ശരിയായ വെബ്സൈറ്റ്/ആപ്പ് തിരഞ്ഞെടുക്കുക, ഹോട്ടലുകളെ താരതമ്യം ചെയ്യുക, സൗകര്യങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.

ജോലി സംബന്ധമായ തിരക്കുകളിൽ നിന്ന് മാറി നിൽക്കാനോ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനോ സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാനോ യാത്രകൾ പോകുന്നവര്‍ നിരവധിയാണ്. സോളോ ട്രാവലര്‍മാരുടെ എണ്ണവും കുറവല്ല. മാസങ്ങൾക്ക് മുമ്പ് യാത്ര പ്ലാൻ ചെയ്ത് അതിന് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നവരും വളരെ പെട്ടെന്ന് ബാഗ് പാക്ക് ചെയ്യുന്നവരുമെല്ലാം നമുക്ക് ചുറ്റിനുമുണ്ട്. എന്നാൽ, എല്ലാം കൃത്യമായി ചെയ്യാൻ സാധിച്ചിട്ടും താമസത്തിനുള്ള ഹോട്ടൽ ബുക്കിംഗിന്റെ കാര്യത്തിൽ പിഴവ് സംഭവിച്ചാലോ? ആ ട്രിപ്പിനെ ആകമാനം അത് ബാധിക്കും. അതിനാൽ ഹോട്ടൽ ബുക്കിംഗിന്റെ സമയത്ത് ശ്രദ്ധിക്കേണ്ട 6 പ്രധാന കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

1. ബുക്കിംഗിന് ശരിയായ വെബ്സൈറ്റ്/ആപ്പ് തിരഞ്ഞെടുക്കുക

ഹോട്ടൽ ബുക്കിംഗ് സൈറ്റുകൾ നിരവധിയുണ്ട്. എന്നാൽ, എല്ലാം വിശ്വാസയോഗ്യമാകണമെന്നില്ല. പ്രശസ്തമായ, വേരിഫൈ ചെയ്ത, കൃത്യമായ ഗസ്റ്റ് റിവ്യൂകളുള്ള വെബ്സൈറ്റുകൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ആകര്‍ഷകമായ ഓഫറുകൾ നൽകുന്ന വെബ്സൈറ്റുകളെയോ ആപ്പുകളെയോ കണ്ണുമടച്ച് വിശ്വസിക്കാതിരിക്കുക.

2. ‘ഓൾഡ് സ്കൂൾ’ ഫോൺ കോൾ

കാലമെത്ര കഴിഞ്ഞാലും ചില കാര്യങ്ങളിൽ പഴയ രീതികൾ പിന്തുടരേണ്ടതായി വന്നേക്കാം. പലപ്പോഴും വെബ്സൈറ്റിലോ ആപ്പിലോ കാണുന്ന ഹോട്ടൽ റൂമായിരിക്കില്ല നേരിട്ട് എത്തുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത്. അതിനാൽ, ഹോട്ടലിലേയ്ക്ക് നേരിട്ട് വിളിച്ച് നിരക്കിനെ കുറിച്ചും റൂമിലെ സൗകര്യങ്ങളെ കുറിച്ചും ബുക്കിംഗിന്റെ മറ്റ് വിശാദാംശങ്ങളെ കുറിച്ചുമെല്ലാം അന്വേഷിക്കുക. ഏതാനും മിനിട്ടുകളുടെ മാത്രം ചെലവുള്ള ‘ഓൾഡ് സ്കൂൾ’ ഫോൺ കോളിലൂടെ ചിലപ്പോൾ നിങ്ങൾക്ക് വലിയ നിരാശയിൽ നിന്ന് രക്ഷനേടാനായേക്കാം.

