തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ ചൂടിനിടയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ വാഹനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പരിശോധന.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ ചൂടിനിടയിൽ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്‌യുടെ വാഹനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പരിശോധന. വെള്ളിയാഴ്ച മധുര-ശിവഗംഗ അതിർത്തിയിൽ വെച്ചാണ് തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്‌യുടെ വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. ഏപ്രിൽ 23-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കർശനമായ സുരക്ഷാ പരിശോധനകളാണ് നടക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പരിശോധന ശിവഗംഗയിലേക്കുള്ള യാത്രയ്ക്കിടെ

മധുരയിൽ നിന്നും റോഡ് മാർഗ്ഗം ശിവഗംഗയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോവുകയായിരുന്നു വിജയ്. അതിർത്തിയിലെ ചെക് പോയിന്റിൽ വെച്ച് ഫ്ലൈയിംഗ് സ്ക്വാഡ് അംഗങ്ങൾ വിജയ്‌യുടെ വാഹനവ്യൂഹം തടയുകയും പരിശോധനയ്ക്കായി നിർദ്ദേശിക്കുകയുമായിരുന്നു. മോഡൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പണമോ മറ്റ് നിരോധിത വസ്തുക്കളോ കടത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി.

വാഹനത്തിന്റെ ഉള്ളിലും ഡിക്കിയിലും ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. പരിശോധനയോട് പൂർണ്ണമായും സഹകരിച്ച വിജയ്, ഉദ്യോഗസ്ഥരുടെ നടപടികൾ പൂർത്തിയാകുന്നത് വരെ വാഹനത്തിൽ കാത്തിരുന്നു. മിനിറ്റുകൾ നീണ്ട പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് വാഹനം കടന്നുപോകാൻ ഉദ്യോഗസ്ഥർ അനുമതി നൽകി.

നേരത്തെ സ്റ്റാലിനും കനിമൊഴിയും

പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കുന്നത് തമിഴ്നാട്ടിൽ ഇതാദ്യമല്ല. നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഹനവ്യൂഹം തഞ്ചാവൂരിൽ വെച്ച് സമാനമായ രീതിയിൽ ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധിച്ചിരുന്നു. ഡിഎംകെ നേതാവും എംപിയുമായ കനിമൊഴിയുടെ വാഹനവും ശിവഗംഗയിൽ വെച്ച് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചിട്ടുണ്ട്. പ്രമുഖരെന്ന് വ്യത്യാസമില്ലാതെ എല്ലാവരുടെയും വാഹനങ്ങളിൽ കർശന പരിശോധന നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി.

തമിഴ്നാട്ടിൽ ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വാഹന പരിശോധനയും നിരീക്ഷണവും കമ്മീഷൻ ശക്തമാക്കിയിട്ടുണ്ട്. വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാൽ അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ ലോകം ഇതിനെ നോക്കിക്കാണുന്നത്.