ഇന്‍സ്റ്റഗ്രാമിലെ ഡിഎമ്മില്‍ വരച്ച് രസിക്കുകയാണ് ജെന്‍സി തലമുറ. എന്താണ് ഇന്‍സ്റ്റഗ്രാമിലെ 'ഡ്രോ' ഫീച്ചര്‍ എന്നും എങ്ങനെ ഇത് ഉപയോഗിക്കാമെന്നും വിശദമായി അറിയാം. വീടോ മലയോ എന്തുവേണമെങ്കിലും ഡ്രോ ഫീച്ചര്‍ ഉപയോഗിച്ച് വിരല്‍കൊണ്ട് വരയ്‌ക്കാം. 

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഡിഎമ്മില്‍ (ഡയറക്‌ട് മെസേജ്) ചാറ്റുകള്‍ ഓപ്പണ്‍ ചെയ്‌താല്‍ ഇപ്പോള്‍ കുറേ കുത്തിവരകള്‍ കാണാം. ട്രെന്‍ഡിംഗായിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമിലെ ഈ വരകള്‍. ഡിഎമ്മില്‍ വരച്ച് രസിക്കുകയാണ് ജെന്‍സികള്‍. ഇതിന്‍റെ ഏറെ റീലുകളും വൈറലാണ്. എന്താണ് ഇന്‍സ്റ്റഗ്രാമിലെ 'ഡ്രോ' ഫീച്ചര്‍ എന്നും എങ്ങനെ ഇത് രസകരമായി ഉപയോഗിക്കാമെന്നും വിശദമായി അറിയാം.

എന്താണ് ഇന്‍സ്റ്റഗ്രാമിലെ കുത്തിവരകള്‍?

ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച പുത്തന്‍ ഫീച്ചറാണ് ഡ്രോ (Draw). ഡിഎമ്മില്‍ ആര്‍ക്കാണോ നിങ്ങള്‍ക്ക് മെസേജ് അയക്കണ്ടത് അവരുടെ ചാറ്റ്ബോക്‌സ് തുറക്കുക. ഏറ്റവും താഴെ വലതുവശത്തായി കാണുന്ന + (പ്ലസ്) ഐക്കണ്‍ അഥവാ ഡൂഡിള്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യുക. 'ലൊക്കേഷന്‍', 'എഐ ഇമേജസ്', എന്നിവയ്‌ക്ക് താഴെയായി 'ഡ്രോ' എന്ന ഓപ്ഷന്‍ കാണാം. അത് സെലക്‌ട് ചെയ്യുക. ഇനി ഏത് നിറത്തിലാണോ വരയ്‌ക്കേണ്ടത് ആ കളര്‍ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ചുവപ്പ് നിറം തിരഞ്ഞെടുക്കുന്നു എന്നുകരുതുക. പിന്നെ നിങ്ങള്‍ക്ക് ഇഷ്‌ടംപോലെ ആ നിറം കൊണ്ട് കുത്തിവരയ്‌ക്കാം. മെസേജുകളുടെയും ചിത്രങ്ങളുടെയും വീഡിയോകളുടെയും മുകളില്‍ ഇങ്ങനെ വരയ്‌ക്കാന്‍ സാധിക്കും.

വരയുടെ വലിപ്പം കൂട്ടാനും കുറയ്‌ക്കാനും സ്‌ക്രീനിന്‍റെ ഇടതുവശത്തായി ഒരു ഓപ്ഷന്‍ കാണാം. വരച്ചുകഴിഞ്ഞാല്‍ സ്ക്രീനില്‍ കാണുന്ന സെന്‍റ് ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ അത് സ്വീകര്‍ത്താവിന് ലഭിക്കും. ഈ വരകള്‍ അയക്കുന്നയാള്‍ക്കും മെസേജ് സ്വീകരിക്കുന്നയാള്‍ക്കും കാണാമെന്നതും പ്രത്യേകതയാണ്. നിങ്ങളുടെ വരച്ച വരകള്‍ ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ ക്ലോസ് ഐക്കണ്‍ ക്ലിക്ക് ചെയ്‌ത് വീണ്ടും വരച്ചുതുടങ്ങാം. അതിന് ശേഷം സെന്‍റ് ചെയ്യാം.

ഡ്രോ ടൂള്‍ കൊണ്ട് വേറെയും ഉപയോഗങ്ങള്‍

നിങ്ങള്‍ക്ക് ആരെങ്കിലും ഒരു റീല്‍ അയച്ചു എന്ന് കരുതുക. അത് ഇഷ്‌ടപ്പെട്ടെങ്കില്‍ മറുപടിയോ റിയാക്ഷനോ ഈ ടൂള്‍ ഉപയോഗിച്ച് വരച്ച് നല്‍കാം. ഉദാഹരണത്തിന്, ചായ കുടിക്കാന്‍ ആരെങ്കിലും ഡിഎം വഴി ക്ഷണിച്ചാല്‍ യെസ് പറയാനും നോ പറയാനും ഇങ്ങനെ ഇനി വരച്ച് മറുപടി നല്‍കിയാല്‍ രസമാകും. ഇനി, നിങ്ങളുടെ വരകള്‍ ഹൈഡ് ചെയ്യണമെങ്കിലോ ഡ‍ിലീറ്റ് ചെയ്യണമെങ്കിലോ അതുമാകാം. അയച്ച ശേഷം ആ വരയില്‍ ലോംഗ് പ്രസ് ചെയ്‌താല്‍ 'ഹൈഡ് ഓള്‍', ‘ഡിലീറ്റ്’ ഓപ്ഷനുകള്‍ വരും. ഇന്‍സ്റ്റഗ്രാം ഡിഎമ്മില്‍ അവതരിപ്പിച്ചിരിക്കുന്നത് വെറും കുത്തിവരകളല്ല കേട്ടോ. സ്‌കില്ലുണ്ടെങ്കില്‍ വീടോ മലയോ എന്തുവേണമെങ്കിലും ഡ്രോ ഫീച്ചര്‍ ഉപയോഗിച്ച് വിരല്‍കൊണ്ട് വരയ്‌ക്കാം, അയക്കാം. 

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്