അയോധ്യ മുതൽ രാമേശ്വരം വരെയുള്ള സ്ഥലങ്ങൾ രാമായണത്തിന്റെ കേന്ദ്രബിന്ദുക്കളാണ്.
ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം. രാമന്റെ അയനം അഥവാ യാത്ര എന്നാണ് രാമായണത്തിന്റെ അർത്ഥം. വാൽമീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. രാമായണ കഥകളിൽ നിരവധി സ്ഥലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അവയിൽ ഇന്ത്യയിലുള്ള ചിലയിടങ്ങളിലേയ്ക്ക് ഇന്ന് യാത്രകൾ നടത്താൻ സാധിക്കും. അത്തരത്തിൽ രാമായണത്തിൽ പറയുന്ന 8 സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
1. അയോധ്യ

ശ്രീരാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് അയോധ്യ. സരയു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പുരാതന നഗരം രാമായണത്തിന്റെ കേന്ദ്രബിന്ദുവാണ്. 2024 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട രാമക്ഷേത്രം അയോധ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ആത്മീയതയിൽ താത്പ്പര്യമുള്ളവര്‍ക്ക് ഇവിടെയുള്ള കനക് ഭവൻ ക്ഷേത്രം, ഹനുമാൻ ഗർഹി ക്ഷേത്രം, സരയു നദീതടങ്ങൾ എന്നിവ സന്ദർശിക്കാം.
2. സീതാമർഹി, ബീഹാർ

ബീഹാറിലെ സീതാമർഹി എന്ന സ്ഥലം ജനക രാജാവിന്റെ മകളായ സീതയുടെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇതേക്കുറിച്ച് ചില തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. രാമായണത്തിലെ സീതയുടെ ജീവിതത്തെ വളരെയേറെ ആദരവോട് കൂടിയാണ് ഇവിടെയുള്ളവർ ആഘോഷിക്കുന്നത്. സീതാമർഹിയിലെത്തിയാൽ സീതയുടെ ജനനവുമായി ബന്ധപ്പെട്ട ജാൻകി മന്ദിർ സന്ദർശിക്കാം. കൂടാതെ പുനൗര ധാം സന്ദർശിക്കുന്നത് മികച്ച അനുഭവം സമ്മാനിക്കും.
3. പ്രയാഗ്‌രാജ്

ഗംഗാ നദി മുറിച്ചുകടന്ന് രാമനും സീതയും ലക്ഷ്മണനും ഇന്നത്തെ പ്രയാഗ്‌രാജിൽ സ്ഥിതി ചെയ്യുന്ന ഗംഗ, യമുന, സരസ്വതി നദീകളുടെ സംഗമസ്ഥാനത്തേക്ക് കാൽനടയായി പോയെന്നാണ് ഐതിഹ്യം. ഈ സമയത്താണ് അവർ ഭരദ്വാജനെ കണ്ടുമുട്ടിയതെന്നും അദ്ദേഹമാണ് അവരോട് ചിത്രകൂടത്തിലേക്ക് പോകാൻ പറഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു. ത്രിവേണി സംഗമം, അലഹബാദ് കോട്ട, ഹനുമാൻ ക്ഷേത്രം എന്നിവ നിങ്ങൾക്ക് പ്രയാഗ്‌രാജിൽ സന്ദർശിക്കാം.
4. ചിത്രകൂടം

രാമന്റെ വനവാസ കാലവുമായി ബന്ധപ്പെട്ട ഒരു സ്ഥലമാണ് ചിത്രകൂടം എന്ന് വിശ്വസിക്കപ്പെടുന്നു. രാമനും സീതയും ലക്ഷ്മണനും 11 വർഷത്തെ വനവാസം ഇവിടെയാണ് ചെലവഴിച്ചതെന്ന് പറയപ്പെടുന്നു. മന്ദാകിനി നദിയുടെ തീരത്തുള്ള ചിത്രകൂടത്തിലെ രാം ഘട്ടിലാണ് ശ്രീരാമനും സീതയും ലക്ഷ്മണനും തുളസീദാസിനെ കണ്ടുമുട്ടിയതായി പറയപ്പെടുന്നത്. ഇവിടെ നിങ്ങൾക്ക് കാമദ്ഗിരി കുന്ന്, ഭാരത് മിലാപ് ക്ഷേത്രം, ഗുപ്ത ഗോദാവരി ഗുഹകൾ എന്നിവ സന്ദർശിക്കാം.
5. പഞ്ചവടി, നാസിക്

