ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലാകുന്നത് യാത്രക്കാർക്ക് വലിയ ആശങ്കയാണ്. എന്നാൽ, ഇക്കഴിഞ്ഞ ജൂണിൽ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണത്തിൽ റെയിൽവേ പരിധികൊണ്ടുവന്നിരുന്നു. റെയിൽവേയുടെ കൺഫർമേഷൻ ഫോർമുല അറിയാം..
ദില്ലി: എല്ലാ ട്രെയിൻ യാത്രക്കാരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയിറ്റിംഗ് ലിസ്റ്റ് ആയിപ്പോകുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ട്രെയിൻ ടിക്കറ്റെടുക്കുമ്പോൾ, ഇങ്ങനെ സംഭവിച്ചാൽ ടിക്കറ്റ് കൺഫേം ആകുമോ ഇല്ലയോ എന്ന കൺഫ്യൂഷനിൽ ആയിപ്പോകാറുണ്ട് നാമെല്ലാം. എന്നാൽ, ഇക്കഴിഞ്ഞ ജൂണിൽ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണത്തിൽ റെയിൽവേ പരിധി കൊണ്ടുവന്നിരുന്നു. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം 25 ശതമാനമായാണ് കുറച്ചിരുന്നത്. എന്നാൽ, തേർഡ് പാർട്ടി ആപ്പുകളിലൊക്കെ ഇപ്പോഴും ഇതിൽക്കൂടുതൽ വെയ്റ്റിംഗ് ലിസ്റ്റ് കാണിക്കുന്നുണ്ട്. കൺഫേം ആയില്ലെങ്കിൽ കൂടുതൽ പണം തിരിച്ച് ഉപഭോക്താവിന് ലഭിക്കുന്നതു പോലെയാണ് ഇതിന്റെ സജ്ജീകരണം.
അപ്പോൾ ടിക്കറ്റ് കൺഫേം ആകുമോ എന്ന കൺഫ്യൂഷൻ ഒരു പരിധി വരെ ഒഴിവാക്കാൻ ഇത് പ്രകാരം റെയിൽവെ തന്നെ പറയുന്ന ഒരു ഫോർമുലയുണ്ട്. റെയിൽവേയുടെ കൺഫർമേഷൻ ഫോർമുല പറയുന്നത് ഇങ്ങനെയാണ്...ശരാശരിക്കണക്കിൽ, സാധാരണ ദിവസങ്ങളിൽ 21 ശതമാനം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുകയും പിന്നീട് ക്യാൻസൽ ആക്കുകയും ചെയ്യാറുണ്ട്. ഏകദേശം 4–5 ശതമാനം ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്താലും യാത്ര ചെയ്യാൻ ട്രെയിനിൽ കയറുന്നില്ല. ഇത് കൂടാതെ റെയിൽവേയുടെ എമർജൻസി ക്വാട്ട എല്ലായ്പ്പോഴും ആളുകൾ ഉപയോഗപ്പെടുത്താറുമില്ല. ഇതും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആക്കാനുള്ള ചാൻസ് കൂട്ടുന്നു. അപ്പോൾ, മൊത്തം സീറ്റുകളിൽ ശരാശരി 25 ശതമാനം ഒഴിവാകാനും വെയിറ്റിംഗ് ലിസ്റ്റുകളുടെ ക്വാട്ടയിലേക്ക് മാറാനും സാധ്യതയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
ഒരു കോച്ചിൽ എത്ര വെയിറ്റിംഗ് ലിസ്റ്റുകൾ കൺഫേം ആകാനാണ് സാധ്യത?
ഉദാഹരണത്തിന്, ഒരു സ്ലീപ്പർ കോച്ചിൽ ആകെ 72 സീറ്റുകളാണുള്ളത്. റെയിൽവേ നൽകിയ ഫോർമുല അനുസരിച്ച് ക്യാൻസലേഷൻ, ഉപയോഗിക്കാത്ത എമർജൻസി ക്വാട്ട സീറ്റും ചേർത്ത് ഏകദേശം 25 ശതമാനം സീറ്റുകൾ, അതായത് ഏകദേശം 18 സീറ്റുകൾ വരെ ഒഴിഞ്ഞുകിടക്കാനുള്ള സാധ്യതയുണ്ടെന്നാണ്. എന്നാൽ എല്ലായ്പ്പോഴും, ഇത് ശരിയായിക്കോളണമെന്നില്ല. സാധ്യതകളാണിത്. ഉത്സവകാലത്ത് ഇതിൽ വലിയ മാറ്റം വന്നേക്കാം.


