ബ്ലൂടൂത്ത് ഇയർബഡുകളിലെയും ഹെഡ്‌ഫോണുകളിലെയും സുരക്ഷാ പിഴവ് ഹാക്കർമാർക്ക് ഉപകരണം ഹൈജാക്ക് ചെയ്യാൻ അവസരം നൽകുന്നു. ഗൂഗിളിന്റെ ഫാസ്റ്റ് പെയർ ഫീച്ചറുമായി ബന്ധപ്പെട്ട 'വിസ്പർ പെയർ' എന്ന പിഴവ് ഉപയോഗിച്ച് ഉപയോക്താക്കളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും കഴിയും

സംഗീതം കേൾക്കാനും സിനിമ കാണാനും റീലുകൾ സ്ക്രോൾ ചെയ്യാനും നിങ്ങൾ ദിവസവും ഇയർബഡുകളോ ഹെഡ്‌ഫോണുകളോ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക! നിങ്ങളുടെ ഓഡിയോ ഗാഡ്‌ജെറ്റുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അപ്‌ഡേറ്റ് ചെയ്യാത്ത ബ്ലൂടൂത്ത് ഇയർബഡുകളും ഹെഡ്‌ഫോണുകളും വലിയ സുരക്ഷാ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തി. ബെൽജിയത്തിലെ കെ യു ലുവെൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമാണ് ഈ പ്രശ്‍നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ ബ്ലൂടൂത്ത് ഉപകരണം ഹൈജാക്ക് ചെയ്യാനും നിങ്ങളെ ട്രാക്ക് ചെയ്യാനും ഒരു പരിധിവരെ നിങ്ങളുടെ സംഭാഷണങ്ങൾ കേൾക്കാനും ഹാക്കർമാരെ അനുവദിക്കുന്ന ഒരു പിഴവാണ് സൈബർ സുരക്ഷാ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഈ പിഴവ് ഗൂഗിളിന്‍റെ ഫാസ്റ്റ് പെയർ ഫീച്ചറുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്ലൂടൂത്ത് ഉപകരണങ്ങൾ വേഗത്തിലും എളുപ്പത്തിലും ബന്ധിപ്പിക്കുന്നതിനാണ് ഫാസ്റ്റ് പെയർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എന്നാൽ ഈ ഫീച്ചർ ഹാക്കർമാർ ചൂഷണം ചെയ്‌തേക്കാം എന്ന് ഗവേഷകർ പറയുന്നു. 'വിസ്‍പർ പെയർ' എന്നറിയപ്പെടുന്ന ഈ ആക്രമണങ്ങൾ, സമീപത്തുള്ള ഒരു ഹാക്കറിനെ നിങ്ങളുടെ ഇയർബഡുകളിലേക്കോ ഹെഡ്‌ഫോണുകളിലേക്കോ നിശബ്‍ദമായി കണക്റ്റുചെയ്യാൻ അനുവദിക്കുന്നു. നിങ്ങളുടെ ചെവിയിലേക്ക് വിചിത്രമായ ശബ്ദങ്ങൾ അയയ്ക്കാനോ കോളുകൾ വിച്ഛേദിക്കാനോ മാത്രമല്ല, ഗൂഗിളിന്റെ "ഫൈൻഡ് മൈ ഡിവൈസ്" നെറ്റ്‌വർക്ക് ഉപയോഗിച്ച് അവർക്ക് നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും കഴിയും.

ഈ പ്രശ്‍നം ഏതെങ്കിലും ഒരു ബ്രാൻഡിനോ മോഡലിനോ മാത്രമല്ല ബാധിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നിങ്ങൾ ഏത് പ്രധാന കമ്പനിയുടെ ഉൽപ്പന്നം ഉപയോഗിച്ചാലും അപകടസാധ്യത എല്ലാവർക്കും ഒരുപോലെയാണെന്നും ഗവേഷകർ പറയുന്നു. ഇതിൽ സോണി, ജാബ്ര, ജെബിഎൽ, മാർഷൽ, ഷവോമി, നത്തിംഗ്, വൺപ്ലസ്, സൗണ്ട്കോർ, ലോജിടെക് തുടങ്ങിയ പ്രമുഖ ഇലക്ട്രോണിക്സ് മ്പനികളുടെ ഓഡിയോ ഡിവൈസുകളും ആക്‌സസറികളും ഉൾപ്പെടുന്നു. ഇവയുടെ നിയന്ത്രണം ഹാക്കർമാർക്ക് ഏറ്റെടുക്കാൻ സാധ്യതയുള്ള ഒരു കൂട്ടം പിഴവുകളാണ് സുരക്ഷാ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം അപകടസാധ്യതയുള്ള ഉപകരണങ്ങളെക്കുറിച്ച് ഗൂഗിൾ ചില വെണ്ടർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സ്വന്തം ദുർബലമായ ഓഡിയോ ആക്‌സസറികൾക്കായി കമ്പനി സുരക്ഷാ പാച്ചുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഉപഭോക്താക്കളെ ട്രാക്ക് ചെയ്യാൻ വിസ്പർപെയർ ഉപയോഗിക്കുന്നത് തടയാൻ ആൻഡ്രോയിഡിലെ ഫൈൻഡ് ഹബ്ബിലേക്കുള്ള അപ്‌ഡേറ്റുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ സുരക്ഷാ പാച്ചുകളിൽ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ.