കേരളത്തിൽ നിന്നാരംഭിച്ച 'ചലോ എൽഒസി' ബുള്ളറ്റ് യാത്ര കശ്‍മീരിലെത്തി. 26 ബുള്ളറ്റുകളിലായി 11 ദിവസത്തെ യാത്രയ്ക്ക് ഒടുവിൽ ട്വീത്വാളിലെത്തിയ സംഘം ഭീകരതയ്‌ക്കെതിരെ പ്രതീകാത്മക പ്രതിഷേധം നടത്തി.
'ബുള്ളറ്റുകൾക്കെതിരെ ബുള്ളറ്റുകൾ' എന്ന സന്ദേശവുമായി കേരളത്തിൽ നിന്നാരംഭിച്ച ബുള്ളറ്റ് യാത്ര ഒടുവിൽ കശ്‍മീരിൽ എത്തി. ഡോ ആർ രാമാനന്ദ് നയിക്കുന്ന ചലോ എൽഓസി കൂട്ടായ്‍മയുടെ നേതൃത്വത്തിലുള്ള 26 ബുള്ളറ്റുകളാണ് 11 ദിവസത്തെ യാത്രയ്ക്ക് ഒടുവിൽ കശ്‍മീരിലെ ട്വീത്വാളിൽ എത്തിയത്. കാലടിയിലെ ആദിശങ്കര ഭൂമിയിൽ നിന്നും ജൂൺ ഒന്നിന് ആരംഭിച്ച യാത്ര കശ്‍മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ശാരദാ യാത്രാ ക്ഷേത്രത്തിലാണ് സമാപിച്ചത്.
26 നിരപരാധികളുടെ ജീവൻ അപഹരിച്ച ദാരുണമായ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഈ കൂട്ടായ്‍മ രൂപം കൊള്ളുന്നത്. പെഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി എൽഓസിയിൽ എത്താൻ അനുമതി ലഭിക്കുന്ന സിവിലിയൻ സംഘം എന്ന പ്രത്യേകതയും ഈ കൂട്ടായ്‍മയ്ക്കുണ്ട്. ഭീകരവാദികളുടെ ബുള്ളറ്റുകൾക്ക് എതിരെ ഇന്ത്യയുടെ അഭിമാനമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകൾ ഉപയോഗിച്ചുള്ള ഈ വേറിട്ട യാത്ര ജനാധിപത്യത്തിൽ ഊന്നിയ പ്രതിരോധം ശക്തമായ സന്ദേശം ഉൾക്കൊള്ളുന്നു.
കശ്‍മീർ താഴ്‌വരയെ ബാധിച്ച അക്രമങ്ങൾക്ക് ജനാധിപത്യ രീതിയിൽ മറുപടി നൽകുക എന്നതാണ് ആർ രാമാനന്ദ് സംഘടിപ്പിച്ച 'ചലോ എൽഒസി' എന്ന പ്രസ്ഥാനം ലക്ഷ്യമിടുന്നത്. ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടിയിൽ നിന്ന് 3,600 കിലോമീറ്റർ ദൈർഘ്യമുള്ള ബൈക്ക് യാത്ര ആരംഭിച്ച സംഘം പത്ത് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ശ്രീനഗറിലും ഒടുവിൽ വടക്കൻ കശ്‍മീരിലെ നിയന്ത്രണ രേഖയിലും എത്തി. യാത്രകരിൽ 15 ഓളം വനിതാ റൈഡർമാരും ഉണ്ടായിരുന്നു. തീവ്രവാദികൾ ഉപയോഗിക്കുന്ന വെടിയുണ്ടകൾക്ക് വിപരീതമായി ഐക്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പ്രതീകങ്ങളായി തങ്ങളുടെ ബുള്ളറ്റുകൾ ഉപയോഗിക്കണമെന്ന വികാരം പ്രതിധ്വനിപ്പിച്ചാണ് സംഘം ശാരദിയിൽ എത്തിയത്.
ഇത് ഭീകരതയ്‌ക്കെതിരായ പ്രതീകാത്മക പ്രതിഷേധമാണെന്ന് ആർ രാമാനന്ദ് പറഞ്ഞു. നഷ്‍ടപ്പെട്ട ജീവനുകളെ പ്രതിനിധീകരിക്കുന്ന 26 ബുള്ളറ്റ് ബൈക്കുകളുമായി തങ്ങൾ ഇവിടെയുണ്ടെന്നും തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും വെടിയുണ്ടകളാൽ നിശബ്‍ദരാക്കപ്പെടില്ലെന്നും പ്രഖ്യാപിക്കുന്നതായിരുന്നു ഈ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യാതൊരു ഭീകരപ്രവർത്തനത്തിനും രാജ്യത്തെ കീഴടക്കാൻ കഴിയില്ലെന്നും ഭയത്തിനും വിദ്വേഷത്തിനും എതിരെ രാജ്യം ഐക്യപ്പെട്ടിരിക്കുന്നു എന്നും ഈ യാത്ര തെളിയിക്കുന്നു. കശ്‍മീർ സുരക്ഷിതമല്ലാത്ത ഒരു സ്ഥലമാണെന്ന തെറ്റിദ്ധാരണകളെ വെല്ലുവിളിക്കുന്നതാണ് ഈ ദൌത്യം.
പഹൽഗാം ആക്രമണത്തിൽ ജീവൻ നഷ്‍ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം ആദിശങ്കരൻ നടന്ന വഴികളിലൂടെ രാജ്യത്തിന്‍റെ ആത്മാവിലൂടെയുള്ള യാത്ര കൂടിയായിരുന്നു ഇത്. തീവ്രവാദത്താൽ പലപ്പോഴും തകർന്ന ഒരു താഴ്‌വരയിൽ സമാധാനത്തിനും ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള ഒരു ആഹ്വാനമായും ഈ യാത്ര മാറുന്നു. ഭീകരതയ്ക്കും ഭയത്തിനും അക്രമത്തിനുംമേൽ സ്നേഹത്തിനും ഐക്യത്തിനും വിജയം നേടാൻ കഴിയുമെന്ന് ഈ ബുള്ളറ്റ് യാത്രികർ തെളിയിച്ചിരിക്കുന്നു.
