടുന്നത്. തൊഴിൽ സുരക്ഷ, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ഊർജ്ജ നിരക്ക്, സ്വകാര്യത എന്നിവയാണ് ജനങ്ങളെ എഐയിൽ നിന്നും അകറ്റുന്നത്. എഐ നിയന്ത്രിക്കാൻ ഗവൺമെന്റിന് സാധിക്കില്ലെന്ന ഭയവും ജനങ്ങൾക്കിടയിൽ ശക്തമാണ്. എഐ വിദഗ്ധർ സാങ്കേതികമായ സാധ്യതകളെക്കുറിച്ച് ആവേശം കൊള്ളുമ്പോൾ സാധാരണക്കാർ തങ്ങളുടെ വരുമാനത്തെയും ജീവിതത്തെയും കുറിച്ചാണ് ആശങ്കപ്പെടുന്നത്.