ജൂലൈ മാസത്തിൽ ദില്ലിയിൽ നിന്ന് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കഴിയുന്ന 5 രാജ്യങ്ങളുണ്ട്. 

അന്താരാഷ്ട്ര യാത്രകൾ നടത്താൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. മറ്റ് രാജ്യങ്ങളിലെ കാലാവസ്ഥയും സംസ്കാരവും ജീവിതരീതികളും രുചികളുമെല്ലാം നേരിട്ടറിയാനും മികച്ച ഒരു അവധിക്കാലം ആഘോഷിക്കാനുമാണ് പലരും അന്താരാഷ്ട്ര യാത്രകൾ തിരഞ്ഞെടുക്കുന്നത്. അത്തരത്തിൽ ജൂലൈ മാസത്തിൽ ദില്ലിയിൽ നിന്ന് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കഴിയുന്ന 5 രാജ്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

1. നേപ്പാൾ

ദില്ലിയിൽ നിന്ന് ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര നടത്താൻ സാധിക്കുന്ന അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് നേപ്പാൾ. ഒരു ചെറിയ വിമാന യാത്ര നടത്തിയാൽ നേപ്പാളിലെത്താം എന്നതാണ് സവിശേഷത. അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം, ഹിമാലയത്തിന്റെ അമ്പരപ്പിക്കുന്ന കാഴ്ചകൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവ സഞ്ചാരികളെ നേപ്പാളിലേയ്ക്ക് ആകർഷിക്കുന്നു. ജൂലൈ മാസമെന്നാൽ നേപ്പാളിൽ മഴക്കാലമാണ്. ഈ സമയം വിനോദസഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടാറില്ല. മാത്രമല്ല, നേപ്പാളിലെത്തിയാൽ അവിടെയുള്ള പ്രാദേശിക ഭക്ഷണശാലകളിൽ ഭക്ഷണത്തിന് ചെലവും കുറവാണ്.

ഫ്ലൈറ്റ് ഡീലുകൾ: മുൻകൂട്ടി ബുക്ക് ചെയ്താൽ ദില്ലിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള റൗണ്ട്-ട്രിപ്പ് ഫ്ലൈറ്റുകൾ ഏകദേശം 5,000 മുതൽ 7,000 രൂപ വരെ ചെലവാണ് വരുന്നത്.

താമസം : കാഠ്മണ്ഡുവിലും പൊഖാറയിലും നിരവധി ബജറ്റ് ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഉണ്ട്. ഒരു രാത്രിക്ക് 800 മുതൽ 1,500 രൂപ വരെ നിരക്കിൽ റൂമുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

2. ശ്രീലങ്ക

മനോഹരമായ ബീച്ചുകൾ, ചരിത്രശേഷിപ്പുകൾ, ജൈവവൈവിധ്യം എന്നിവയാൽ സമ്പന്നമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ശ്രീലങ്ക. ഇന്ത്യൻ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണിത്. ശ്രീലങ്കയിലെ പ്രാദേശിക ഭക്ഷണത്തിന് വില താരതമ്യേന വളരെ കുറവാണ്. പലപ്പോഴും 200 രൂപയിൽ താഴെയാണ് ഭക്ഷണത്തിന്റെ വില. സിഗിരിയ റോക്ക് ഫോർട്രസ്, ടെമ്പിൾ ഓഫ് ദ ടൂത്ത് എന്നിവ ശ്രീലങ്കയിലെ പ്രധാന ആകർഷണങ്ങളാണ്.

ഫ്ലൈറ്റ് ഡീലുകൾ : ജൂലൈയിൽ ദില്ലിയിൽ നിന്ന് കൊളംബോയിലേക്കുള്ള വിമാനങ്ങൾക്ക് ഏകദേശം 8,000 മുതൽ 10,000 രൂപ വരെയാണ് നിരക്ക്.

താമസം : കൊളംബോയിലെയും കൗണ്ടിയിലെയും ബജറ്റ് പ്രോപ്പർട്ടികൾ ഒരു രാത്രിക്ക് 1,200 മുതൽ 2,500 രൂപ വരെ ലഭ്യമാണ്.

