നിങ്ങളുടെ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമായി അറിയാം. കേരള പൊലീസാണ് ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സ്‌മാര്‍ട്ട്‌ഫോണുകളില്‍ നിരവധി ആപ്പുകള്‍ നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. പ്രധാനമായും ഗൂഗിളിന്‍റെ പ്ലേ സ്റ്റോറിലും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലും നിന്നാണ് നാം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാറ്. ഇവയ്‌ക്ക് പുറമെ അത്യന്തം അപകടംപിടിച്ച എപികെ ഫയലുകള്‍ വഴിയും പലരും ആപ്പുകള്‍ മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളുടെ വിശ്വാസ്യത, അവയ്‌ക്ക് നമ്മള്‍ നല്‍കുന്ന പെര്‍മിഷനുകള്‍, ആപ്പുകളുടെ ഉപയോഗം എന്നിവയെല്ലാം ഉപഭോക്താക്കളുടെ സൈബര്‍ സുരക്ഷയില്‍ വളരെ പ്രധാനമാണ്. വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ നിങ്ങളുടെ വ്യക്തിവിവരങ്ങളടക്കം ചോരുകയും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലടക്കം വീഴുകയും ചെയ്യും. ചിലപ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിനുള്ളില്‍ കടന്ന് ഹാക്കര്‍മാര്‍ക്ക് തിരിമറികള്‍ നടത്താനും കഴിയും. അതിനാല്‍, നിങ്ങളുടെ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമായി അറിയാം. കേരള പൊലീസ് മുന്നറിയിപ്പ് സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ചുവടെ.
ഫോണില്‍ ആപ്പുകള്‍ ഇൻസ്റ്റാൾ ചെയ്യും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സാധാരണ ആപ്പുകളുടെ വിശദാംശങ്ങളിൽ ഡെവലപ്പറുടെ പേരും ആപ്പിന്‍റെ പേരും ഉണ്ടാകും. സംശയം തോന്നിയാൽ അത് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങൾ തുടങ്ങിയവ നമുക്ക് സെർച്ച് ചെയ്‌ത് കണ്ടെത്താം. ആപ്പുകളുടെ വിശദാംശങ്ങൾ നല്‍കിയിട്ടുള്ളവയിൽ സ്പെല്ലിങ് / ഗ്രാമർ തെറ്റുകളും ശ്രദ്ധിക്കുക. അങ്ങനെ കാണുന്നവ വ്യാജ ആപ്പുകളായിരിക്കും. അപ്രകാരം സംശയം തോന്നിയാൽ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വ്യക്തത വരുത്താവുന്നതാണ്.
2. പ്ലേ/ആപ്പ് സ്റ്റോറിൽ കാണുന്ന ആപ്പുകളുടെ യൂസർ റിവ്യൂ പരിശോധിക്കുക.
3. പ്രവർത്തനത്തിന് ആവശ്യമായ പെർമിഷനുകൾ മാത്രം നൽകി വേണം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടത്. അഡ്‌മിനിസ്ട്രേഷൻ പെർമിഷൻ ആവശ്യപ്പെടുന്ന ആപ്പുകൾ അപകടകാരികളാണ്. അഡ്‌മിനിസ്ട്രേഷൻ പെർമിഷൻ നൽകുന്നതോടെ പ്രസ്‌തുത ആപ്പിന് നമ്മുടെ മൊബൈലിലെ എന്തിലും ഏതു തരത്തിലുള്ള മോഡിഫിക്കേഷൻ നടത്താനും പാസ്‌വേർഡ്, സ്റ്റോറേജ് ഉൾപ്പെടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.
4. ആപ്പ് ആവശ്യപ്പെടുന്ന പെർമിഷൻ കൃത്യമായി മനസിലാക്കുക. ചില ആപ്പുകൾക്ക് നമ്മുടെ ലൊക്കേഷനും മെയിലും ഫോൺ നമ്പറും മറ്റും default ആയി തന്നെ അറിയാൻ കഴിയും. ആപ്പുകൾക്ക് ഏറ്റവും അത്യാവശ്യമുള്ള പെർമിഷനുകളാണ് നൽകുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തവ ഡൗൺലോഡ് ചെയ്യാതിരിക്കുക.
5. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്‌ത ശേഷവും അതിന് മുൻപും, നൽകിയതും ആവശ്യപ്പെട്ടതുമായ പെർമിഷനുകൾ നിരീക്ഷിക്കുക. പ്രൈവസി സെറ്റിംഗ്‌സ് ഉറപ്പാക്കുക.



