ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ വൻ വിജയമായിരുന്ന സ്പെഷ്യൽ ഓപ്‌സിന്‍റെ രണ്ടാം സീസൺ ജിയോ ഹോട്ട്സ്റ്റാറില്‍ ജൂലൈ 11 മുതൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
മുംബൈ: 2020 മാർച്ച് 17-നാണ് ബോളിവുഡ് സംവിധായകന്‍ നീരജ് പാണ്ഡെ സ്പെഷ്യൽ ഓപ്‌സ് എന്ന സ്പൈ ത്രില്ലർ ഷോയിലൂടെ ഒടിടിയിൽ അരങ്ങേറ്റം കുറിച്ചത്. 8 എപ്പിസോഡുകളുള്ള പരമ്പരയിൽ കെ കെ മേനോൻ, കരൺ ടാക്കർ, വിനയ് പഥക്, വിപുല്‍ ഗുപ്ത, സയാമി ഖേർ, ഗൗതമി കപൂർ, പർമീത് സേത്തി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. കൊവിഡ് കാലത്ത് വന്‍ ഹിറ്റായിരുന്നു ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ വന്ന ഈ പരമ്പര.
ഒന്നര വർഷത്തിലേറെ കഴിഞ്ഞ് 2021 നവംബർ 12 ന് ഈ സീരിസിന്‍റെ അണിയറക്കാര്‍ സ്പെഷ്യൽ ഓപ്‌സ് 1.5: ദി ഹിമ്മത് സ്റ്റോറി എന്ന പേരിൽ നാല് എപ്പിസോഡുകൾ ഉൾക്കൊള്ളുന്ന ഒരു സ്പിൻ-ഓഫ്/പ്രീക്വൽ പുറത്തിറക്കി.
കെ കെ മേനോൻ, അഫ്താബ് ശിവദാസനി, വിനയ് പഥക്, ആദിൽ ഖാൻ, ഗൗതമി കപൂർ, പർമീത് സേത്തി എന്നിവർ അഭിനയിച്ച ഈ പരമ്പര എന്നാല്‍ അത്ര അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ സ്പെഷ്യല്‍ ഓപ്സ് ആദ്യ സീസണിന് ശേഷം അഞ്ച് വര്‍ഷത്തിന് ശേഷം അതിന്‍റെ രണ്ടാം സീസണ്‍ വരുകയാണ്.
സ്പെഷ്യല്‍ ഓപ്സ് 2 ട്രെയിലറും റിലീസ് ഡേറ്റും പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ ഹോട്ട്സ്റ്റാര്‍. കെകെ മോനോന്‍ അവതരിപ്പിക്കുന്ന ഹിമ്മത് സിംഗ് എന്ന റോ മേധാവിയും സംഘവും ഇത്തവണ ഒരു സൈബര്‍ യുദ്ധത്തെയാണ് നേരിടുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

രണ്ടാം സീസണില്‍ പ്രകാശ് രാജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ജൂലൈ 11 മുതലാണ് ഈ സീസണ്‍ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിക്കുക.