3. മലേഷ്യ

വൈവിധ്യമാർന്ന സാംസ്കാരം, ഉഷ്ണമേഖലാ മഴക്കാടുകൾ എന്നിവയാൽ സമ്പന്നമായ ഒരു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ് മലേഷ്യ. ജൂലൈ മാസം തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ സമയമാണ്. അതിനാൽ തന്നെ സഞ്ചാരികളുടെ വലിയ തിരക്കില്ലാതെ മലേഷ്യയുടെ പ്രകൃതി ഭം​ഗി ആവോളം ആസ്വദിക്കാൻ സാധിക്കും. പ്രാദേശിക ഭക്ഷണത്തിന് 200 മുതൽ 400 രൂപ വരെയാണ് ചെലവ് വരിക. ബട്ടു ഗുഹകൾ, പെട്രോണാസ് ട്വിൻ ടവറുകൾ തുടങ്ങിയവയാണ് മലേഷ്യയിലെ പ്രധാന ആകർഷണങ്ങൾ. ഇവിടങ്ങളിലേയ്ക്കുള്ള പ്രവേശന ഫീസും കുറവാണെന്നതാണ് സവിശേഷത.

ഫ്ലൈറ്റ് ഡീലുകൾ : ജൂലൈയിൽ ദില്ലിയിൽ നിന്ന് ക്വാലാലംപൂരിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഏകദേശം 9,000 മുതൽ 11,000 രൂപ വരെയാണ് നിരക്ക്.

താമസം : ക്വാലാലംപൂരിലെയും പെനാങ്ങിലെയും ബജറ്റ് പ്രോപ്പർട്ടികൾ ഒരു രാത്രിക്ക് 1,000 മുതൽ 2,000 രൂപ വരെ നിരക്കിൽ ലഭ്യമാകും.

4. വിയറ്റ്നാം

സമ്പന്നമായ ചരിത്രം, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, ചെലവ് കുറഞ്ഞ ഭക്ഷണ, താമസ സൗകര്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ട മറ്റൊരു ജനപ്രിയ രാജ്യമാണ് വിയറ്റ്നാം. വർണ്ണാഭമായ നഗരങ്ങൾ, യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയ ഹാ ലോങ് ബേ, മെകോംഗ് ഡെൽറ്റ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഇവയെല്ലാം കുറഞ്ഞ ചെലവിൽ പര്യവേക്ഷണം ചെയ്യാൻ സാധിക്കും. വിയറ്റ്നാമിലെ സ്ട്രീറ്റ് ഫുഡ് രുചികരമാണ്. ഭക്ഷണത്തിന് ഏകദേശം 150 മുതൽ 300 രൂപ വരെ മാത്രമേ ചെലവ് വരികയുള്ളൂ.

ഫ്ലൈറ്റ് ഡീലുകൾ : ജൂലൈയിൽ ദില്ലിയിൽ നിന്ന് ഹനോയിയിലേക്കോ ഹോ ചി മിൻ സിറ്റിയിലേക്കോ ഉള്ള റൗണ്ട്-ട്രിപ്പ് വിമാനങ്ങൾ 12,000 മുതൽ 15,000 രൂപ വരെ ചെലവിൽ ലഭ്യമാണ്.

താമസം : ഹനോയിയിലും ഹോ ചി മിൻ സിറ്റിയിലും ബജറ്റ് പ്രോപ്പർട്ടികൾ ഒരു രാത്രിക്ക് 1,000 മുതൽ 2,000 രൂപ വരെ നിരക്കിൽ ലഭിക്കും.

5. തായ്‌ലൻഡ്

ഇന്ത്യൻ സഞ്ചാരികൾക്ക് എക്കാലവും പ്രിയപ്പെട്ട രാജ്യമാണ് തായ്‌ലൻഡ്. മൺസൂൺ കാരണം ജൂലൈ മാസത്തിൽ തായ്‌ലൻഡിൽ തിരക്ക് കുറവായിരിക്കും. അതായത് കുറഞ്ഞ നിരക്കിൽ വിമാനങ്ങളും ഹോട്ടലുകളും ലഭ്യമാകും. തായ്‌ലൻഡിലെ സ്ട്രീറ്റ് ഫുഡ് രുചികരമാണെങ്കിലും ചെലവ് താരതമ്യേന കുറവാണ്. ഏകദേശം 150-300 രൂപയ്ക്ക് ഭക്ഷണം ലഭിക്കും.

ഫ്ലൈറ്റ് ഡീലുകൾ : ജൂലൈയിൽ ദില്ലിയിൽ നിന്ന് ബാങ്കോക്കിലേക്കോ ചിയാങ് മായിയിലേക്കോ ഉള്ള റൗണ്ട്-ട്രിപ്പ് വിമാനങ്ങൾ 10,000 മുതൽ 12,000 രൂപ വരെ നിരക്കുകളിൽ ലഭ്യമാണ്.

താമസം : ബാങ്കോക്കിലെയും ചിയാങ് മായിയിലെയും ബജറ്റ് ഹോസ്റ്റലുകളും ഗസ്റ്റ് ഹൗസുകളും ഒരു രാത്രിക്ക് 1,000 മുതൽ 2,000 രൂപ നിരക്കിൽ ലഭിക്കും.