3. ഹോട്ടൽ ലൊക്കേഷൻ

ഒരു ഹോട്ടൽ റൂം ബുക്ക് ചെയ്യുമ്പോൾ ആ ഹോട്ടലിന്റെ ലൊക്കേഷൻ വളരെ പ്രധാനമാണ്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അടുത്തുള്ള, ഹോട്ടലുകൾ, ആശുപത്രി, പെട്രോൾ പമ്പ് മുതലായ സൗകര്യങ്ങളുള്ള ലൊക്കേഷൻ എപ്പോഴും തിരഞ്ഞെടുക്കാൻ ശ്രമിക്കുക. അതുപോലെ തന്നെ ബസ് സ്റ്റോപ്പ്, ടാക്സി സ്റ്റാൻഡ്, മെട്രോ, റെയിൽവേ സ്റ്റേഷനുകളും പ്രധാനമാണ്. ടൗണുകൾക്ക് സമീപമുള്ള ഹോട്ടലുകൾ പരിഗണിക്കുന്നതാണ് എപ്പോഴും നല്ലത്.

4. ഹോട്ടലുകളെ തമ്മിൽ താരതമ്യം ചെയ്യുക

ആകര്‍ഷകമായ ഒരു ഓഫറോ ഹോട്ടൽ റൂമിന്‍റെ ഭംഗിയോ കണ്ടാൽ ഉടൻ തന്നെ എടുത്തുചാടി ബുക്ക് ചെയ്യാതിരിക്കുക. ഇതേ നിരക്കിലുള്ള മറ്റ് ഹോട്ടലുകളുമായി താരതമ്യം ചെയ്യുകയാണ് ആദ്യം വേണ്ടത്. ഹോട്ടലിന്റെ ലൊക്കേഷൻ, സൗകര്യങ്ങൾ, റൂമിന്റെ വലിപ്പം, യൂസര്‍ റിവ്യൂകൾ എന്നിവ വിശദമായി മനസിലാക്കിയ ശേഷം വേണം അന്തിമ തീരുമാനമെടുക്കാൻ. ഇതിനായി കുറഞ്ഞത് രണ്ടോ മൂന്നോ ഹോട്ടലുകളെ തമ്മിൽ താരതമ്യം ചെയ്യാൻ ശ്രമിക്കുക.

5. ഹോട്ടലിലെ സൗകര്യങ്ങൾ ഉറപ്പുവരുത്തുക

സ്വിമ്മിംഗ് പൂൾ കണ്ട് ഹോട്ടൽ ബുക്ക് ചെയ്ത ശേഷം നിങ്ങൾക്ക് അത് ഉപയോഗിക്കാൻ അനുവാദമില്ലെങ്കിൽ? ബ്രേക്ക് ഫാസ്റ്റിന് അധികമായി പണം നൽകേണ്ടി വന്നാലോ? വൈഫൈ ഉണ്ടെങ്കിലും ആക്സസ് ലഭിച്ചില്ലെങ്കിൽ എങ്ങനെയുണ്ടാകും? ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി ചെക്ക് ഇൻ സമയത്ത് തന്നെ ഇതുപോലെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നത് നിങ്ങളുടെ സമയവും പണവുമെല്ലാം ലാഭിക്കാൻ സഹായിച്ചേക്കും.

6. ഹോട്ടൽ പോളിസി

നേരത്തെ ചെക്ക് ഇൻ ചെയ്താലോ താമസിച്ച് ചെക്ക് ഔട്ട് ചെയ്താലോ പണം ഈടാക്കുന്ന ഹോട്ടലുകൾ നിരവധിയുണ്ട്. അതിനാൽ ഹോട്ടൽ പോളിസി ആദ്യം തന്നെ വായിച്ചോ നേരിട്ട് ചോദിച്ചോ മനസിലാക്കിയിരിക്കണം. എല്ലായ്പ്പോഴും ഹോട്ടൽ പോളിസി, അല്ലെങ്കിൽ ടേംസ് ആൻഡ് കണ്ടീഷൻസ് മനസിലാക്കിയിരിക്കുക എന്നത് വളരെ പ്രധാനമാണ്.