യൂട്യൂബില്‍ കോണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് അവരുടെ തന്നെ എഐ പതിപ്പ് ഉൾക്കൊള്ളുന്ന ഷോര്‍ട്‌സ് വീഡിയോകള്‍ സൃഷ്‍ടിക്കാൻ സാധിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ ഉടനെത്തും, മറ്റ് നിരവധി പുത്തന്‍ ഫീച്ചറുകളും യൂട്യൂബ് അവതരിപ്പിക്കുന്നു. 

2026-ൽ തങ്ങളുടെ പ്ലാറ്റ്‌ഫോമിനും ക്രിയേറ്റേഴ്‌സിനും വേണ്ടി വലിയ പദ്ധതികളുമായി ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ്. നിലവിലുള്ളതും പുതിയതുമായ യൂട്യൂബ് ടൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ കൂടുതൽ സംയോജിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. യൂട്യൂബ് സിഇഒ നീൽ മോഹൻ ആണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്. കണ്ടന്‍റ് ക്രിയേറ്റേഴ്സിന് ഉടൻ തന്നെ എഐ ഉപയോഗിച്ച് അവരുടെ സ്വന്തം രൂപത്തിലുള്ള ഷോര്‍ട്‌സ് വീഡിയോ യൂട്യൂബില്‍ സൃഷ്‌ടിക്കാൻ കഴിയും. കൂടാതെ പുതിയ കണ്ടന്‍റ് ഫോർമാറ്റുകൾ ഉപയോഗിച്ച് ഷോര്‍ട്‌സ് വികസിപ്പിക്കാനും സംഗീതവുമായി ബന്ധപ്പെട്ട കൂടുതൽ സവിശേഷതകൾ അവതരിപ്പിക്കാനും യൂട്യൂബ് പദ്ധതിയിടുന്നു.

എന്തൊക്കെയാണ് യൂട്യൂബിന്‍റെ പുതിയ പദ്ധതികൾ?

കോണ്ടന്‍റ് ക്രിയേറ്റേഴ്സിന് അവരുടെ സ്വന്തം രൂപത്തിലുള്ള ഷോര്‍ട്‌സുകള്‍ എഐ ഉപയോഗിച്ച് നിർമ്മിക്കാൻ യൂട്യൂബ് അനുവദിക്കും. ലളിതമായി പറഞ്ഞാൽ, ക്രിയേറ്റേഴ്‌സിന് അവരുടെ തന്നെ എഐ പതിപ്പ് ഉൾക്കൊള്ളുന്ന ഷോര്‍ട്‌സ് സൃഷ്‍ടിക്കാൻ സാധിക്കും. കൂടാതെ ടെക്സ്റ്റ് പ്രോംപ്റ്റ് എഐ ഫീച്ചർ ഉപയോഗിച്ച് ഗെയിമുകൾ സൃഷ്‍ടിക്കാനും ഇത് അനുവദിക്കും. ഷോര്‍ട്‌സില്‍ യൂട്യൂബ് ക്രമേണ എഐ ഫീച്ചറുകൾ ചേർത്തുകൊണ്ടിരിക്കുകയാണ്. ഇവയിൽ എഐ ജനറേറ്റഡ് ക്ലിപ്പുകൾ, സ്റ്റിക്കറുകൾ, ഓട്ടോ-ഡബ്ബിംഗ്, മറ്റ് ക്രിയേറ്റീവ് ടൂളുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

പുതിയ ഫോർമാറ്റുകളുള്ള ഷോർട്ട്സ്

എഐ ടൂളുകൾക്ക് പുറമേ, ഇമേജ് അധിഷ്‍ഠിത പോസ്റ്റുകൾ ഉൾപ്പെടെയുള്ള പുതിയ ഫോർമാറ്റുകൾ ഉപയോഗിച്ച് ഷോർട്ട് വീഡിയോകൾ വികസിപ്പിക്കാനും യൂട്യൂബ് പദ്ധതിയിടുന്നു. ഈ ഫോർമാറ്റുകൾ ഇതിനകം തന്നെ ടിക് ടോക്ക്, ഇൻസ്റ്റഗ്രാം റീൽസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ആപ്പുകൾ മാറാതെ തന്നെ ക്രിയേറ്റേഴ്സുമായി കൂടുതൽ രീതിയിൽ ഇടപഴകാൻ ഉപയോക്താക്കളെ അനുവദിക്കുക എന്നതാണ് ലക്ഷ്യം. ഇതിനൊക്കെ പുറമേ സംഗീത വീഡിയോകൾ മാത്രം പ്രചരിപ്പിക്കുന്നതിനുപകരം പുതിയ കലാകാരന്മാരെ കണ്ടെത്താനും ഗാനങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതൽ അറിയാനും പുതിയ റിലീസുകൾ ട്രാക്ക് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന പദ്ധതികളും യൂട്യൂബ് പ്ലാൻ ചെയ്യുന്നുണ്ട്.

യൂട്യൂബില്‍ കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ

പേരന്‍റല്‍ നിയന്ത്രണങ്ങൾ ഉപയോഗിക്കുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അപ്‌ഡേറ്റുകൾ അടുത്തിടെ യൂട്യൂബ് പ്രഖ്യാപിച്ചിരുന്നു. ഈ മാറ്റങ്ങൾ അനുസരിച്ച് കുട്ടികളും കൗമാരക്കാരും ഷോർട്‌സ് കാണാൻ എത്ര സമയം ചെലവഴിക്കുന്നു എന്നതിൽ മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം ലഭിക്കും. സമയപരിധി പൂജ്യമായി നിശ്ചയിച്ചുകൊണ്ട് ഷോർട്‌സ് കാഴ്‌ച പൂർണ്ണമായും ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും ഇതിൽ ഉൾപ്പെടും.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്