കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന തെന്മലയിൽ എത്തുന്ന സഞ്ചാരികൾക്ക് കാണാൻ കാഴ്ചകളേറെയുണ്ട്.

കേരളത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധിയുണ്ട്. എന്നാൽ, ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ-ടൂറിസം കേന്ദ്രം കേരളത്തിലാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ദക്ഷിണേന്ത്യയിലെ മറ്റ് ഹിൽ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി കാടുകളും നദികളും വന്യജീവികളും നിറഞ്ഞ ശാന്തമായ തെന്മലയാണ് ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ-ടൂറിസം കേന്ദ്രം. കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന തെന്മലയിൽ കാഴ്ചകളേറെയുണ്ട്.

യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രമായ തെന്മല പ്രകൃതിസൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരുപോലെ അവസരം നൽകുന്ന ഒരു സർക്കാര്‍ നിയന്ത്രണ മേഖല കൂടിയാണ്. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, ദക്ഷിണേന്ത്യയിലെ ഇതുവരെ അറിയപ്പെടാത്ത സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തെന്മല നിങ്ങൾക്ക് പറ്റിയ സ്ഥലമാണ്. ട്രെക്കിംഗിനോ പ്രകൃതിയിൽ മുഴുകാനോ അഡ്വഞ്ചര്‍ ആക്ടിവിറ്റികൾക്കോ താത്പ്പര്യമുണ്ടെങ്കിൽ തെന്മലയിലേയ്ക്ക് പോകാം. ഹൈക്കിംഗ്, രാത്രി ക്യാമ്പിംഗ് എന്നിവയ്ക്കും തെന്മലയിൽ അവസരമുണ്ട്.

ഏത് പ്രായക്കാരെയും ആവേശം കൊള്ളിക്കുന്ന കാഴ്ചകളാണ് തെന്മലയിലുള്ളത്. പരിസ്ഥിതി ടൂറിസത്തിൽ പരിശീലനം നേടിയ ആദിവാസി സമൂഹങ്ങളുടെ ഭാഗമായവരാണ് ഇവിടുത്തെ പ്രാദേശിക ഗൈഡുകൾ. ഉത്തരവാദിത്ത ടൂറിസം, തെൻമല ഇക്കോ ടൂറിസം എന്നിവ പരിസ്ഥിതി സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പ്രാധാന്യം നൽകുന്നു. പരിസ്ഥിതി വിനോദ സഞ്ചാരം ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുമാണ് ഊന്നല്‍ നല്‍കുന്നത്. മികച്ച സ്ഥലങ്ങൾ ഓവ‍ര്‍ ടൂറിസത്തിന്റെ ഭീഷണി നേരിടുന്ന സമയത്തും തെന്മല തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കേരളത്തിന്റെ സ്വത്തായി നിലകൊള്ളുന്നു.