വാട്‌സ്ആപ്പ് ആപ്പിൾ കാർ പ്ലേയ്ക്കായി ഒരു നേറ്റീവ് ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നു. ഇത് ഡ്രൈവർമാർക്ക് സമീപകാല ചാറ്റുകൾ കാണാനും വോയിസ് ഡിക്റ്റേഷൻ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കാനും കോളുകൾ ചെയ്യാനും സഹായിക്കും. ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിയാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഈ ഫീച്ചർ വരുന്നത്.
കാലിഫോര്‍ണിയ: ഇൻസ്റ്റന്‍റ് മെസേജിംഗ് രംഗത്തെ ജനപ്രിയ സേവനദാതാക്കളായ വാട്‍സ്ആപ്പ്, സ്‍മാർട്ട്ഫോൺ പരിധികളും കടന്ന് വിവിധ ഉപകരണങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു. ഇപ്പോഴിതാ, ആപ്പിൾ കാർ പ്ലേയ്ക്കായി നേറ്റീവ് വാട്‍സ്ആപ്പ് ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ കമ്പനി അവതരിപ്പിക്കുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ. iOS ബീറ്റാ പ്രോഗ്രാമിൽ ഉൾപ്പെട്ട ചില ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും ഈ പുതിയ ഫീച്ചർ ലഭ്യമാകുന്നതായാണ് വിവരം.
കാർ പ്ലേയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത വാട്‍സ്ആപ്പ്
ഫീച്ചർ ട്രാക്കിംഗ് പ്ലാറ്റ്ഫോമായ വാബീറ്റാ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം, കാർ പ്ലേയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത വാട്‍സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സമീപകാല ചാറ്റുകൾ എളുപ്പത്തിൽ പരിശോധിക്കാൻ സഹായിക്കും. കഴിഞ്ഞ 20 മുതൽ 25 ദിവസത്തിനിടെ ബന്ധപ്പെട്ട കോൺടാക്‌ടുകളുടെ ചാറ്റ് ലിസ്റ്റ് ഈ ആപ്പിൽ കാണിക്കും. എന്നാൽ ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിയാതിരിക്കാൻ, ചാറ്റുകൾ നേരിട്ട് തുറക്കാൻ സാധിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.
ചാറ്റ് ലിസ്റ്റിൽ, സന്ദേശങ്ങൾ മ്യൂട്ട് ചെയ്‌തിട്ടുണ്ടോ, പിൻഡ് ആണോ തുടങ്ങിയ വിവരങ്ങളും അവസാനമായി അയച്ചതോ ലഭിച്ചതോ ആയ സന്ദേശത്തിന്‍റെ സമയം എന്നിവയും കാണാൻ കഴിയും. ഉപയോക്താക്കൾക്ക് കോൺടാക്‌ടുകളുടെ അടിസ്ഥാന പ്രൊഫൈൽ വിവരങ്ങളും അവരുടെ പ്രൊഫൈൽ ചിത്രവും പരിശോധിക്കാൻ സാധിക്കും. കൂടാതെ വോയിസ് ഡിക്റ്റേഷൻ ഉപയോഗിച്ച് സന്ദേശങ്ങൾ അയയ്ക്കാനും വാട്‍സ്ആപ്പ് വോയിസ് കോൾ ആരംഭിക്കാനും ഈ ആപ്പ് അനുവദിക്കുന്നതായാണ് സൂചന. കോൾസ് എന്ന പ്രത്യേക വിഭാഗത്തിലൂടെ വാട്‍സ്ആപ്പ് കോളുകളുടെ വിശദമായ ഹിസ്റ്ററിയും പരിശോധിക്കാം. ഇത് വാഹനത്തിൽ നിന്നുതന്നെയുള്ള ആശയവിനിമയം കൂടുതൽ സൗകര്യപ്രദമാക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഇപ്പോൾ, കാർപ്ലേ വഴി വാട്‍സ്ആപ്പ് സന്ദേശങ്ങൾ നോട്ടിഫിക്കേഷനായി ലഭിക്കുന്നുണ്ട്. സന്ദേശങ്ങൾ ശബ്‍ദമായി വായിച്ചുകേൾപ്പിക്കാനും മറുപടി നൽകാൻ സിരിയുടെ സഹായം ഉപയോഗിക്കാനും സാധിക്കും. വാട്‍സ്ആപ്പ് കോളുകൾ കാർപ്ലേയിൽ കാണിച്ചാലും അവ ആപ്പിൾ ഫോൺ ആപ്പിലുള്ള കോളുകളോടൊപ്പം ലോഗ് ചെയ്യപ്പെടുന്നു. ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. എങ്കിലും ആപ്പിളും വാട്‍സ്ആപ്പും ഈ ഫീച്ചർ ഭാവിയിൽ അവതരിപ്പിക്കാനുള്ള സാധ്യതകൾ കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ. വാഹനങ്ങളിൽ സുരക്ഷയും സൗകര്യവും കൂട്ടിച്ചേർക്കുന്ന ഈ നീക്കം ടെക് ലോകത്ത് വലിയ ശ്രദ്ധ നേടുമെന്നുറപ്പ്.