നാസിക്കിനടുത്തുള്ള പഞ്ചവടിയിലാണ് രാമനും സീതയും ലക്ഷ്മണനും വനവാസകാലത്ത് ഒരു കുടിൽ പണിതതെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷ്മണനും ശൂര്‍പ്പണയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും തുടർന്ന് രാവണൻ സീതയെ തട്ടിക്കൊണ്ടുപോയതും ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. സീതാ കേവ്, കപാലേശ്വര ക്ഷേത്രം, കാലറാം ക്ഷേത്രം എന്നിവ ഇവിടെ സന്ദർശിക്കാം.
6. കിഷ്കിന്ധ / ഹംപി

ഇന്നത്തെ ഹംപിയാണ് വാനര സഹോദരന്മാരായ സുഗ്രീവന്റെയും ബാലിയുടെയും രാജ്യമായ കിഷ്കിന്ധയാണെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീരാമൻ ഇവിടെ വെച്ചാണ് ഹനുമാനെ കണ്ടുമുട്ടുകയും സീതയെ കണ്ടെത്താൻ സഹായിച്ച വാനര സഖ്യം രൂപീകരിക്കുകയും ചെയ്തതെന്നാണ് വിശ്വാസം. ഇവിടെ നിങ്ങൾക്ക് ആഞ്ജനേയ ഹിൽസ് (ഹനുമാന്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു) സന്ദർശിക്കാനും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം പിടിച്ച ഹംപി പര്യവേക്ഷണം ചെയ്യാനും കഴിയും.
7. ലേപാക്ഷി

സീതയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രാവണനെ ജടായു എന്ന പക്ഷി തടയാൻ ശ്രമിച്ച സ്ഥലം ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. മാരകമായി പരിക്കേറ്റ ജടായു ജീവൻ നഷ്ടപ്പെടും മുമ്പ് രാവണൻ സഞ്ചരിച്ച ദിശ രാമനെ അറിയിച്ചെന്നാണ് ഐതിഹ്യം. ഇവിടെ എത്തിയാൽ നിങ്ങൾക്ക് സ്തംഭങ്ങൾക്കും ചുവർച്ചിത്രങ്ങൾക്കും പേരുകേട്ട വീരഭദ്ര ക്ഷേത്രം സന്ദര്‍ശിക്കാം. ജഡായുവിനായി സമർപ്പിച്ചിരിക്കുന്ന ജടായു പാർക്കും നിങ്ങൾക്ക് സന്ദര്‍ശിക്കാൻ കഴിയും.
8. രാമേശ്വരം

ലങ്കയിലെത്തി സീതയെ രക്ഷിക്കാൻ വേണ്ടി വാനരസേനയുടെ സഹായത്തോടെ രാമൻ രാമസേതു നിർമ്മിച്ച സ്ഥലമാണ് രാമേശ്വരമെന്നാണ് ഐതിഹ്യം. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ രാമേശ്വരത്തിനും ശ്രീലങ്കയിലെ മാന്നാർ ദ്വീപിനും ഇടയിൽ കണ്ടെത്തിയ ചുണ്ണാമ്പുകല്ലിന്റെ പാലം ആദാമിന്റെ പാലം എന്നാണ് അറിയപ്പെട്ടിരുന്നത്. രാവണനുമായുള്ള അവസാന യുദ്ധത്തിന് മുമ്പ് രാമൻ ശിവനെ ആരാധിച്ചിരുന്നത് രാമേശ്വരത്താണെന്നും വിശ്വസിക്കപ്പെടുന്നു. ഇന്ന് രാമേശ്വരം ക്ഷേത്രം ഹിന്ദുക്കളുടെ പുണ്യ തീർത്ഥാടന കേന്ദ്രമാണ്. ഇവിടെ എത്തിയാൽ നിങ്ങൾക്ക് ധനുഷ്കോടി, രാമ തീർത്ഥം എന്നിവയും സന്ദർശിക്കാം.


