വാട്‌സ്ആപ്പിനെ ഞെട്ടിച്ച് 200 പേരെ മാത്രം ലക്ഷ്യമിട്ട് തീവ്രമായ സൈബര്‍ ചാരവൃത്തി, ഇരകളായവരില്‍ കൂടുതലും ഐഫോണ്‍ ഉപഭോക്താക്കള്‍
വാഷിംഗ്‌ടണ്‍: വെറും 200 പേരെ ലക്ഷ്യമിടുന്ന, എന്നാല്‍ അതീവ അപകടകാരിയായ ഹാക്കിംഗ് ശ്രമം വാട്‌സ്ആപ്പില്‍ കണ്ടെത്തി. വാട്‌സ്ആപ്പിലെയും ആപ്പിള്‍ ഉപകരണങ്ങളിലെയും ന്യൂനതകള്‍ മുതലെടുത്താണ് ഈ സൈബര്‍ ചാരവൃത്തി (Cyber espionage). ഐഫോണ്‍, മാക് ഉപഭോക്താക്കളെയാണ് ഈ സൈബര്‍ ആക്രമണം പ്രധാനമായും ലക്ഷ്യമിട്ടത്. പൊതു സമൂഹത്തിലെ, ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിയാത്ത യൂസര്‍മാരെ ലക്ഷ്യമിട്ടാണ് ഈ ഹാക്കിംഗ് ശ്രമമെന്ന് ആംനെസ്റ്റി ഇന്‍റര്‍നാഷണിലെ ഒരു ഗവേഷകനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു.
ആപ്പിള്‍ ഡിവൈസുകളുടെ പിഴവ് മുതലെടുത്താണ് ഹാക്കര്‍മാരുടെ ആക്രമണമെന്ന് മെറ്റ അറിയിച്ചു. ലോകമെമ്പാടുമുള്ള 200-ൽ താഴെ ഉപയോക്താക്കളെ മാത്രമേ ഈ ഹാക്കിംഗ് ശ്രമം ബാധിച്ചിട്ടുള്ളൂവെന്നും വാട്‌സ്ആപ്പിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ വാട്‌സ്ആപ്പ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഹാക്കിംഗിന് ഇരയായവരില്‍ നിന്ന് ഫോറന്‍സിക് ഡാറ്റ നേടാനുള്ള ശ്രമത്തിലാണ് ആംനെസ്റ്റി സെക്യൂരിറ്റി ലാബ്. ഐഫോണ്‍ ഉപഭോക്താക്കള്‍ മാത്രമല്ല, ആന്‍ഡ്രോയ്‌ഡ് യൂസര്‍മാരും ഈ ആക്രമണത്തിന് വിധേമായതായും വാട്‌സ്ആപ്പ് അല്ലാതെ മറ്റ് ആപ്പുകളെയും ഈ പ്രശ്‌നം ബാധിച്ചിട്ടുണ്ടാകാം എന്നും ആനെംസ്റ്റി സെക്യൂരിറ്റി ലാബ് തലവന്‍ വ്യക്തമാക്കി.
എന്താണ് സൈബര്‍ ചാരവൃത്തി?
ഇന്‍റർനെറ്റ്, നെറ്റ്‌വർക്കുകൾ അല്ലെങ്കിൽ വ്യക്തിഗത കമ്പ്യൂട്ടറുകൾ എന്നിവയില്‍ നിന്ന് പ്രോക്‌സി സെർവറുകൾ, ക്രാക്കിംഗ് ടെക്‌നിക്കുകൾ എന്നിവയും ട്രോജൻ ഹോഴ്‌സ്, സ്‌പൈവെയർ എന്നിവയുൾപ്പെടെയുള്ള മാല്‍വെയറുകളും ഉപയോഗിച്ച് അനധികൃതമായി രഹസ്യങ്ങളും വിവരങ്ങളും കൈക്കലാക്കുന്ന രീതിയാണ് സൈബർ ചാരവൃത്തിയായി അറിയപ്പെടുന്നത്. ഫിഷിംഗ്, മാല്‍വെയറുകള്‍ പോലുള്ള സാങ്കേതികവിദ്യകള്‍ ഈ ചാരവൃത്തിക്കായി വ്യാപകമായി ഉപയോഗിക്കുന്നു. വ്യക്തികള്‍, ഗ്രൂപ്പുകള്‍, കമ്മ്യൂണിറ്റികള്‍, സര്‍ക്കാരുകള്‍ എന്നിവയെ ലക്ഷ്യമിട്ട് ഇത്തരം സൈബര്‍ ചാരവൃത്തി ഹാക്കിംഗ് സംഘങ്ങള്‍ നടത്താറുണ്ട്. വ്യക്തിഗത, സാമ്പത്തിക, സര്‍ക്കാര്‍, സൈനിക, കോര്‍പ്പറേറ്റ്, സാങ്കേതിക വിവരങ്ങള്‍ ചോര്‍ത്താനാണ് പ്രധാനമായും സൈബര്‍ ചാരവൃത്തി നടക്കുന്നത്.


